25 April Thursday

ലൈഫ് മിഷൻ ആദ്യ ഭവനസമുച്ചയം ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കടമ്പൂരിലെ പനോന്നേരിയിൽ നിർമാണം പൂർത്തിയായ ലൈഫ് ഭവന സമുച്ചയം

 കണ്ണൂർ

ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബർക്കായി ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങി.  ഏപ്രിൽ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ലൈഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ  6751 വീടുകൾ പൂർത്തിയായി.
   കണ്ണൂർ –- -കൂത്തുപറമ്പ് സംസ്ഥാനപാതയിൽനിന്ന്‌ ഒന്നര കിലോമീറ്റർ മാറി പനോന്നേരിയിൽ കടമ്പൂർ പഞ്ചായത്ത് വിട്ടുനൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്നോളജിയിൽ ഭവന സമുച്ചയം നിർമിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്.
 രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്ത്റൂം  സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കും. കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.  ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കും. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും താഴത്തെ നിലയിലെ ഫ്ലാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകുക. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.
തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട്‌ മാനേജ്മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസാണ് കരാറെടുത്ത് നിർമാണം പൂർത്തീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top