25 April Thursday

ഏറ്റെടുത്തത്‌ 5.67 ഹെക്ടർ

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021

ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമി ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫീസർ എം കെ റഹ്മാന് കൈമാറുന്നു

കരുനാഗപ്പള്ളി
ദേശീയപാത 66 വികസനത്തിന്‌ ജില്ലയിൽനിന്ന്‌ ഇതുവരെ ഏറ്റെടുത്തത്‌ 5.67 ഹെക്ടർ. കഴിഞ്ഞദിവസം കാവനാട് യൂണിറ്റിൽ 40 ആർ ദേശീയപാത വിഭാഗം ഏറ്റെടുത്തതോടെയാണ്‌ 5.67 ഹെക്ടറിൽ എത്തിയത്‌. ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ സ്പെഷ്യൽ തഹസിൽദാർ എം ഉഷാകുമാരി ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫീസർ എം കെ റഹ്മാന് കൈമാറി. 
ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 57 ഹെക്ടറാണ്‌ ദേശീയപാത വികസനത്തിന്‌ ഏറ്റെടുക്കേണ്ടത്. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു. കരുനാഗപ്പള്ളി യൂണിറ്റ് മേഖലയിൽനിന്നാണ് കൂടുതൽ ഭൂമി ഏറ്റെടുത്ത് കൈമാറിയത്. ഒന്നാംഘട്ടത്തിൽ മൂന്ന് ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട
ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിലുള്ളവരുടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകാറായി. ഓച്ചിറയിൽ 173 പേരിൽനിന്നും കുലശേഖരപുരത്ത് 39, ആദിനാട്ട് 44 എന്നിങ്ങനെയാണ്‌ ഭൂമി ഏറ്റെടുത്തത്‌. ഇവർക്ക് ആഗസ്ത്‌ ആദ്യവാരം മുതൽ നഷ്ടപരിഹാരം നൽകിയിരുന്നു. നഷ്ടപരിഹാരം നൽകിയ ഭൂമിയിൽ വിട്ടൊഴിയൽ നടപടികളും തുടങ്ങി. ഓച്ചിറ മുതൽ കന്നേറ്റി വരെയുള്ള ആദ്യ റീച്ചിൽ കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര വില്ലേജുകളിലെ കെട്ടിട ഉടമകൾക്ക് 60 ദിവസത്തിനകം ഒഴിഞ്ഞു പോകാൻ നോട്ടീസും നൽകിത്തുടങ്ങി. 
ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിലായി 350 പേരുടെ ഭൂമിയാണ്‌ ആദ്യം മൂന്ന് ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. ഇവയിൽ അവശേഷിക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും പൂർത്തിയായി. രണ്ടാംഘട്ട മൂന്ന് ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഓച്ചിറ മുതൽ കരുനാഗപ്പള്ളി കന്നേറ്റി വരെ അഞ്ചു വില്ലേജുകളിലായി ആകെ 1550 ഭൂവുടമകളാണുള്ളത്. കരുനാഗപ്പള്ളി സെക്‌ഷനിലെ ഏറ്റെടുക്കൽ നടപടികളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്. 
ആലപ്പുഴ മുതൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് വരെയുള്ള പാതയുടെ നിർമാണ കരാർ ഏറ്റെടുത്ത ആന്ധ്രപ്രദേശ്‌ കേന്ദ്രമായ വിശ്വസമുദ്ര കമ്പനി മൂന്നുദിവസത്തിനകം നിർമാണ പ്രവൃത്തി തുടങ്ങും. ജില്ലയിലെ ബാക്കി ഭാഗത്തെ കരാർ ശിവാലയ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top