20 April Saturday
കെ ടി രാജീവിന്റെ പുസ്തകം

‘മണിയാശാന്റെ പോരാട്ട ജീവിതം’ 
വായനക്കാരിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
ചെറുതോണി
‘സഹ്യനേക്കാൾ തലപ്പൊക്കാമായ് കാരിരുമ്പിനും കല്ലിനും മീതെ സ്നേഹത്തിൻ മറുപേരാം ആശാൻ
കറുത്ത മണ്ണിൻ ചുവപ്പിൻ കരുത്ത്.’
കെ ടി രാജീവ് എഴുതിയ ‘മണിയാശാൻ സഹ്യനിൽ പടർന്ന സമരജ്വാല' പുസ്തകത്തിൽ ഇടുക്കിയുടെ സ്വന്തം എം എം മണിയെ പറ്റിയുള്ള വരികളാണിവ. മണിയാശാനെ അറിയാവുന്നവർക്ക് ഈ വരികൾ മനസ്സിൽ തങ്ങും.
ഇടുക്കിയുടെ വർഗ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എം എം മണിയെന്ന മണിയാശാൻ മാർക്‌സിസ്റ്റ് പാർടിയുടെ ജില്ലയിലെ വളർച്ചയ്ക്ക് നിസ്തുല പങ്കുവഹിച്ചിട്ടുണ്ട്. എം എം മണിയുടെ ജീവിതം തന്നെ പാർടിയുടെ ചരിത്രം കൂടിയാണ്. തൊഴിലാളി സമര പോരാട്ടങ്ങൾക്ക് നേതൃനിരയിൽ നിന്ന മണിയാശാൻ ഇടുക്കിയുടെ രാഷ്ട്രീയ പാഠം തന്നെയാണ്. ഇടുക്കിയുടെ സമര ജ്വാലയായി പടർന്ന സഖാവ് കൂടിയാണ് മണിയാശാൻ. അധസ്ഥിത തൊഴിലാളി വർഗത്തിന്റെ സംഘാടനത്തിലൂടെ സംസ്ഥാനത്തെ പാർടിയുടെ വളർച്ചക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ പോരാളി.
കുടിയേറ്റ മണ്ണിൽ കാടിനോടും മണ്ണിനോടും വലതു രാഷ്ട്രീയത്തിനോടും പടവെട്ടി മുന്നേറിയ ഈ സമരപോരാളിയുടെ ജീവതമാണ് കവിയും മാധ്യമ പ്രവർത്തകനുമായ കെ ടി രാജീവ് പുസ്തക രൂപത്തിലാക്കിയത്.
കൊടിയ ഭീഷണിയുമായി യാഥാസ്ഥിതിക കമ്യൂണിസ്റ്റ് വിരോധികൾ ഉറഞ്ഞുതുള്ളിയിരുന്ന ഘട്ടത്തിൽ ധൈര്യ പൂർവം എം എം മണി ഉൾപ്പെടെയുള്ളവർ വെല്ലുവിളികളെ അവഗണിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്നുള്ള അവകാശങ്ങളും നേട്ടങ്ങളും പാർടി വളർച്ചയും. വിദ്യാർഥിയായിരിക്കെ കെഎസ്എഫ് പ്രവർത്തകനായി, ഭാരവാഹിയായി പാർടി പ്രവർത്തനങ്ങളിൽ ചുവടുവച്ചു തുടങ്ങിയ 1969-–-70 കളിൽ നിന്ന് ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനത്തിനൊടുവിൽ ജനപ്രതിനിധിയായപ്പോൾ വികസന നായകൻ. കക്ഷിരാഷ്ട്രീയത്തിനും ജാതിമത വേർതിരിവുകൾക്കുമപ്പുറം സമഭാവനയോടെ എല്ലാ കാര്യങ്ങളിലും തിരുമാനമെടുക്കുന്നയാൾ. ചൂഷണം അനുഭവിക്കുന്നവരെ ചേർത്തുപിടിച്ച ചുവപ്പിൻ കരുത്ത്. എന്തും എല്ലായ്പ്പ്പോഴും തുറന്നു സംസാരിക്കുന്നതിനിടെ വാർത്താമാധ്യമങ്ങളുടെ വിചാരണയ്ക്കുമുമ്പിൽ “ഞാനൊരു പാവമാടാ ഉവ്വേ, എന്നു പറയുന്ന സാധാരണക്കാരൻ..! മറ്റുള്ളവർ രഹസ്യമായി പറയുന്നതും പറയാൻ മടിക്കുന്ന അപ്രിയ സത്യങ്ങളും മണിയാശാൻ മറയില്ലാതെ തുറന്നടിക്കുന്നു എന്നുമാത്രം. മനസ്സിലൊന്നും മറച്ചുവയ്ക്കാറില്ല ജില്ലയുടെ സ്വകാര്യ അഹങ്കാരം.
ഈ പുസ്തകത്തിന് പുറമെ മുമ്പ്‌ ആറു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫുമാണ്‌ രാജാക്കാട് സ്വദേശി കെ ടി രാജീവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top