19 April Friday

ഇവിടെ വിളയും ജൈവ പച്ചക്കറി

പി കെ രാഘവൻUpdated: Monday Nov 28, 2022
 
 
പുൽപ്പള്ളി 
ജൈവ പച്ചക്കറി കൃഷിയിൽ പൊന്നുവിളയിച്ച്‌ മാതൃകയായി കർഷകൻ. കബനീ നദിയോട്‌ ചേർന്ന്‌ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിൽ പൊന്നുവിളയിക്കുകയാണ്‌ പുൽപ്പള്ളി പാക്കം ദാസനക്കരയിലെ പാറവളപ്പിൽ ബാലകൃഷ്ണൻ. അനുകൂല കാലാവസ്ഥയം അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ പച്ചക്കറി കൃഷിയിലൂടെ മികച്ച വരുമാനം നേടാനാകുമെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. 
പത്ത് വർഷം മുമ്പാണ്‌ ദാസനക്കരയിൽ മണൽരാശി കലർന്ന രണ്ടരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ പാവൽ, പയർ, പടവലം കൃഷി ആരംഭിച്ചത്. കൃഷിവകുപ്പിൽ നിന്ന് ലഭിക്കുന്ന മായ ഇനം പാവൽ, നാദശ്രി ഇനം പയർ, നാടൻ പാവൽ വിത്തിനങ്ങളാണ് തടങ്ങളിൽ നട്ടത്. അടിവളമായി എല്ലുപൊടിയും കടലപ്പിണ്ണാക്കും ചേർക്കും. ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനമാണ്. കൃഷിയിൽ സഹായിക്കാൻ പ്രഗീതും വിനോദുമുണ്ട്‌.  
രണ്ട് മാസംകൊണ്ട് വിളവെടുക്കാം. ഉൽപ്പന്നങ്ങൾ നീർവാരത്തെ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്സ് മാർക്കറ്റിങ്‌ സൊസൈറ്റിക്കാണ് നൽകുന്നത്‌. ശരാശരി കിലോഗ്രാമിന് 30 രൂപ വില ലഭിക്കും. ഒരു വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും സെപ്തംബർ മുതൽ നവംബർ വരെയുമാണ് കൃഷിയുടെ കാലയളവ്. 
കാര്യമായ നാശനഷ്ടമുണ്ടായില്ലെങ്കിൽ മൂന്ന് മാസം കൊണ്ട് ഒരേക്കറിൽനിന്ന് ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായമുണ്ടാക്കാം. 
എന്നാൽ, പച്ചക്കറികൾക്ക് സുസ്ഥിരമായ വില ഇല്ലാത്തതാണ് കർഷകരെ അലട്ടുന്നത്. കബനി നദീതീരം പച്ചക്കറി കൃഷിക്ക് വളരെ അനുകൂലമാണെന്നാണ് പോസ്റ്റ്മാൻ കൂടിയായ ബാലകൃഷ്ണന്റെ അഭിപ്രായം. പച്ചക്കറികൾക്ക് ന്യായമായ തറവില സർക്കാർ ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പച്ചക്കറിക്കും പൂകൃഷിക്കും അനുകൂലമായ മണ്ണും കാലാവസ്ഥയുമുള്ള വയനാട്ടിൽ സർക്കാർ സഹായം കൂടി ഉണ്ടെങ്കിൽ ഗുണ്ടൽപേട്ടയേയും തമിഴ്നാടിനെയും ആശ്രയിക്കാതെ കേരളത്തിൽ മികച്ച രീതിയിൽ പച്ചക്കറികളും പൂക്കളും വയനാട്ടിൽ നിന്ന് നൽകാൻ കഴിയുമെന്ന് കർഷകർ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top