24 April Wednesday

കീടത്തെ അകറ്റാം ജൈവമരുന്ന്‌ സുലഭം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കാസർകോട് പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷൻ

കാസർകോട്‌
ജൈവകൃഷിക്ക് തണലായി കാസർകോട് പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷൻ. ജില്ലാ പഞ്ചായത്തിന് കീഴിൽ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെന്റർ കഴിഞ്ഞ അഞ്ച്‌ വർഷത്തിനുള്ളിൽ കർഷകർക്കായി 20 ഉൽപ്പന്നങ്ങളാണ് പുതിയതായി നിർമിച്ചത്‌. 
1960 കളിൽ കേരളത്തിലെ തീരപ്രദേശങ്ങളിലെ തെങ്ങുകളിൽ തെങ്ങോല പുഴുക്കളുടെ അക്രമം അതിരൂക്ഷമായിരുന്നു. ഇതിനെ തടയാൻ സർക്കാർ എതിർപ്രാണികളുടെ പ്രജനന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒമ്പത്‌ സ്ഥലത്ത്‌  തുടങ്ങി. ജില്ലയിൽ നീലേശ്വരത്താണ് ആദ്യം കേന്ദ്രം സ്ഥാപിച്ചത്. പിന്നീട് ഇത് കാസർകോട് ഫാമിന്റെ കീഴിലേക്ക് മാറ്റി. 2007മുതൽ പുതിയ കെട്ടിടത്തിൽ തെങ്ങോല പുഴു നിയന്ത്രണ വിഭാഗം പ്രവർത്തനംതുടങ്ങി. 2012 ൽ എൻഡോസൾഫാൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി കാസർകോടിനെ ജൈവ ജില്ലയായി പ്രഖ്യാപിച്ചു. എന്നാൽ അതുവരെ ആധുനിക കൃഷി സംവിധാനങ്ങളുടെ പിന്തുണയോടെ കൃഷി നടത്തിയ കർഷകർ ജൈവ ഉൽപ്പാദന ഉപാധികളുടെ ലഭ്യതക്കുറവ് കാരണം ഏറെ പ്രയാസം അനുഭവിച്ചു. 
   ഇതിന് താൽക്കാലിക പരിഹാരമായി പടന്നക്കാട് കാർഷിക കോളേജ് ലാബ് ജൈവകീട നിയന്ത്രണ ഉപാധികൾ ലഭ്യമാക്കി. എന്നാൽ കാസർകോട് മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലെ കർഷകർക്ക് ഈ സൗകര്യം ലഭ്യമാക്കാൻ  2015ൽ വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരമാണ്‌  ജൈവനിയന്ത്രണ ഉപാധികൾ (ബയോ കൺട്രോൾ എജൻസി) നിർമിക്കുന്ന ലാബായി കാസർകോട് പാരസൈറ്റ്സ് ബ്രീഡിങ് സ്റ്റേഷൻ മാറിയത്. 
കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ കർഷകർക്ക് ഉപകാരപ്രദമായ നിരവധി  ഉൽപ്പന്നങ്ങൾ  നിർമിക്കുന്നു. 
   മണ്ണിലൂടെ പകരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ സഹായിക്കുന്ന മിത്ര കുമിൾ ആയ ട്രൈക്കോഡർമ, തെങ്ങിന് കൂമ്പ് ചീയൽ, പച്ചക്കറി വിളകളുടെ കട ചീയൽ, വേര് രോഗങ്ങൾ എന്നിവ തടയുന്നതിനായി ട്രൈക്കോ കേക്ക്, സസ്യ വളർച്ചയെ പരിപോഷിപ്പിക്കുന്ന മിത്ര ബാക്ടീരീയ സ്യൂഡോമൊണാസ്, കീട നിയന്ത്രണത്തിന് മിത്ര കുമിൾ ബ്യൂവേറിയ, വേരുതീനിപ്പുഴുക്കൾ, വണ്ടുകൾ, കൊമ്പൻ ചെല്ലി, പച്ചക്കറി വിളകളിലെ മത്തൻ വണ്ടുകൾ, വിവിധയിനം പുൽച്ചാടികൾ, ചിതലുകൾ എന്നിവയെ നിയന്ത്രിക്കുന്ന മെറ്റാറൈസിയം നീരുറ്റി കുടിക്കുന്ന കീടങ്ങൾ, ലെക്കാനി വേപ്പെണ്ണ, വെളുത്തുള്ളി സോപ്പ് മിത്രനിമാവിരകൾ എന്നീ കീടനിയന്ത്രണ ഉപാധികളും ജീവാണു വളങ്ങളായ റൈസോബിയം, അസോസ്പൈറില്ലം, അസോറ്റോബാക്ടർ, അസോള, ഫോസ്ഫറസ് ജീവാണു വളങ്ങൾ, മൈകോറൈസ, ബയോ പൊട്ടാഷ്, സമ്പൂർണ സൂക്ഷ്മപോഷക മിശ്രിതം തുടങ്ങിയ ജീവാണുവളങ്ങളും  നിർമിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top