19 April Friday
കോർപറേഷൻ ജനങ്ങൾക്കൊപ്പം

ശുദ്ധജല വിതരണത്തിന്‌ 
21 കോടിയുടെ പദ്ധതികൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തൃശൂർ
നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ 21  കോടിയുടെ പദ്ധതികൾ  പൂർത്തിയാക്കി  തൃശൂർ കോർപറേഷൻ.  ട്രീറ്റ്മെന്റ്‌ പ്ലാന്റിലേക്ക്‌ ഡാമിന്റെ അടിത്തട്ടിൽനിന്നും ജലമെടുക്കുന്നതിനുപകരം മുകൾത്തട്ടിൽനിന്ന്‌ വെള്ളമെടുക്കാൻ  എട്ടു കോടിയുടെ ഫ്ളോട്ടിങ്‌ ഇൻടേക്ക് സ്ട്രക്ചർ  ട്രയൽ റൺ നടന്നുവരികയാണ്.  പ്രവർത്തനക്ഷമത കുറഞ്ഞ 14.5 എംഎൽഡി ട്രീറ്റ്മെന്റ്‌ പ്ലാന്റിനൊപ്പം 10.08 കോടിയുടെ  20 എംഎൽഡിയുടെ പുതിയ ട്രീറ്റ്മെന്റ്‌ പ്ലാന്റും സ്ഥാപിച്ചു. പദ്ധതിക്ക്‌ വൈദ്യുതി ലഭ്യമാക്കാൻ  പട്ടിക്കാടുനിന്നും മൂന്നുകോടി രൂപ ചെലവിൽ സ്ഥാപിച്ച ഡെഡിക്കേറ്റഡ് ഫീഡറും ലൈനും പ്രാവർത്തികമായതായി  മേയർ എം കെ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
 1962ൽ പീച്ചിയിൽനിന്നും ആരംഭിച്ചതാണ്‌  തൃശൂർ പട്ടണത്തിന്റെ  കുടിവെള്ള പദ്ധതി.  മുൻ ഭരണസമിതികൾ കാലാനുസൃത പദ്ധതികൾ നടപ്പാക്കിയിരുന്നില്ല.  ഡാമിന്റെ  അടിത്തട്ടിൽ നിന്നുമാണ് ജലം ട്രീറ്റ്മെന്റ്‌ പ്ലാന്റിലേക്ക്‌ എത്തിയിരുന്നത്.  വെള്ളമെടുക്കുന്ന ഇൻടേക്ക് സ്പോട്ടിന്‌ സമീപം വലതുകര കനാലും  ഇടതുകര കനാലുമാണ്. മൂന്നുവഴിയും ഒരേ സമയം വെള്ളമെടുക്കുമ്പോൾ  വെള്ളത്തിൽ ചെളി കലരും. പീച്ചി ചെറുകിട ജല വൈദ്യുതപദ്ധതികൂടി പ്രവർത്തനക്ഷമമായപ്പോൾ കലക്കവെള്ളം  രൂക്ഷമായി. 
 2015ൽ അധികാരത്തിലെത്തിയ  എൽഡിഎഫ്‌ കൗൺസിൽ  വിഷയം ഗൗരവമായി കണ്ടു. അന്നത്തെ മേയർ അജിത ജയരാജനും കൗൺസിലർമാരും  പ്രശ്‌നം ജല അതോറിറ്റി അധികൃതരുമായി ചർച്ച ചെയ്‌തു.  തുടർന്നാണ്‌   ഫ്ളോട്ടിങ്‌ ഇൻടേക്ക് സ്ട്രക്ചർ  പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്‌.  എം കെ വർഗീസിന്റെ നേതൃത്വത്തിലുള്ള  തുടർഎൽഡിഎഫ്‌ കൗൺസിൽ പദ്ധതികൾ പൂർണതയിലേക്കെത്തിക്കുകയാണ്‌. 
പൂർണമായി ശുദ്ധജലം  ലഭിക്കുന്നതിനായി പമ്പുകളും ടാങ്കുകളും ലൈനുകളും  പൂർണമായി വൃത്തിയാക്കണം. വാട്ടർ അതോറിറ്റിയും കോർപറേഷനും ഈ നടപടികൾ ആരംഭിച്ചു. 15 ദിവസത്തിനുള്ളിൽ വീടുകളിലെ പമ്പുകളിലെയും ടാങ്കുകളിലെയും ചെളി കളയണമെന്ന്  മേയർ അഭ്യർഥിച്ചു. ഒല്ലൂക്കര, വിൽവട്ടം, അയ്യന്തോൾ, കൂർക്കഞ്ചേരി,   മുളങ്കുന്നത്തുകാവ്‌, അവണൂർ, കോലഴി, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്‌, നടത്തറ തുടങ്ങി പ്രദേശങ്ങളിലെ ജനങ്ങൾക്കും ഗുണകരമാവും.  
 വാർത്താസമ്മേളനത്തിൽ പി  കെ ഷാജൻ, വർഗീസ്‌ കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, കരോളിൻ പെരിഞ്ചേരി എന്നിവരും പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top