18 December Thursday
ഉപജാഥകളും പര്യടനം നടത്തും

ജനകീയ വിജയസന്ദേശ യാത്ര 19 മുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

 ചെറുതോണി

ആറ്‌  പതിറ്റാണ്ടായി ജനതയുടെ സ്വപ്നമായിരുന്ന  ഭൂ നിയമ ഭേദഗതി സഫലീകരിക്കപ്പെട്ട സന്ദേശം പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിനായി സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലുടനീളം കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കും. ഒക്ടോബർ 19 മുതൽ 28 വരെയാണ് ജില്ലാ സെക്രട്ടറി സി വി വർഗീസ് നയിക്കുന്ന ‘പുതിയ ഇടുക്കി - പുതുമുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തിയുള്ള ‘ജനകീയ വിജയ സന്ദേശ യാത്ര’. ജില്ലയിലെ ജനങ്ങളുടെ ജീവിതത്തിനും വികസനത്തിനും തടസ്സമായി ആറു പതിറ്റാണ്ട് മുമ്പ് കോൺഗ്രസ്‌ സർക്കാരുകൾ കൊണ്ടുവന്ന ഭൂ നിയമം ഭേദഗതി ചെയ്ത പിണറായി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൂടിയാണ്‌ ജാഥാ പ്രയാണം. 
ലോകത്തിന് മാതൃകയായ വൈവിധ്യമാർന്ന വികസന പരിപ്രേഷ്യം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക, ഭൂ പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന യുഡിഎഫിനെയും നിക്ഷിപ്ത താൽപ്പര്യക്കാരായ അരാഷ്ട്രീയ സംഘടനകളെയും തിരിച്ചറിയുക, കൃഷിക്കാരന് കണ്ണീരും ദുരിതവും നൽകിയ ആസിയാൻ കരാർ ഉൾപ്പടെയുള്ള കർഷക നയങ്ങൾ ആവിഷ്ക്കരിച്ച കോൺഗ്രസിനെയും കർഷക വിരുദ്ധനയം നടപ്പാക്കുന്ന ബിജെപി സർക്കാരിനെയും ഒറ്റപ്പെടുത്തുക, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോൽപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ.  ബഹുജനങ്ങൾ ഒന്നാകെ അണിനിരക്കുന്ന 10 ദിവസത്തെ ജാഥയ്ക്കൊപ്പം ഗ്രാമകേന്ദ്രങ്ങളിൽനിന്നും ഉപജാഥകളും പ്രധാന ജാഥയിലേക്ക് എത്തിച്ചേരും.  
1960 ലെ ഭൂ നിയമം ഭേദഗതി ചെയ്തതിലൂടെ സമാനതകളില്ലാത്ത വികസന മുന്നറ്റമാണ് വന്നുചേരുന്നത്. പട്ടയം ലഭിച്ച ഭൂമിയിൽ കൃഷിയോടൊപ്പം ഫാമുകൾ, ഹോം സ്റ്റേകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം നിർമിക്കാൻ അനുമതി ലഭിക്കുന്നതോടെ കാർഷിക വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകും. 1964 ലെയും 1993 ലെയും ഭൂ വിനിയോഗ ചട്ടങ്ങൾകൂടി പുനഃക്രമീകരിക്കപ്പെടുമ്പോൾ സമഗ്രമായ ഭൂ സ്വാതന്ത്ര്യമാണ് ജില്ലയ്ക്ക് വന്നുചേരുന്നത്. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യംവച്ചാണ്‌ ജാഥ.
ഇടുക്കി മെഡിക്കൽ കോളജ്, ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ്, നെടുങ്കണ്ടം, അടിമാലി, പീരുമേട്, തൊടുപുഴ ജില്ലാ ആശുപത്രികൾ, നഴ്സിങ് കോളേജ് ഉൾപ്പടെ ആരോഗ്യരംഗത്ത് മുന്നേറ്റം, പൊതുവിദ്യാഭ്യാസം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ  വികസന ജനക്ഷേമ പദ്ധതികളും ജനങ്ങളുമായി സംവദിക്കും. 
പോളിറ്റ്ബ്യുറോ അംഗം എ വിജയരാഘവൻ അടിമാലിയിൽ ജനകീയ വിജയ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ഷൈലജ, മന്ത്രി വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, പി കെ ബിജു, ആനാവൂർ നാഗപ്പൻ, എം എം മണി എംഎൽഎ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top