19 April Friday

ചെറുതല്ല ചിന്നക്കട

സ്വന്തം ലേഖകൻUpdated: Thursday Jun 30, 2022
കൊല്ലം
തിരുവനന്തപുരം ഭാഗത്തുനിന്ന്‌ വരുന്ന ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർഫാസ്റ്റ്‌ ബസുകൾ ചിന്നക്കട ബസ്‌ബേയിൽ നിർത്തും. കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി, സ്വകാര്യബസുകൾ ചിന്നക്കട –-ആശ്രാമം റോഡിലും നിർത്തുന്നു. എന്നാൽ, വടക്കൻ ജില്ലകളിൽനിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്കുവരുന്ന ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർഫാസ്റ്റ്‌ ബസുകൾക്കു മാത്രം ദേശീയപാതയിലെ ചിന്നക്കടയിൽ സ്റ്റോപ്പില്ല. യാത്രക്കാരെ വലിയ രീതിയിലാണ്‌ ഇതു വലയ്‌ക്കുന്നത്‌. ജില്ലാ ആസ്ഥാനത്ത്‌ എത്തിപ്പെടേണ്ട യാത്രക്കാർക്ക്‌ കലക്ടറേറ്റിലോ കൊല്ലം ഡിപ്പോയിലോ ഇറങ്ങി ഓട്ടോയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്‌. ഇതു യാത്രക്കാരുടെ പൊക്കറ്റും കാലിയാക്കുന്നു. 
കൊല്ലം ഡിപ്പോ കഴിഞ്ഞാൽ ദേശീയപാതയിൽ പിന്നെ സ്റ്റോപ്പുള്ളത്‌ റെയിൽവേ സ്റ്റേഷനിലാണ്‌. ഇവിടെ ഇറങ്ങാനാണെങ്കിൽ പള്ളിമുക്ക്‌ ഫെയർസ്റ്റേജും നൽകണം. 
ചിന്നക്കടയിൽ ബസ്‌ നിർത്താൻ സ്ഥലം ഇല്ലെന്നാണ്‌ സ്റ്റോപ്പ്‌ അനുവദിക്കാത്തതിനു കാരണമായി കെഎസ്‌ആർടിസി അധികൃതർ പറയുന്നത്‌. ഈ പ്രശ്‌നം പരിഹരിക്കാൻ ആശ്രാമം ലിങ്ക്‌ റോഡിനെ ആശ്രയിച്ചാൽ മതിയാകും. കെഎസ്‌ആർടിസി ഡിപ്പോയിൽനിന്ന് ആശ്രാമം ലിങ്ക്‌ റോഡിലൂടെ ചിന്നക്കടയിൽ എത്തി ദേശീയപാത 66ൽ കടക്കാവുന്നതേയുള്ളൂ. ആശ്രാമം–-ചിന്നക്കട റോഡിൽ ബസ്‌ സ്റ്റോപ്പിനുള്ള സ്ഥലമുണ്ട്‌. കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ കോർപറേഷനും സ്റ്റോപ്പ് അനുവദിക്കാൻ കെഎസ്‌ആർടിസിയും തീരുമാനിച്ചാൽ മതിയാകും. യാത്രക്കാരുടെ ഈ ആവശ്യം ഇപ്പോഴും ശക്‌തമായി തുടരുകയാണ്‌. 
ആ പ്രൊപ്പോസൽ 
എവിടെ
തിരുവനന്തപുരം ബസുകൾ ആശ്രാമം ലിങ്ക്‌ റോഡുവഴി തിരിച്ചുവിട്ട്‌ ചിന്നക്കടയിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്നും ഐഡന്റിറ്റിക്കൽ ഫെയർസ്റ്റേജ്‌ നടപ്പാക്കണമെന്നുമുള്ള കെഎസ്‌ആർടിസി ഡിപ്പോ അധികൃതർ നേരത്തെ തയ്യാറാക്കിയ പ്രൊപ്പോസൽ ജലരേഖയായി. യാത്രക്കാരുടെ ഏറെ പഴക്കമുള്ള ആവശ്യമായിരുന്നു ഇത്‌. തുടർന്നാണ്‌ പ്രൊപ്പോസൽ തയാറാക്കിയത്‌. എന്നാൽ, തുടർ നടപടിയുണ്ടായില്ല. 
 
 
അടിയന്തര നടപടി വേണം
വടക്കൻ ജില്ലയിൽനിന്ന്‌ വരുന്ന കെഎസ്‌ആർടിസി ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്‌ ബസുകൾക്ക്‌ ചിന്നക്കടയിൽ സ്റ്റോപ്പ്‌ അനുവദിക്കുന്നതിന്‌ അടിയന്തര നടപടിവേണം. ഡിപ്പോയിൽനിന്ന്‌ ബസുകൾ ആശ്രാമം ലിങ്ക്‌ റോഡിലേക്ക്‌ തിരിച്ചുവിട്ടാൽ ഈ ഭാഗത്ത്‌ സ്റ്റോപ്പ്‌ അനുവദിക്കാവുന്നതാണ്‌. 
–-എം മുകേഷ്‌ എംഎൽഎ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top