26 April Friday

കാട് മൂടുന്ന ചരിത്രശേഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
രാജപുരം
ചരിത്രമുറങ്ങുന്ന ബ്രിട്ടീഷ് ബംഗ്ലാവിന് നൂറ്‌ വയസ്സ് തികയുന്നു. എന്നിട്ടും ചരിത്രശേഷിപ്പിന്റെ ഓർമകൾ വിളിച്ചോതുന്ന ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആവശ്യം കടലാസിൽ മാത്രം.  1926-ലാണ് ബ്രീട്ടിഷ് സർക്കാർ ബംഗ്ലാവ്  പണി കഴിപ്പിച്ചത്. 
ജന്മികളിൽനിന്നും ചുങ്കം  പിരിക്കാനെത്തിയ വെള്ളക്കാർക്ക് ദിവസങ്ങളോളം താമസിക്കാനുള്ള സൗകര്യത്തിനും ഇതുവഴി കർണാടകത്തിലേക്കും മറ്റുംപോകുന്ന വെള്ളക്കാർക്ക് വിശ്രമിക്കാനുമാണ്  ഇങ്ങനെ ഒരു ബംഗ്ലാവ് പണി കഴിപ്പിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. 
അന്ന് യാത്ര ചെയ്യാനുപയോഗിച്ച കുതിരകളെ പാർപ്പിക്കാനുള്ള കുതിരച്ചാവടി (കുതിരാലായം)യും ഇന്ന് ചരിത്രസ്മാരകമായി നിലനിൽക്കുന്നു. കാലപ്പഴക്കത്താൽ തകർന്ന് വീഴാറായ ബംഗ്ലാവും കുതിരാലയവും ചരിത്രസ്മാരകമാക്കണമെന്ന ആവശ്യത്തോട് ഒരു വർഷംമുമ്പ് ജില്ലാ ഭരണസംവിധാനം പച്ചക്കൊടി കാട്ടിയെങ്കിലും  ആവശ്യം ഫയലിൽ ഉറങ്ങുന്നു.  
ബംഗ്ലാവിന്റെ ചരിത്രശേഷിപ്പുകൾ വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഇവിടെ ഉള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇരിയ ടൗണിൽനിന്നും ഒരു കിലോമീറ്റർ അകലെ പുല്ലൂർ–-പെരിയ പഞ്ചായത്തിൽ കാഞ്ഞങ്ങാട്-–-പാണത്തൂർ സംസ്ഥാന പാതയ്ക്കരികിലായി 91 സെന്റ് സ്ഥലത്താണ്‌  ബ്രിട്ടീഷുകാരുടെ ഓർമപുതുക്കുന്ന ചരിത്രസ്മാരകം കാലപ്പഴക്കത്തിന്റെ നേർസാക്ഷിയായി അവശേഷിക്കുന്നത്. ചെത്ത് കല്ല് ഉപയോഗിച്ച് ഒറ്റമുറിയിൽ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോട് ചേർന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നിർമിച്ചിട്ടുണ്ട്. 
ഇതിന് തൊട്ടടുത്തായി രണ്ട് മുറികളുള്ള കുതിരാലയവും നിർമിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് കുതിരകൾക്ക് താമസിക്കാനും മറ്റൊന്ന്‌  ഭക്ഷണമുണ്ടാക്കി കഴിക്കുന്നതിനുമാണ് നിർമിച്ചതെന്ന്  പറയുന്നു. 
ഇതോടൊപ്പം ചുമട്താങ്ങിയും നിർമിച്ചിട്ടുണ്ട്. തൊട്ടടുത്ത ചായക്കടയിൽനിന്നും ചായ കുടിക്കാനെത്തുന്നവർക്കും ഇരിയ ഇല്ലത്തുനിന്നും സൗജന്യമായി നൽകി വന്ന മോരുവെള്ളം കുടിക്കുന്നതിനായി തലയിലുള്ള  ചുമട് താങ്ങിവയ്‌ക്കുന്നതിനായി കൃഷ്ണൻശില്പി സ്ഥാപിച്ചതാണ് ഇപ്പോഴും ചരിത്രമായി നിൽക്കുന്ന  ചുമട്താങ്ങിയെന്ന്‌ പഴമക്കാർ പറയുന്നത്. 
കാലപ്പഴക്കം മൂലം ബംഗ്ലാവിന്റെയും കുതിരാലയത്തിന്റെയും മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ഇപ്പോൾ റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്ഥലവും ബംഗ്ലാവും ആവശ്യമായ പരിചരണവും മറ്റും ഇല്ലാതെ കാട് പിടിച്ച് നശിച്ചനിലയിലാണ്. അടുത്തകാലത്തുവരെ വില്ലേജ് അധികൃതർ ഈ സ്ഥലത്തുണ്ടായിരുന്ന കശുമാവുകൾ പാട്ടത്തിന് നൽകിയിരുന്നു. 
മുൻ ജില്ലാ കലക്ടർ ഡോ. സജിത്ത് ബാബുവിന്റെ നിർദേശത്തെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവർത്തനം നടത്തിയത്‌. 
 ബ്രീട്ടീഷുകാർ നാട് കടന്നതോടെ ബംഗ്ലാവിൽ  പഠനം നടത്തിയ ഓർമകൾ നാട്ടുകാർക്കുണ്ടെങ്കിലും പ്രായത്തിന്റ അവശതയിൽ കൃത്യമായി ഓർത്തെടുക്കാൻ പലർക്കും കഴിയുന്നില്ല. 
പതിറ്റാണ്ടുകൾക്ക്‌ മുമ്പ് ബ്രീട്ടിഷ് ബംഗ്ലാവ് പ്രദേശത്തുകാർക്ക് പാഠശാലയായപ്പോൾ അതിൽ ആദ്യക്ഷരം കുറിക്കാൻ ബംഗ്ലാവിന് സമീപത്ത് തമാസക്കാരനായ പരേതനായ ഇരിയയിലെ വി അബൂഞ്ഞി യുണ്ടായതായി അദ്ദേഹത്തിന്റെ മകൻ നാരായണൻ പറയുന്നു. 
 ബംഗ്ലാവിന്റെ നടത്തിപ്പുകാരനായി മാറിയ അമ്പൂഞ്ഞി പലർക്കും  ബംഗ്ലാവിൽ താമസിക്കാനുള്ള സൗകര്യം ചെയ്‌തിട്ടുണ്ട്‌.  അമ്പൂഞ്ഞിയുടെ അച്ഛൻ പരേതനായ കർത്തമ്പു മുൻകൈയെടുത്ത്  ഡോക്ടറായ  കെ ദിലായ  കൊണ്ടുവന്ന് ഇവിടെ താമസിപ്പിച്ച് നാട്ടുകാർക്ക് ചികിത്സാ സൗകര്യം ഒരുക്കി നൽകിയതായി അമ്പൂഞ്ഞിയുടെ  മകന് കേട്ടറിവുണ്ട്. 
70 വർഷങ്ങൾക്ക് മുമ്പ് ആദ്യകാല എംഎൽഎ കല്ലളൻ വൈദ്യൻ  സർക്കാറിൽ സമ്മർദംചെലൂത്തി സ്ഥാപിച്ച  ഇരിയ സ്‌കൂൾ  ആദ്യം  തുടങ്ങിയത്‌  ബംഗ്ലാവിലാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി  തരിയുണ്ടാക്കിയത് തൊട്ടടുത്തെ കുതിരാലയത്തിലായിരുന്നു. പിന്നീടാണ്‌  ഇരിയയിൽ സ്‌കൂൾ തുടങ്ങിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top