08 December Friday

രാപ്പാർക്കാം ഗ്രാമചെെതന്യത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

 ഇടുക്കി

വിനോദസഞ്ചാരികളുടെ മനംകവർന്ന കാന്തല്ലൂരിന് ഇനി ഗോൾഡൻ കാലം. മൺവീടുകളിൽ രാപ്പാർക്കാനും തോട്ടം ഫ്രഷ് പഴങ്ങൾ പറിക്കാനും സഞ്ചാരികൾ എത്തുന്നത് ഇവിടെയാണ്. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള സുവർണ നേട്ടം കാന്തല്ലൂരിനെ തേടിയെത്തുമ്പോൾ ഈ മണ്ണിലുള്ളത് ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും. തെക്കിന്റെ കാശ്മീരായ മൂന്നാറിൽനിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശർക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടി കാന്തല്ലൂരിലെത്താം. അവിടെ ശീതകാല പച്ചക്കറിയും പഴങ്ങൾക്കുമൊപ്പം  സാംസ്‌കാരിക ചരിത്രത്തിന്റെ പ്രൗഢ കാഴ്ചകൾ സഞ്ചാരികളെ വരവേൽക്കും. ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ മനസിലേറ്റിയ ഒരു നാടും അവിടുത്തെ കർഷകരുമാണ് കാന്തല്ലൂരിന്റെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ആസൂത്രണവും  കേന്ദ്ര സർക്കാർ നടത്തിയ മികച്ച ടൂറിസം വില്ലേജ് മത്സരത്തിൽ കാന്തല്ലൂരിലെ മുൻപന്തിയിലെത്തിച്ചു
 
 
കൂടനിറയെ പഴങ്ങളും 
പച്ചക്കറിയും 
ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോരനാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പും നിറഞ്ഞ കാന്തല്ലൂരിലെ അഞ്ച് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ടത്. പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയൽ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത്. ആപ്പിൾ, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോർട്ട, ഗ്രീൻ സപ്പോർട്ട, സ്‌ട്രോബറി, ബട്ടർഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കാന്തല്ലൂരിൽ കൃഷി ചെയ്യുന്നു. കാന്തല്ലൂരിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ പ്രദേശങ്ങൾ പൊതുവെ തണുപ്പ് കൂടിയ പ്രദേശങ്ങളാണ്. സ്‌ട്രോബറി കൃഷി കൂടുതലായി നടക്കുന്ന പെരുമല ഒരു സ്ട്രീറ്റും കീഴാന്തൂരും പുത്തൂരം പച്ചക്കറികളുടെ സ്ട്രീറ്റായും ഗുഹനാഥപുരം പൂക്കളുടെയും കുളച്ചുവയലിനെ പഴങ്ങളുടെ സ്ട്രീറ്റായിട്ടുമാണ് തിരിച്ചത്.
ചരിത്രവും കാഴ്ചകളും
കാന്തല്ലൂരിലെത്തുന്നവർക്ക് ചരിത്ര കാഴ്ചകൾ കാണാൻ ഏറെയുണ്ട്. നിത്യഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ ആറായിരത്തോളം വർഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളുമുള്ള പ്രദേശമാണ് കാന്തല്ലൂർ. കച്ചാരം വെള്ളച്ചാട്ടം, എറച്ചിപ്പാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാർ, കൂട്ടാർ നദികൾ, ഒരുമല വ്യൂ പോയിന്റ് എന്നിയെല്ലാം സഞ്ചാരികളുടെ മനം കവരുന്ന ഇടങ്ങളാണ്.
 കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് മത്സരത്തിൽ ഗോൾഡ് അവാർഡിന്റെ നേട്ടത്തിൽ കാന്തല്ലൂർ എത്തുമ്പോൾ ഇതിന് ഏറെ സഹായകരമായതും വഴിത്തിരിവായതും കാന്തല്ലൂർ ടൂറിസം ഫെസ്റ്റാണ്. ടൂർ പാക്കേജുകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചും വിനോദസഞ്ചാര മേഖലക്ക് കരുത്തേകുന്ന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കി. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസർ കെ രൂപേഷ് കുമാർ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ ചേർന്നാണ് കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതിയിൽനിന്നും അവാർഡ് ഏറ്റുവാങ്ങിയത്.  എട്ടുമാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്‌കാരം ലഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
-----
-----
 Top