20 April Saturday

ആ ഇരുട്ടില്‍ അവനുമുണ്ടാകുമെന്നാ അച്ഛന്‍ കരുതി..

കെ ബി ജോയ്‌Updated: Tuesday Sep 28, 2021

പ്രതീക്ഷയോടെ കായലിലേക്ക്‌ നോക്കിയിരിക്കുന്ന യേശുദാസൻ

കൊല്ലം 
കായലോളങ്ങളിൽ കൈയെത്തും ദൂരത്തുണ്ടായിരുന്ന മകനെ കൈപിടിച്ചു കയറ്റാൻ കഴിയാതെപോയ നിസ്സഹായതയെ ഓർത്ത്‌ നെഞ്ചുരുകുന്ന വേദനയിലാണ്‌ ഈ അച്ഛൻ. ഇടയ്‌ക്ക്‌ വിങ്ങിപ്പൊട്ടിയും ഉള്ളിൽ തിരയടിക്കുന്ന സങ്കടത്തിനിടയിലും  അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലിരിക്കുകയാണ്‌ മത്സ്യത്തൊഴിലാളിയായ യേശുദാസൻ.

വീടിന്റെ പടികടന്നുവരുന്ന മകൻ സിബിൻദാസിനു (19)വേണ്ടി ഉറങ്ങാതിരിക്കുന്നു ഈ കുടുംബം. യേശുദാസനും മകൻ സിബിനും തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ അഷ്ടമുടിക്കായലിൽ പ്രാക്കുളം സാമ്പ്രാണിക്കോടി ഭാഗത്ത് മീന്‍പിടിക്കുന്നതിനിടെയാണ് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞത്. ഇരുവരും കര ലക്ഷ്യമാക്കി നീന്തി. കൂരിരുട്ടിൽ ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും പിന്നാലെ മകനുണ്ടെന്നായിരുന്നു  ഈ അച്ഛന്റെ ധാരണ. നേരത്തേ ഇൻഡോ –-ടിബറ്റൻ ബോർഡർ ഫോഴ്സിൽ (ഐടിബി)ജോലി ചെയ്തിരുന്ന യേശുദാസന്‌ തന്റെ കായികശേഷി കരുത്തായി. നീന്തി കരയിലെത്തിയ അദ്ദേഹം മകനെ കാണാതായതോടെ പലതവണ ഉറക്കെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ഒടുവിൽ സമീപത്തെ വീട്ടുകാരെ വിളിച്ചുണർത്തി വിവരം പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ സാമ്പ്രാണിക്കോടിയിലെത്തി സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളെ വിവരമറിയിച്ചു. അവർക്കൊപ്പമെത്തി യേശുദാസനും തെരച്ചിലിൽ ഏർപ്പെട്ടു. ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. പുലർച്ചെ എത്തിയ ഫയർഫോഴ്സ് സ്കൂബാ ടീമിലെ മുങ്ങൽ വിദഗ്‌ധരും പൊലീസും പകൽ മുഴുവൻ തെരഞ്ഞെങ്കിലും സിബിനെ കണ്ടെത്താനായില്ല. കുരീപ്പുഴ അയ്യൻകോയിക്കൽ വടക്കടത്ത് വടക്കതിൽ യേശുദാസും കുടുംബവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. യേശുദാസന്‌ ചെറുപ്പത്തിലെ ഐടിബിയിൽ ജോലി ലഭിച്ചു.

വിരമിച്ച ശേഷം മീന്‍പിടിത്തം തൊഴിലാക്കുകയായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ ബിരുദ വിദ്യാർഥിയായ സിബിനും ഇടയ്‌ക്കൊക്കെ അച്ഛനൊപ്പം കൂടും. കുട്ടിക്കാലത്തുതന്നെ കായലിൽ നീന്തിക്കളിച്ചു വളർന്ന സിബിൻ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ്‌  യേശുദാസും ഭാര്യ സിന്ധുദാസും ബന്ധുക്കളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top