25 April Thursday

കാഴ്‌ചപരിമിതർ ലോകകപ്പ്‌ 
ആസ്വദിക്കുന്നതെങ്ങനെ ?

സ്വന്തം ലേഖകൻUpdated: Monday Nov 28, 2022
 മാനന്തവാടി
കേരളത്തിലെ ആദ്യ പുസ്‌തക ഗ്രാമമേത്‌? ചോദ്യംകേട്ട്‌ ക്വിസ്‌ മത്സരം ആസ്വദിക്കാനെത്തിയ പലരുടെയും നെറ്റിചുളിഞ്ഞു. എന്നാൽ എൽപിയിലെ പ്രതിഭകൾക്ക്‌ സംശയമുണ്ടായില്ല. അവർ ‘പെരുങ്കുള’മെന്ന്‌ ഉത്തരമെഴുതി. കളരിപ്പയറ്റ്‌ കോഴ്‌സ്‌ ആംഭിച്ച ജില്ലയിലെ ആദ്യസർവകലാശാല ഏത്‌ ? കണ്ണൂരെന്ന ശരിയുത്തരം ക്വിസ്‌ മാസ്‌റ്റർ അറിയിക്കുമ്പോൾ കൈ ഉയർത്തി യുപിക്കാർ എഴുന്നേറ്റുനിന്നു.
 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും വീറോടെ പൊരുതി.  ഖത്തർ ലോകകപ്പിൽ കാഴ്‌ചപരിമിതരായവർക്ക്‌ സ്‌റ്റേഡിയത്തിൽ എത്തി കളികാണാൻ അവസരം ഒരുക്കുന്ന പുത്തൻ സാങ്കേതിക വിദ്യ ഏതെന്ന ചോദ്യം കുഴപ്പിക്കുമെന്ന്‌ കരുതിയവർക്ക്‌ തെറ്റി. കേവലം കളി കണ്ടുപോകുകയല്ല, ലോകകപ്പിലെ പുത്തൻ അറിവുകൾകൂടി ഒപ്പിയെടുക്കുകയാണ്‌ തങ്ങളെന്ന്‌ ‘ബോണാകിൾ’ എന്ന ഉത്തരം പറഞ്ഞ്‌ കുട്ടികൾ രക്ഷിതാക്കളെ അമ്പരപ്പിച്ചു.  
 
സ്‌റ്റെയിപ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ പ്രതിഭകളുടെ പോരാട്ടമായി. വിദ്യാർഥികൾ വീറോടെ മത്സരിച്ചപ്പോൾ ക്വിസ്‌ മാസ്‌റ്റർമാരും അൽപ്പം വിയർത്തു.  കുട്ടികൾ ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ മൂന്നും നാലും ചോദ്യങ്ങൾവേണ്ടിവന്നു ‘ടൈ’ ബ്രേക്ക്‌ ചെയ്യാൻ.  ഒരുമിച്ചുള്ള മുന്നേറ്റം  മത്സരത്തിന്റെ മാറ്റുകൂട്ടി. ശാസ്‌ത്രം,  കല, സാംസ്‌കാരികം, വൈജ്ഞാനികം, സ്‌പോർടസ്‌ തുടങ്ങിയ എല്ലാ മേഖലകളിൽനിന്നുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു.  ആദ്യം 15 ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയും പിന്നീട്‌ ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട 15 ചോദ്യങ്ങളുമായിരുന്നു ഓരോ വിഭാഗത്തിനും. പവർ പോയിന്റിൽ തയ്യാറാക്കിയ ചിത്രങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചായിരുന്നു ചോദ്യങ്ങൾ ഏറെയും.
കെ അബ്ദുൾ റഷീദ്‌, എൻ സി ഷജിന, എം സനിഷ, എ അജയകുമാർ, അജയ്‌പോൾ, എൻ അനിൽകുമാർ, ആർ വിജി, പി എം ചിഞ്ചു, അഞ്‌ജു ലാസർ എന്നിവർ ക്വിസ്‌ മാസ്‌റ്റർമാരായി. വി എസ്‌ രശ്‌മി, ശ്രുതി സുരേഷ്‌ എന്നിവർ സാഹിത്യമത്സരം നയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top