വെറുപ്പിന്റെ വിത്ത്
വിതച്ച് അധികാരത്തിന്റെ കതിര് കൊയ്യുകയാണ് ഇരുട്ടിന്റെ ശക്തികൾ. ഇതരമത വിദ്വേഷമാണ് അവരുടെ ഇന്ധനം. ചരിത്രം വളച്ചൊടിച്ചും നുണകൾ പ്രചരിപ്പിച്ചും
നാടിന്റെ സ്വൈരം
തകർക്കുകയാണ് അവരുടെ ലക്ഷ്യം. മാനവികതയുടെ മഹിത മാതൃകകൾ ഉയർത്തിപ്പിടിക്കുകയാണ് പ്രതിരോധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നബിദിന റാലികളും അവയ്‌ക്ക് ക്ഷേത്ര കമ്മിറ്റികൾ നൽകിയ സ്വീകരണവും പങ്കുവയ്ക്കുന്നത് ആ നല്ല
സന്ദേശമാണ്
മലപ്പുറം
നബിദിനാഘോഷത്തിൽ വേറിട്ട കാഴ്ചയൊരുക്കി മലപ്പുറം. നന്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഹ്വാനവുമായി കടന്നുവന്ന നബിദിന സന്ദേശ റാലിക്ക് കോഡൂർ വലിയാട്ടിൽ കെ ഷീനയുടെ ആശീർവാദം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 10ന് മെഗാ ദഫിന്റെ അകമ്പടിയോടെ എത്തിയ മദ്രസാ വിദ്യാർഥികളുടെ റാലിയെ വീട്ടമ്മ നോട്ടുമാലയിട്ട് സ്വീകരിച്ച് ക്യാപ്റ്റനായ കുരുന്നിനെ ഉമ്മവയ്‌ക്കുകയായിരുന്നു. യുവതിയുടെ മാനുഷികതയെ നാട് കൈയടിച്ച് വരവേറ്റു. വലിയാട് തദ്റീസുൽ ഇസ്ലാം മദ്രസാ നേതൃത്വത്തിലായിരുന്നു വിദ്യാർഥി റാലി. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഷീന റാലി വരുന്നതുകണ്ടപ്പോൾ നേരത്തെ തയ്യാറാക്കിയ നോട്ടുമാല സ്നേഹാശംസകളോടെ അർപ്പിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ സൗഹൃദത്തിന്റെയും മാനവ മൈത്രിയുടെയും മഹിതപാരമ്പര്യമുള്ള മലപ്പുറം ഏറ്റെടുക്കുകയായിരുന്നു. മതത്തിനുമപ്പുറം മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തെ ഓർമിപ്പിക്കൽ തുടരുമെന്ന് കെ ഷീന ദേശാഭിമാനിയോട് പറഞ്ഞു. കോഡൂർ വലിയാട് പുളിയാട്ടുകുളം അമ്പലപറമ്പിൽ സ്വദേശിയാണ് ഷീന. ഭർത്താവ് വിനോദ്. സ്കൂൾ വിദ്യാർഥികളായ അവന്തിക, വിവേക് എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..