കാസർകോട്
മൊബൈലിൽ തൊട്ടപ്പുറമുണ്ട് ഉള്ള കാശ് അടിച്ചുമാറ്റാൻ തട്ടിപ്പുകാർ. സമാനമായ ഓൺലൈൻ തട്ടിപ്പിൽ കഴിഞ്ഞ രണ്ടുദിവസം ജില്ലയിൽ ലക്ഷങ്ങളുടെ കേസാണ് ജില്ലാസൈബർ സെൽ രജിസ്‌റ്റർ ചെയ്‌തത്. തട്ടിപ്പാണെന്ന് എത്ര തവണ ബോധവൽക്കരണം നടത്തിയാലും പറ്റിക്കപ്പെടാൻ നോക്കി നിൽക്കുകയാണ് ചിലർ.
ജില്ലയിൽ മാത്രം അഞ്ഞൂറോളം പരാതികളാണ് ദേശീയ സൈബർ ക്രൈം പോർട്ടലിൽ ഈ വർഷം രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ പ്രധാന കേസുകളിൽ പരാതിക്കാരെ വിളിച്ചുവരുത്തി കേസ് നടപടികൾ തുടരുന്നുണ്ട്. രാജ്യാന്തര ബന്ധമുള്ള തട്ടിപ്പു സംഘമാണ് മിക്കതും. വലിയ രീതിയിലുള്ള അന്വേഷണം നടത്തിയാലേ സംഘത്തെ പൊക്കാൻ കഴിയൂ. അതിന് ഏറെ കാലതാമസമെടുക്കുന്നുണ്ട്. ഓൺലൈൻ തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാട്ടുക മാത്രമാണ് ഉടൻ ചെയ്യേണ്ടത്.
ആരും ആർക്കും വെറുതെ പൈസ നൽകില്ല എന്നതാണ് ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ആദ്യം ഓർക്കേണ്ട കാര്യം. ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌തും ഓടിപി വാങ്ങിയും നികുതി ഇളവിന് പണം അടക്കാൻ ആവശ്യപ്പെട്ടുമാണ് മിക്ക തട്ടിപ്പുകളും നടക്കുന്നത്. നൂറു രൂപ മുതൽ ലക്ഷങ്ങൾ വരെ ഇങ്ങനെ പണം നഷ്ടമാകുന്നവരുണ്ട്. വലിയ തുക നഷ്ടമാകുമ്പോഴാണ് പൊലീസിൽ പരാതിയെത്തുന്നത്. നാണക്കേട് ഭയന്ന് ചെറിയ തുകക്കുള്ള തട്ടിപ്പ് ആരും വെളിപ്പെടുത്താറില്ല.
ഓൺലൈൻ ജോലിക്ക് അഞ്ചര ലക്ഷം പോയി
ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന ഓൺലൈൻ പാർടൈം ജോലിയുടെ പേരിൽ കളനാട് ചെമ്പരിക്ക കുഞ്ഞിവീട്ടിൽ പി ശിവദർശനയുടെ അഞ്ചുലക്ഷമാണ് നഷ്ടമായത്. ആഗസ്‌ത് 16നും 18നും ഇടയിലുള്ള ദിവസങ്ങളിൽ ശിവദർശനയുടെ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയിലേക്ക് ബന്ധപ്പെട്ടാണ് പണം തട്ടിയത്. പാർടൈം ജോലിക്കുള്ള മുൻകൂർ നികുതിയാണെന്ന് പറഞ്ഞ് പ്രതികളുടെ അക്കൗണ്ടുകളിലേക്കും യുപിഐ ഐഡികളിലേക്കും 5,31,070 രൂപ അയപ്പിക്കുകയായിരുന്നു.
സാധനം ബുക്ക് ചെയ്‌തു; 90000 പോയി
ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്ത സാധനം കിട്ടാൻ വൈകിയ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് 90,000 രൂപ. മാവുങ്കാൽ അദിനാസ് മൻസിലിൽ എൻ സാനുബക്കാണ് പണം നഷ്ടപ്പെട്ടത്. സാധനം കിട്ടാത്തത് ചോദിച്ചപ്പോൾ അഞ്ചുരൂപ ഗൂഗിൾ പേ ചെയ്യണം എന്നറിയിച്ചു. ഗൂഗിൾ പേ ചെയ്തതിന് പിന്നാലെയാണ് ഇവരുടെ കനറാബാങ്ക് അക്കൗണ്ടിൽ നിന്നും 90,000 രൂപ നഷ്ടപ്പെട്ടത്.
ഓൺലൈൻ
ഓഹരിയെടുത്തു;
1.36 ലക്ഷം പോയി
നീലേശ്വരം മന്നംപുറത്തെ സി ഗിരീഷ് കുമാറിന് ഓൺലൈൻ ഓഹരിയിടപാടിൽ 1,36,664 രൂപയാണ് നഷ്ടമായത്. സൂപ്പർ മാർക്കറ്റിൽ ഓഹരി വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ജൂലൈ, ആഗസ്‌ത് മാസങ്ങളിലാണ് പണം പോയത്.
കപ്പൽ ജോലിക്ക്
ലക്ഷം പോയി
കപ്പലിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യത്തിൽ വിശ്വസിച്ച് അപേക്ഷ നൽകിയ ദേലമ്പാടി മയ്യളയിലെ റഷീദ് മൻസിലിൽ മുഹമ്മദ് റഷീദിന്റെ ഒരുലക്ഷമാണ് നഷ്ടമായത്. ഫേസ്ബുക്ക് പേജിൽ വന്ന പരസ്യത്തിലൂടെയാണ് പണമടച്ചത്. പണം പോയതിന് പിന്നാലെ ഫോണിൽ വിളിച്ചപ്പോൾ ഒരുപ്രതികരണവുമുണ്ടായില്ല.
കരുതിയിരിക്കാം
പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിർത്തുക.
അയച്ചുകിട്ടുന്ന ഒരുലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും അവർക്ക് ലഭിക്കും.
ഓൺലൈൻ പാർട്ടൈം ജോലികൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി പണം നൽകാതിരിക്കുക.
ഓൺലൈൻ ഗെയിമിലൂടെ പണം സമ്പാദിക്കുമ്പോൾ അതിന് പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓർക്കുക.
വിളിക്കാം 1930
ഓൺലൈനിൽ പണം നഷ്ടമായി എന്ന് ഉടൻ തിരിച്ചറിഞ്ഞാൽ 1930ൽ വിളിച്ചാൽ , തട്ടിപ്പുകാരിലേക്ക് പണം പോകില്ല. നാല് അഞ്ച് മണിക്കൂറിനകം ഈ നമ്പറിൽ വിളിച്ചാൽ, പണം ബാങ്കുകാർ മരവിപ്പിക്കും. കോവിഡിന് ശേഷം ഓൺലൈൻ തട്ടിപ്പുകൾ ഏറെ കൂടിയിട്ടുണ്ട്. സമീപകാലത്ത് ആരംഭിച്ച സൈബർ പൊലീസ് സ്‌റ്റേഷനിലും പരാതി നേരിട്ട് നൽകാം. ഓൺലൈൻ ചതിക്കുഴികളെ കുറിച്ച് ജാഗ്രതയുണ്ടാകുക എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.
പി പ്രമോദ്, സൈബർ സെൽ സിഐ, കാസർകോട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..