29 March Friday
വില ഏകീകരണം ഇല്ല

ക്രഷർ ഉല്പന്നങ്ങൾക്ക്‌ തോന്നുംവില

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
പത്തനംതിട്ട
ജില്ലയിൽ കല്ല്‌, പാറപ്പൊടി, മെറ്റൽ ഉൾപ്പടെയുള്ള ക്രഷർ ഉൽപന്നങ്ങളുടെ വില തോന്നുംപടി. ക്രഷർ ഉടമകൾ തോന്നുന്ന നിലയിൽ വില ഈടാക്കുന്നതാണ്‌ നിലവിലെ സാഹചര്യം. വില വർധിക്കുന്ന സാഹചര്യങ്ങളിൽ  വില ഏകീകരണം ആവശ്യപ്പെട്ട്‌ സംഘടനകൾ രംഗത്ത്‌ വന്നിരുന്നെങ്കിലും തീരുമാനമായില്ല. 
മുൻപ്‌ ഇത്തരത്തിൽ വിലവർധിച്ചപ്പോൾ ഏകീകൃത വില നിശ്ചയിക്കുന്ന തരത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നു. ക്വാറി മേഖലയിലും സംഘടനകൾ ഉണ്ടെങ്കിലും സംഘടനാ തീരുമാനത്തിൽ അല്ല പലപ്പോഴും വില നിശ്ചയിക്കുന്നത്‌. 
സംഘടനാ മാനദണ്ഡത്തിൽ നിന്ന്‌ മാറി സ്വന്തം താൽപര്യമാണ്‌ വിലയുടെ കാര്യത്തിൽ നടപ്പിലാക്കുന്നത്‌. പരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം പല ക്രഷറുകളും പൂട്ടിയിരുന്നു. ഇതും വിലവർധനവിന്‌ കാരണമായിട്ടുണ്ട്‌. നിലവിൽ പ്രവർത്തിക്കുന്ന ക്രഷറുള്ളവർ വില തീരുമാനിക്കുകയും ആവശ്യക്കാരെ പിഴിയുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. സാധനത്തിന്‌ ആവശ്യം വർധിക്കുമ്പോൾ വിലയും വർധിപ്പിക്കുന്നു. ചില ഘട്ടങ്ങളിൽ ബോധപൂർവം ക്രഷർ സാധനങ്ങളുടെ ലഭ്യത കുറയ്‌ക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇങ്ങനെ പലവിധത്തിലാണ്‌ കൊള്ള നടക്കുന്നത്‌. ഉടമകളെയും തൊഴിലാളികളെയും വിളിച്ച്‌ ചേർത്ത്‌ വില ഏകീകരിക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. എം സാൻഡിന്‌  -മുൻപ് ക്യുബിക്ക്‌ അടിക്ക്‌  42 രൂപ വിലയായിരുന്നത്‌ ഇപ്പോൾ 60 ന് മുകളിലാണ്‌ ഈടാക്കുന്നത്‌. ഇതും പലരും കൂടിയും കുറഞ്ഞും വാങ്ങുന്നുണ്ട്‌. മെറ്റൽ - മുൻപ് 30–-32 രൂപയായിരുന്നത്‌ ഇപ്പോൾ 42 ന് മുകളിലാണ്‌ വില. പാറപൊടിക്ക്‌ ഇപ്പോൾ 42 ന് മുകളിലാണ്‌ വില.
ക്വാറികൾ അടച്ച്‌ സമരം ചെയ്യാനുള്ള ഉടമകളുടെ തീരുമാനത്തിന്റെ ഭാഗമായി വീണ്ടും വില വർധിച്ചേക്കുമെന്ന്‌ ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നു. ക്വാറികൾ അടച്ചിടാനുള്ള തീരുമാനം സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്നും ചിലർ പറയുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മതിയായ രേഖകൾ സമർപ്പിക്കേണ്ടതിന്‌ പകരം സമരം ചെയ്‌ത്‌ വില വർധിപ്പിക്കുകയെന്ന തന്ത്രമാണ്‌ പയറ്റുന്നതെന്നും ആരോപണമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top