19 April Friday
വിവരാവകാശ രേഖ പുറത്ത്‌

സഹായം വാഗ്‌ദാനംചെയ്‌ത്‌ കോൺഗ്രസ്‌ എംപി 
ബലാത്സംഗം ചെയ്‌തതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കണ്ണൂർ

സഹായം വാഗ്‌ദാനംചെയ്‌ത്‌ ബലാത്സംഗംചെയ്‌തെന്നാരോപിച്ച്‌ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ പാർലമെന്ററി പാർടിയിലെ പ്രമുഖനുമായ തെക്കൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിക്കെതിരെ വിധവ നൽകിയ പരാതി ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ മുക്കി. കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കും പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. പരാതി കോൺഗ്രസ്‌ നേതൃത്വം പൊലീസിന്‌ കൈമാറിയുമില്ല. 
കണ്ണൂർ അഴീക്കോട്‌ സ്വദേശിയായ പരാതിക്കാരി ഇപ്പോൾ ഗോവയിൽ മകളുടെകൂടെയാണ്‌ താമസം. മര വ്യാപാരിയായ ഭർത്താവിന്റെ മരണശേഷം ഉപജീവനത്തിനായി ഖത്തറിലെ ഹോട്ടലിൽ ജോലിചെയ്യവെയാണ്‌ കെപിസിസി ഭാരവാഹികൂടിയായിരുന്ന എംപിയെ പരിചയപ്പെട്ടതെന്ന്‌ പരാതിയിൽ പറയുന്നു. അതേ ഹോട്ടലിലെ സുരേന്ദ്രൻ എന്ന ജീവനക്കാരനാണ്‌ എല്ലാ സഹായവും എംപി നൽകുമെന്നുപറഞ്ഞ്‌ പരിചയപ്പെടുത്തിയത്‌. തുടർന്ന്‌ എംപി താമസിക്കുന്ന ഹോട്ടലിലേക്കുകൊണ്ടുപോയി. അവിടെ മുറിയിൽവച്ച്‌ ബലാത്സംഗം ചെയ്‌തു. പിന്നീടങ്ങോട്ട്‌ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തുടർച്ചയായി ബലാത്സംഗംചെയ്‌തു. മാനസികമായും വൈകാരികമായും പീഡിപ്പിച്ചു. അധികാര സ്വാധീനമുള്ള എംപിയാണെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാലാണ്‌ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പരാതിയിലുണ്ട്‌. വിധവയുടെ പരാതി കിട്ടിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്‌ ലോക്‌സഭാ സെക്രട്ടറിയറ്റിൽനിന്ന്‌ മറുപടി ലഭിച്ചിട്ടുണ്ട്‌. പരാതിയിലെടുത്ത നടപടിയെക്കുറിച്ച്‌ വെളിപ്പെടുത്താനാകില്ലെന്നും മറുപടിയിലുണ്ട്‌.
2019 ഡിസംബർ പത്തിനാണ്‌ മറുപടി ലഭിച്ചത്‌. എന്നാൽ രണ്ടരവർഷം കഴിഞ്ഞിട്ടും തുടർനടപടി എടുത്തിട്ടില്ല. ഇതേ വർഷം ഒക്ടോബർ 19നാണ്‌ സോണിയാഗാന്ധിക്കും പരാതി നൽകിയത്‌. പരാതി പൂഴ്‌ത്തിയെന്ന്‌ മാത്രമല്ല, ഇതുവരെ എംപിയോട്‌ കോൺഗ്രസ്‌ നേതൃത്വം വിശദീകരണംപോലും ചോദിച്ചില്ലെന്നാണ്‌ അറിയുന്നത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top