കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഒന്നുമുതൽ പാർടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരൻ ചരമ വാർഷിക ദിനമായ 20വരെ ‘ചിരസ്‌മരണ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പയ്യാമ്പലത്തെ കോടിയേരി സ്‌മൃതിമണ്ഡപത്തിലും പുന്നോലിലെ സി എച്ച് സമൃതിമണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തും. കോടിയേരി ദിനത്തിൽ തലശേരിയിലും തളിപ്പറമ്പിലും വളന്റിയർ മാർച്ചിന്റെ അകമ്പടിയോടെ ബഹുജന റാലിയും അനുസ്‌മരണ സമ്മേളനവും നടക്കും. സി എച്ച് ദിനത്തിൽ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ അനുസ്‌മരണ സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരിയോടെ ചെമ്പതാക ഉയർത്തിയും ഇരു നേതാക്കളുടെയും സ്‌മരണ പുതുക്കും.
തലശേരി ഏരിയയിലെ 13 ലോക്കലുകളിലാണ് ചിരസ്‌മരണയെന്ന പേരിൽ അനുസ്മരണസമ്മേളനവും സെമിനാറും സംഘടിപ്പിച്ചിട്ടുളളത്.
ഏഴിന് വൈകിട്ട് അഞ്ചിന് എരഞ്ഞോളി ചുങ്കത്തും തലശേരി നോർത്ത് കുന്നോത്ത് തെരുവിലും എട്ടിന് തിരുവങ്ങാട് ഈസ്റ്റ് കുട്ടിമാക്കൂലിലും മാഹിപ്പാലത്തും ഒമ്പതിന് വടക്കുമ്പാട് എസ്എൻ പുരത്തുമാണ് സെമിനാർ.
10ന് പൊന്ന്യം നായനാർ റോഡിലും മാഹി പുത്തലത്തും 11ന് പള്ളൂർ പന്തക്കലിലും തിരുവങ്ങാട് വെസ്‌റ്റിലും സെമിനാർ നടക്കും.
തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ 14ന് രാവിലെ 10ന് ‘തലശേരി പെരുമ -2023’ സംഘടിപ്പിക്കും. 16ന് കോടിയേരി നങ്ങാറത്ത്പീടികയിലും 19ന് കതിരൂരിലും സെമിനാറുണ്ടാവും. 17ന് അഞ്ചിന് നവീകരിച്ച കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും കോടിയേരി സ്മാരക ഹാളും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
വളന്റിയർ മാർച്ച്
കണ്ണൂർ
കോടിയേരി ദിനാചരണത്തിന്റെ ഭാഗമായുള്ള വളന്റിയർമാർ മാർച്ചിൽ പങ്കെടുക്കേണ്ടവർ ഒന്നിന് പകൽ മൂന്നിന് നിശ്‌ചയിച്ച കേന്ദ്രങ്ങളിലെത്തണം. തലശേരിയിൽ പങ്കെടുക്കേണ്ട തലശേരി, പാനൂർ, പിണറായി ഏരിയയിലെ വളന്റിയർമാർ തലശേരി സെന്റ് ജോസഫ് സ്കൂൾ പരിസരത്തെ തലശേരി കോട്ടക്ക് സമീപമാണ് എത്തേണ്ടത്. തലശേരി ജനറൽ ആശുപത്രി ലോഗൻസ് റോഡ് വഴി പുതിയ ബസ്‌സ്‌റ്റാൻഡിലാണ് വളന്റിയർ മാർച്ച് അവസാനിക്കുക.
തളിപ്പറമ്പിൽ പയ്യന്നൂർ, പെരിങ്ങോം, മാടായി, ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്‌ഠപുരം ഏരിയകളിലെ വളന്റിയർമാരാണ് എത്തേണ്ടത്. വൈകിട്ട് 3.30ന് ചിറവക്ക്- കാക്കത്തോട് കേന്ദ്രീകരിച്ച് വളന്റിയർ മാർച്ച് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..