നൊമ്പരമായി 2013
വെട്ടത്തൂരിനടുത്ത മേൽക്കുളങ്ങരക്കാർ, പത്തുവർഷത്തിനിപ്പുറവും സെപ്‌തംബർ ആറ് മറന്നിട്ടില്ല. നൊമ്പരമായി ഓർമയിലേക്ക് ഓടിയെത്തും. 2013ലെ ഈ ദിവസമാണ് പെരിന്തൽമണ്ണയിൽനിന്ന് മേൽക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന ഫ്രണ്ട്‌സ് ബസ് തേലക്കാടിനുസമീപം പൂവക്കുണ്ടിൽ മരത്തിലിടിച്ച് ഏഴ് വിദ്യാർഥിനികളടക്കം 15 പേു്രടെ ജീവൻ പൊലിഞ്ഞത്. ഇതിൽ 11പേരും മേൽക്കുളങ്ങരക്കാരായിരുന്നു.
2013ൽതന്നെയാണ് താനൂർ മുക്കോലയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് ആഘോഷപൂർവം മടങ്ങിയവരുടെ സന്തോഷം കെടുത്തിയത് കോഴിക്കോടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന എടിഎ എന്ന സ്വകാര്യ ബസ് ആയിരുന്നു. രോഷാകുലരായ നാട്ടുകാർ ബസിന് തീയിട്ടു.
നിറയെ യാത്രക്കാരുമായി ഗുരുവായൂരിൽനിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പിൽവച്ച് കാറിലിടിച്ചു മറിഞ്ഞ് തീപിടിച്ചതിൽ 44 യാത്രക്കാർ വെന്തുമരിച്ചത് 2001 മാർച്ച് 11ന് ആണ്.
താനൂർ മുക്കോലയിലെ ദുരന്തത്തിന് കാരണം ബസ്സിന്റെ അമിതവേഗമായിരുന്നു. ഇതിനുശേഷം ബസുകളുടെ വേഗനിയന്ത്രണം കാര്യക്ഷമമാക്കാൻ സർക്കാർ നടപടിയെടുത്തു. സ്‌പീഡ് ഗവർണർ ഉണ്ടെങ്കിലും അത് മോട്ടോർവാഹന അധികൃതരുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞാൽ പ്രവർത്തിക്കുന്നത് കുറവാണ്. ദേശീയപാതയിലൂടെയുള്ള സ്വകാര്യ ബസുകളുടെ ചീറിപ്പായൽ അതാണ് കാണിക്കുന്നത്. മണിക്കൂറിൽ 65 കിലോമീറ്ററാണ് സംസ്ഥാന–- ദേശീയപാതകളിലെ പരമാവധി വേഗം.
ശ്രദ്ധവേണം; ജീവനാണ്
അമിതവേഗം, അശ്രദ്ധ, മൊബൈൽഫോൺ ഉപയോഗം, മദ്യലഹരി, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ, ട്രിപ്പിൾ റൈഡിങ്, ഓവർലോഡ്, വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തൽ, ലൈസൻസും ഇൻഷുറൻസ് സർട്ടിഫിക്കറ്റും ഇല്ലാതിരിക്കൽ എന്നിവയാണ് കണ്ടുവരുന്ന പ്രധാന നിയമലംഘനങ്ങൾ. അമിതവേഗക്കാരെ കണ്ടെത്താൻ ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കി. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പരിശോധനകൾ വ്യാപകമാക്കിയതും നിയമലംഘനങ്ങൾ ഒരുപരിധിവരെ കുറയ്ക്കാനിടയാക്കി. സർക്കാർ പുതുതായി സ്ഥാപിച്ച ആധുനിക എഐ കാമറകൾ സജീവമായത് നിയമലംഘനങ്ങൾ സ്വമേധയാ കുറയാൻ കാരണമായതായാണ് അനുഭവം. എങ്കിലും കൗമാരപ്രായക്കാരിൽ നമ്പർ പ്ലേറ്റ് മറച്ചും നമ്പറുകൾ ചുരണ്ടിമാറ്റിയും കാമറക്കണ്ണുകളിൽനിന്ന് രക്ഷപ്പെടാനുള്ള പ്രവണതകളും കണ്ടുവരുന്നുണ്ട്.
തിരൂരങ്ങാടി ജോയന്റ് ആർടിഒ ആയിരുന്ന എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരവധി ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ എംവിഐ പി കെ മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തിൽ നോമ്പുകാലത്ത് പള്ളികളിൽ നടത്തിയ ബോധവൽക്കരണവും ശ്രദ്ധേയം.
