19 April Friday

മനസ്സുണ്ടോ..? കൃഷിയിറക്കാൻ മരുന്നുണ്ട്‌

പി സുരേശൻUpdated: Tuesday Nov 29, 2022

സുരേഷ് കല്ലത്ത് നെല്‍പാടത്ത്.

 

 
കണ്ണൂർ
മറ്റ്‌ ജോലികൾക്കിടയിൽ കൃഷിക്കെവിടെ നേരമെന്ന്‌ പരിതപിക്കുന്നവർക്ക്‌ മുന്നിലാണ്‌ സുരേഷ്‌ കല്ലത്ത്‌ തന്റെ കതിരണിഞ്ഞ നെൽപ്പാടം തുറന്നിടുന്നത്‌. കൃഷി ചെയ്യാൻ താൽപ്പര്യമെന്ന മരുന്നുണ്ടെങ്കിൽ സമയവുമുണ്ടാകുമെന്ന്‌ സുരേഷിന്റെ അനുഭവസാക്ഷ്യം. കരിവെള്ളൂരുകാരനായ സുരേഷ്‌ ചെറുവത്തൂരിലെ മെഡിക്കൽ ഷോപ്പ്‌ ഉടമയാണ്‌. രാവിലെ രാവിലെ ആറ്‌ മുതൽ 10 വരെയുള്ള കൃഷിപ്പണിക്ക്‌ശേഷം മെഡിക്കൽ ഷോപ്പിലെത്തും. രണ്ടിടങ്ങളിലും പുലർത്തുന്ന അധ്വാനവും ആത്മാർഥതയും ഒന്ന്‌. 
പിലിക്കോട്‌ പഞ്ചായത്തിലെ പുത്തിലോട്ടാണ്‌  നെൽകൃഷി. വെള്ളക്കെട്ടിൽ പറ്റില്ലെന്നും ഉൽപ്പാദനം കുറവാണെന്നും  പറയുന്ന രണ്ട്‌ നാടൻ നെല്ലിനങ്ങളാണ്‌ സുരേഷിന്റെ പ്രധാന കൃഷി. ഒന്നാം വിളയ്‌ക്ക്‌ പരമ്പരാഗത നെല്ലിനമായ കയമയാണ്‌ വിളയിക്കുന്നത്‌.  സ്വന്തമായുള്ള മൂന്ന്‌ ഏക്കറിലാണ്‌ കയമ കൃഷി. പ്രകൃതി സമൃദ്ധി കൂട്ടായ്‌മയുടെ ഭാഗമായി ശരാശി അഞ്ചേക്കറിലും നെൽകൃഷിയുണ്ട്‌. രണ്ടാംവിളയ്‌ക്ക്‌ രണ്ടേക്കറിൽ  നാടൻ ചിറ്റേനിയാണ്‌. ഇതിന്‌ പുറമെ ഒരേക്കറിൽ രക്തശാലി, നവര, വസുമതി എന്നിവയും കൃഷിചെയ്യുന്നു. ഇവയുടെ കൃഷി വിത്ത്‌ സംരക്ഷണത്തിന്റെ ഭാഗമാണ്‌. കൃഷിക്ക്‌ ജൈവവളം  മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. കീടനാശിനി പ്രയോഗമില്ല.  ഒന്നാം വിളയ്‌ക്ക്‌ നിലമൊരുക്കുന്നതിന്റെ ഭാഗമായി രണ്ടാംവിളയ്‌ക്ക്‌ ശേഷം പയർവർഗങ്ങൾ കൃഷി ചെയ്യും. ഇവ മിക്കവാറും വളമായി മാറും.  ചാണകവും  കോഴിവളവും അടിവളമായും നൽകും. രണ്ടാം വിളയ്‌ക്ക്‌ ജീവാമൃതവും ഉപയോഗിക്കുന്നു.  
വയൽ ഒരുക്കാൻ ഇത്രയും മതിയെന്നാണ്‌ സുരേഷിന്റെ പക്ഷം.  കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നാം വിളയ്‌ക്ക്‌ മികച്ച ഉൽപ്പാദനം ലഭിക്കും.  വൈക്കോലും നശിക്കില്ല. കയമ  വിളഞ്ഞ്‌  ഉണങ്ങും മുന്നേ കൊയ്‌താൽ  കൊഴിഞ്ഞ്‌ വീഴുന്നത്‌ ഒഴിവാക്കാനാകും. വെള്ളത്തിൽ വീണാലും ഒരു മാസംവരെ  കയമ നെല്ല്‌ മുളക്കില്ലെന്നും ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.  നെൽവിത്തിനും അരിക്കും വിപണി കണ്ടെത്തുന്നതിന്‌ പ്രയാസമുണ്ടാകാറില്ല.  വീട്ടിൽ വന്ന്‌ ഇവ വാങ്ങുന്നവരുണ്ട്‌.  ബാക്കി പയ്യന്നൂരിലെ ‘കർഷകന്റെ കട’യിലും നൽകുന്നു.  അരിക്ക്‌ കിലോഗ്രാമിന്‌ 80 രൂപയാണ്‌ ഈടാക്കുന്നത്‌.   ഉൽപ്പാദനച്ചെലവ്‌ വർധിക്കുന്നതിനനുസരിച്ച്‌ ഉൽപ്പന്നങ്ങളുടെ വില ഉയരുന്നില്ലെന്നതാണ്‌ സുരേഷിന്റെ പരാതി.  മൂന്ന്‌ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്‌. ഇതിൽനിന്നുള്ള ചാണകവും പൊടിവളവുമാണ്‌  കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌.   250 നേന്ത്രവാഴയും നാടൻ വാഴകളും  300 കവുങ്ങും 200  തെങ്ങുമുണ്ട്‌.  ഇടവിളയായി വാഴയും പച്ചക്കറിയുമുണ്ട്‌.  പറമ്പുകൾ കിളയ്‌ക്കുന്ന പതിവില്ല. പുതയിടുന്ന രീതിയാണ്‌ പിന്തുടരുന്നത്‌. നനയ്‌ക്കാനായി സ്‌പ്രിംഗ്‌ളറും ഉപയോഗിക്കുന്നു. ഫോൺ: 9447005719. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top