28 March Thursday
അനുമതിയില്ലാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കരുത്

സെന്റ് പീറ്റേഴ്സ് ജങ്‌ഷൻ –- 
സ്റ്റേഡിയം റോഡ് മാതൃകാ റോഡാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
പത്തനംതിട്ട 
നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജങ്‌ഷൻ മുതൽ സ്റ്റേഡിയം ജങ്ഷൻ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു.  ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകൾ പാകി നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കും. റിങ് റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതിയും ഒരുക്കും. 
ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രവർത്തിക്കുന്നുണ്ട്. പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളിലെ കർഷകർ കൂടുതൽ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ട്. 
പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടുത്തിന്റെ പശ്ചാത്തലത്തിൽ അനുമതിയില്ലാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന പരിശോധന ശക്തമാക്കും.
ചെറുകോൽപ്പുഴ, മാരാമൺ കൺവൻഷനുകൾക്ക് മുൻപ് മുട്ടുമൺ -ചെറുകോൽപ്പുഴ റോഡും പരപ്പുഴ ക്രോസ് റോഡും ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തിര നടപടി പൊതുമരാമത്ത് നിരത്തുവിഭാഗം സ്വീകരിക്കണം. കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നദിയുടെ കരകളിൽ സ്ഥലം വിട്ടുതരുന്ന കുടുംബങ്ങൾക്കുള്ള തുക എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.  ഇന്ത്യൻ എക്സ്പ്രസിന്റെ ഗുഡ് ഗവേണൻസ് അവാർഡ് നേടിയ  കലക്ടർ ഡോ. ദിവ്യ എസ് അയ്യരെ ജില്ലാ വികസനസമിതിക്കു വേണ്ടി മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രി റോഡിന്റെ വശങ്ങളിൽ സ്വകാര്യ ആംബുലൻസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിലെ അനധികൃത മീൻ കച്ചവടം അവസാനിപ്പിക്കാനുള്ള കർശന നടപടി സ്വീകരിക്കണം. ഫയർഫോഴ്സിന് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ഹൈഡ്രന്റ് പൈപ്പ് ലൈനുകൾ നഗരത്തിൽ സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവർമ്മ പറഞ്ഞു. നഗരത്തിലുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം.  ചിറ്റാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ അഭാവം രോഗികളെ വലയ്ക്കുന്നുവെന്നും വള്ളിക്കോട് പഞ്ചായത്തിൽ എട്ട് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ പ്രതിനിധി വിഷ്ണു അറിയിച്ചു. തിരുവല്ല- കോഴഞ്ചേരി റോഡിൽ നിരന്തരമായി അപകടങ്ങളുണ്ടാകുന്നുവെന്നും അടിയന്തിരമായ ഇടപെടലുണ്ടാകണമെന്നും കോഴഞ്ചേരി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ വെള്ളക്കെട്ട് രൂക്ഷമാണെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു.യോഗത്തിൽ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അധ്യക്ഷയായി. 
ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു, എഡിഎം ബി. രാധാകൃഷ്ണൻ, ഡെപ്യുട്ടി പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top