18 December Thursday

കശുവണ്ടി 
വ്യവസായത്തിന്റെ ഈറ്റില്ലം

സ്വന്തം ലേഖികUpdated: Friday Sep 29, 2023
കൊല്ലം
‘ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം' എന്ന്‌ അറിയപ്പെടുന്ന കൊല്ലത്ത്‌ 1930കളിലാണ്‌ കശുവണ്ടി വ്യവസായം ആരംഭിച്ചത്‌. കൊല്ലത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അന്നും ഇന്നും നിർണായക സ്വാധീനം ചെലുത്തുന്ന വ്യവസായമാണിത്‌. ഏകദേശം മൂന്നുലക്ഷം പേർ പണിയെടുക്കുന്ന ഈ വ്യവസായത്തിലൂടെ മികച്ച വിദേശ വരുമാനവും ലഭിക്കുന്നു. ജില്ലയിൽ ചെറുതും വലുതുമായി അറുന്നൂറോളം കശുവണ്ടി ഫാക്ടറികളുള്ളതായാണ്‌ കണക്ക്‌. 
കശുവണ്ടിത്തൊഴിലാളികൾക്ക് പരമാവധി തൊഴിൽദിനവും ശമ്പളവും ഉറപ്പുവരുത്തുന്നതിനായി 1969-ൽ കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ (കെഎസ്‌സിഡിസി) രൂപീകരിച്ചു. അസംസ്കൃത കശുവണ്ടി സംസ്കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുകയാണ്‌ ലക്ഷ്യം. മുണ്ടയ്ക്കലുള്ള കാഷ്യൂ ഹൗസാണ് ആസ്ഥാനം. 
കേരള സംസ്ഥാന കശുവണ്ടിത്തൊഴിലാളി അപ്പക്സ് സഹകരണ സംഘത്തിന്റെ ആസ്ഥാനവും കൊല്ലമാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോർപറേഷന്റെ 30 ഫാക്ടറിയിൽ 24 എണ്ണവും കാപ്പക്സിന്റെ 10 ഫാക്ടറിയിൽ ഒമ്പതും കൊല്ലത്താണ്‌. വിദേശരാജ്യങ്ങളിലേക്ക്‌ കശുവണ്ടി കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി 1955-ൽ കേന്ദ്രസർക്കാർ ആരംഭിച്ച കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനവും മുണ്ടയ്ക്കലാണ്‌. കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കുക എന്നിവയാണ് ചുമതലകൾ.
കശുമാവ് കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ രൂപീകരിച്ച കേരള സംസ്ഥാന കശുവണ്ടി കൃഷി വികസന ഏജൻസിയുടെ (കെഎസ്‌എസിസി) ആസ്ഥാനവും ജില്ലയിലാണ്. തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ സ്ഥാപനവും കശുവണ്ടി വികസന കോർപറേഷനും ചേർന്ന് നടത്തിവരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയത്തിന്റെ പ്രത്യാഘാതം മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കശുവണ്ടി ഇറക്കുമതിച്ചുങ്കവും പരിപ്പ്‌ ഇറക്കുമതി ഉദാരവൽക്കരിച്ചതും ബാങ്ക്‌വായ്‌പ നൽകുന്നതിലെ വിവേചനവും വ്യവസായത്തെ പിന്നോട്ടടിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top