24 April Wednesday
കോവിഡ്

ഫസ്റ്റ്‌ലൈന്‍ ചികിത്സാകേന്ദ്രങ്ങളില്‍ 1000 കിടക്ക ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കണ്ണൂർ

വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പ്രവാസികൾ എത്തുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സക്കായി കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതായി കലക്ടർ ടി വി സുഭാഷ് അറിയിച്ചു. ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിലവിലുള്ള ആശുപത്രികൾക്കു പുറമെ ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കും. ഏറ്റെടുക്കാവുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി. കണ്ണൂർ നഗരത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയം ഏറ്റെടുത്തു. അവശ്യഘട്ടത്തിൽ 1000 കിടക്ക വരെ ഒരുക്കാൻ കഴിയുംവിധമാണ്  സജ്ജീകരണം.
ഓരോ ഫസ്റ്റ്‌ലൈൻ  കേന്ദ്രത്തെയും സമീപത്തെ കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും. ലക്ഷണമില്ലാത്ത കോവിഡ് രോഗികളെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. രോഗം കൂടുതലാകുന്ന ഘട്ടത്തിൽ ഇവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.  ഇതുവഴി കോവിഡ് ആശുപത്രികളിൽ തിരക്ക് നിയന്ത്രിച്ച് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കും. 
നിലവിൽ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ആശുപത്രി,  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി ആകെ 663 കിടക്കകളാണുള്ളത്‌. 
പ്രവാസികൾക്ക് വീടുകളിൽ ക്വാറന്റൈയിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും വീടുകളിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നൽകേണ്ടതുണ്ട്. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു സ്ഥാപനമെങ്കിലും  സജ്ജമാക്കണം.  ഗ്രാമീണ മേഖലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ ഉപയോഗപ്പെടുത്താൻ മുൻകൈയെടുക്കണം.
മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികളുടെ തദ്ദേശസ്ഥാപന തലത്തിലുള്ള എണ്ണം ഇതിനായി ലഭ്യമാക്കാൻ എൻഐസിക്ക് നിർദേശം നൽകി. വീടുകളിലെ ക്വാറന്റൈനിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളും പൊലീസും കൂടുതൽ ജാഗ്രത കാണിക്കണം. വിദേശത്തുനിന്ന് മടങ്ങി വരുന്നവരുടെ വിവരം മുൻകൂട്ടി ജില്ലാ ഭരണകൂടത്തിന് ലഭിക്കാത്തത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. 
നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top