മരിക്കുന്നവരിൽ
ഏറെയും യുവാക്കൾ
മരിക്കുന്നവരിൽ 76.2 ശതമാനവും 18നും 45നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽതന്നെ 18നും 25നും ഇടയിലുള്ളവരാണ് കൂടുതൽ. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ മുന്നിൽ. ജില്ലയിലെ റോഡപകടങ്ങളും മരണവും 50 ശതമാനം കുറയ്‌ക്കാൻ പൊലീസ് നല്ലയിടപെടൽ നടത്തുന്നുണ്ട്. സ്ഥിരം അപകടസ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘‘ആഗസ്‌തിൽമാത്രം 1750 പേർക്കെതിരെ പൊലീസ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞവർഷം പിഴ ചുമത്തിയത് 30,287 പേർക്കെതിരെയാണ്. ഈ വർഷം എട്ടു മാസത്തിനകം 33,643 ആയി’’–- മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ നിസാർ പറഞ്ഞു.
ഒരുമിച്ച് ശ്രമിക്കാം
ഓരോ അപകടവും ആരുടെയെങ്കിലും പിഴവുകൊണ്ടോ സാഹചര്യങ്ങൾകൊണ്ടോ നിയമപരമല്ലാത്ത ഡ്രൈവിങ്‌കൊണ്ടോ ഉണ്ടാകുന്നതാണ്. ബോധവൽക്കരണത്തിലൂടെ പൊതുസമൂഹത്തിന് റോഡ് സുരക്ഷയെക്കുറിച്ച് അറിവുപകരാനാണ് ശ്രമിക്കുന്നത്. അടുത്തകാലത്താണ് ചില മതപഠന സ്ഥാപനങ്ങൾ അവരുടെ പാഠ്യവിഷയത്തിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തിയത്. ഇ–-ചെല്ലാനും എഐ കാമറയും ഏർപ്പെടുത്തിയത് അപകടം കുറയാൻ കാരണമായിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. അപകടം നടന്ന് ആദ്യ ഒരുമണിക്കൂർ പ്രധാനമാണ്. ഈ സമയത്ത് മതിയായ പ്രാഥമിക ചികിത്സ നൽകിയാൽ മരണം ഒരുപരിധിവരെ തടയാം. റോഡിലെ തിരക്ക് കുറയ്‌ക്കാൻ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണം.
–-സി വി എം ഷെരീഫ്,
ആർടിഒ, മലപ്പുറം.
കൂടുതലും ഇരുചക്രവാഹനക്കാർ
റോഡപകടങ്ങൾ ഉണ്ടാകുന്നതല്ല മറിച്ച് സൃഷ്ടിക്കപ്പെടുന്നതാണ്. അന്വേഷണച്ചുമതല ലഭിച്ച നൂറുകണക്കിന് ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തതിൽ മഹാഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളിലെ യാത്രികരാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് ഏറെയും മരണകാരണം. ഇരുചക്ര വാഹന യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം എന്നതിലേക്കാണിത് വിരൽചൂണ്ടുന്നത്. നിയമലംഘനം തടയാൻ പൊലീസ് നിയമം കർശനമാക്കുന്നതിനൊപ്പം ബോധവൽക്കരണവും നടത്തുന്നു. അപകടരഹിതവും ആനന്ദകരവുമായ സുരക്ഷിത റോഡ് സംസ്കാരമാകണം നമ്മുടെ ലക്ഷ്യം.
–- വി സി കൃഷ്ണൻ,
സബ് ഇൻസ്പെക്ടർ
ട്രാഫിക് എൻഫോഴ്സ്‌മെന്റ്
യൂണിറ്റ്, മലപ്പുറം.
ഗുരുതര സാമൂഹ്യപ്രശ്നം
അശ്രദ്ധയും അറിവില്ലായ്മയും അമിതാവേശവും നിയമലംഘനങ്ങളുമാണ് റോഡിലെ പ്രധാന പ്രശ്‌നം. വാഹനങ്ങളുടെ വർധനയ്ക്കനുസരിച്ച് റോഡുകൾ ശാസ്ത്രീയമായി വികസിപ്പിക്കണം. റോഡ് സുരക്ഷാ പ്രവർത്തനരംഗത്തുള്ള സംഘടനകൾ, വാഹന ഉടമകൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റി പുനഃസംഘടിപ്പിക്കണം. റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ശക്തമാക്കണം. ഇടതുവശത്തൂടെയുള്ള ഓവർടേക്ക് അനുവദിക്കരുത്. രാവിലെ 7.30മുതൽ 10.30വരെയും പകല്‍ 3.30മുതൽ അഞ്ചുവരെയും ട്രക്ക്, ടോറസ് എന്നിവയ്‌ക്ക് വിലക്കേർപ്പെടുത്തണം. സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം പുനഃപരിശോധിക്കണം. എഐ കാമറകൾ സ്ഥാപിച്ചത് ജാഗ്രത കൂട്ടിയിട്ടുണ്ട്.
കെ എം അബ്ദു,
റോഡ് ആക്സിഡന്റ് ആക്‌ഷൻ
ഫോറം സംസ്ഥാന പ്രസിഡന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..