25 April Thursday
യാത്രാഇളവില്ലാതെ മുതിർന്നവർ

റെയിൽവേ കൊള്ളയടിച്ചത്‌ 1500 കോടി

പി പി സതീഷ്‌ കുമാർUpdated: Thursday Jun 30, 2022
 
കോഴിക്കോട്‌
മുതിർന്ന പൗരന്മാർക്കുള്ള യാത്രാഇളവുകൾ റദ്ദാക്കിയതിലൂടെ രണ്ടുവർഷത്തിനിടെ റെയിൽവേ കൊള്ളയടിച്ചത്‌ 1500 കോടി രൂപ. കോവിഡ്‌ സാഹചര്യത്തിൽ യാത്രാ ഇളവുകൾ നിർത്തിയതിലൂടെ 2020 മാർച്ച്‌ 20 മുതൽ 2022 മാർച്ച്‌ 31 വരെ ഇത്രയും തുക അധികവരുമാനമായി സമാഹരിച്ചതായി റെയിൽവേ പുറത്തുവിട്ട വിവരാവകാശ രേഖ പറയുന്നു. കോവിഡ്‌ വ്യാപനഭീതി മാറിയിട്ടും ഇളവുകൾ പുനഃസ്ഥാപിക്കാതെയാണ്‌ ഈ കൊള്ള.
60 വയസ്സിന്‌ മുകളിലുള്ള 4.46 കോടി പുരുഷന്മാരും 58 വയസ്സ്‌ പിന്നിട്ട 2.84 കോടി സ്ത്രീകളും 8310 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 7.31 കോടി മുതിർന്ന പൗരന്മാർക്ക്‌ റെയിൽവേ ഇളവ് നൽകിയിട്ടില്ല. ഇവരുടെ ടിക്കറ്റിനത്തിലുള്ള വരുമാനം 3464 കോടിയാണ്. ഇളവുനൽകാതെ അധികമായി ലഭിച്ച 1500 കോടി ഉൾപ്പെടെയാണിതെന്ന്‌ റെയിൽവേ  പറയുന്നു.  റെയിൽവേ യാത്രാഇളവുകളുടെ  80 ശതമാനവും മുതിർന്ന പൗരന്മാരുടേതാണ്‌. 58 പിന്നിട്ട സ്‌ത്രീകൾക്ക്‌ 50 ശതമാനവും 60 പിന്നിട്ട പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും 40 ശതമാനവുമാണ്‌ ഇളവ്‌. 
നിർത്തിവച്ച ട്രെയിനുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടും ഇളവുകൾ പുനഃസ്ഥാപിക്കുന്നതിൽ നടപടി സ്വീകരിച്ചിട്ടില്ല. മുതിർന്ന യാത്രക്കാർക്കുള്ള യാത്രാസൗജന്യം പഴയപടി തുടരില്ലെന്നാണ്‌ റെയിൽവേ മന്ത്രാലയം നൽകുന്ന സൂചന. സീസൺ ടിക്കറ്റ്‌, വികലാംഗർക്കും വിദ്യാർഥികൾക്കുമുള്ള ഇളവുകൾ എന്നിവ പുനഃസ്ഥാപിച്ചിട്ടുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top