29 March Friday

റെയിൽവേ പാളം തെറ്റിച്ചത്‌ ഗീതേച്ചിയുടെ ജീവിതവഴി

എ സജീവ് കുമാർUpdated: Tuesday May 30, 2023

പോർട്ടർ ഗീതേച്ചി ട്രോളിയുമായി

കൊയിലാണ്ടി
പാർസൽ സേവനം നിർത്തൽ ചെയ്യാനുള്ള റെയിൽവേയുടെ തീരുമാനത്തിൽ ജീവിതം വഴിമുട്ടിയവരിൽ ഒരാളാണ്‌ കൊയിലാണ്ടി  റെയിൽവേ സ്റ്റേഷനിലെ  ഗീതേച്ചി.  യാത്രക്കാരുടെ  ലഗേജ് എത്തിക്കാനും ഇവിടെ എത്തുന്ന സാധനങ്ങൾ കയറ്റാനും ഇറക്കാനും സഹായിച്ചായിരുന്നു ഗീതയും പ്രദീപനുമെല്ലാം ജീവിക്കാനായുള്ള  വക കണ്ടെത്തിയിരുന്നത്‌. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബി ക്ലാസായ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ  പാർസൽ സംവിധാനം ഒഴിവാക്കിയിരിക്കുകയാണ്‌. റെയിൽവേ സ്റ്റേഷന് സമീപത്തെ തെരുവിലെ വീട്ടിൽ കഴിയുന്ന ഗീതയ്‌ക്ക്‌ ഇനി വീട്ടിലിരിക്കുകയല്ലാതെ മറ്റു മാർഗമില്ല. കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, കുറ്റിപ്പുറം, പട്ടാമ്പി, കാഞ്ഞങ്ങാട്, ആർക്കോണം, പയ്യന്നൂർ, ചെറുവത്തൂർ എന്നീ  10 റെയിൽവേ സ്‌റ്റേഷനുകളിൽ ഇനി പാർസൽ അയക്കലും ഇറക്കലും വേണ്ടെന്ന് കഴിഞ്ഞ 23നാണ് ചെന്നൈ റെയിൽവേ കൊമേഴ്സ്യൽ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലായതോടെ  കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനുകളിൽ വർഷങ്ങളായിക്കാണുന്ന സ്ഥിരം മുഖങ്ങളാണ്‌ ഇല്ലാതാവുന്നത്‌.  
നേരത്തെ കൊയിലാണ്ടി വെറ്റില കയറ്റുമതി കേന്ദ്രമായിരുന്നു. തിക്കോടിനിന്നും പയ്യോളിനിന്നും പുറക്കാടുനിന്നുമെല്ലാം വെറ്റിലക്കെട്ടുകൾ റെയിൽവേ സ്‌റ്റേഷനിലെത്തിയിരുന്നു. സിമന്റ്‌ ഗോഡൗണും  സ്റ്റേഷനിലുണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്ന് തൈരും സ്ഥിരമായി എത്തിയിരുന്നു അതിൽ പലതും നിലച്ചു. എന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട ഹാർബറുകളിലൊന്നായ കൊയിലാണ്ടിയിലേക്ക് ഫിഷ് നെറ്റുകളും വലയിൽ ഉപയോഗിക്കുന്ന ഇയ്യക്കട്ടകളും കടലിൽ ഉപയോഗിക്കുന്ന വലിയ കയറുകളുമെല്ലാം സ്ഥിരമായി എത്താറുണ്ട്. ചെമ്മീൻ പൊടി അടക്കമുള്ള വളങ്ങൾ കയറ്റി അയക്കുന്നു. ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ അയക്കാനും ഇറക്കാനും നിരവധിപേർ എത്താറുണ്ട്‌. ഇതൊന്നും കണക്കിലെടുക്കാതെയാണ്‌   പാർസൽ സംവിധാനം റെയിൽവേ ഒഴിവാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top