20 April Saturday

ഉല്ലസിച്ച് പഠിക്കാം, വർണക്കൂടാരമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ചെറുവത്തൂർ ഗവ. വെൽഫയർ യുപി സ്‌കൂളിലെ വർണക്കൂടാരം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു.

കാസർകോട്‌
ഇഷ്ടത്തോടെയും സന്തോഷത്തോടെയും കുട്ടികൾക്ക് ഇടപെടാനുള്ള ഇടങ്ങളായി നിറങ്ങളുടെ കൂടാരമായി മാറുകയാണ്‌ സംസ്ഥാനത്തെ പ്രീപ്രൈമറി സ്‌കൂളുകൾ. കളിയിടങ്ങളും കളിപ്പാട്ടങ്ങളുമായി പ്രീപ്രൈമറി പഠനം ആയാസരഹിതമാക്കാൻ ‘വർണക്കൂടാരം’ പദ്ധതി തയ്യാറാക്കി  വിപുലമായ പ്രവർത്തനങ്ങളാണ്‌  നടപ്പാക്കുന്നത്‌.  
പ്രീപ്രൈമറി അധ്യാപകർക്ക്‌ സമഗ്ര പരിശീലനം നൽകുന്ന  റസിഡൻഷ്യൻ ക്യാമ്പ് -‘കഥോത്സവം’  വിവിധ ജില്ലകളിൽ തുടങ്ങി.  ഇതോടൊപ്പം സ്‌കൂളുകളോട്‌ ചേർന്നുള്ള ‘വർണക്കൂടാരം’ പ്രത്യേക  പഠനയിടങ്ങളുടെ നിർമാണവും പൂർത്തിയായി. ജൂൺ അഞ്ചിനകം സംസ്ഥാനത്തെ 650  സ്‌കൂളുകളിൽ  വർണക്കൂടാരങ്ങളും ഒരുങ്ങും.    
 പാറക്കെട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളവും ഫൗണ്ടനും മാനും മയിലും ജിറാഫും പറവകളുമെല്ലാം കുട്ടികൾക്കൊപ്പം പഠനയിടങ്ങളിലുണ്ടാകും.  അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്നത്‌.  
ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘുശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി 13 പ്രവർത്തനയിടങ്ങളാണ്‌ സജ്ജമാവുക.   ഒന്നാം ക്ലാസിനുമുമ്പ് കുട്ടിയെ ശാസ്ത്രീയമായി തയ്യാറാക്കാൻ ഉദ്ദേശിച്ചുള്ള കേരളത്തിന്റെ വർണക്കൂടാരം എന്ന പേരിൽ സ്‌കൂളിന് 10 ലക്ഷം രൂപ അനുവദിച്ച് തയ്യാറാക്കുന്ന സംവിധാനമാണിത്‌.  കുട്ടിയുടെ മസ്തിഷ്‌കവളർച്ചയുടെ 80 ശതമാനവും നടക്കുന്ന പ്രീപ്രൈമറി കാലഘട്ടത്തിൽ അതിനുതക്ക സ്‌കൂളനുഭവം നൽകുകയാണ് സർക്കാരിന്റെ  ലക്ഷ്യം.    
എസ്‌എസ്‌കെ കാസർകോടും ബിആർസി ചെറുവത്തൂരും ചെറുവത്തൂർ ഗവ. വെൽഫേർ യുപി സ്‌കൂളിൽ ഓരുക്കിയ മാതൃക പ്രീ സ്‌കൂൾ‘ സ്‌റ്റാർസ്‌’ വർണക്കൂടാരം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള അധ്യക്ഷയായി.   സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ  വിഎസ് ബിജുരാജ്, ജില്ലാ പ്രോജക്ട്  ഓഫീസർ കെ പി രഞ്ജിത്ത് , ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം  സുനിൽകുമാർ, ഡിഇഒ പി കെ സുരേശൻ തുടങ്ങിയവർ സംസാരിച്ചു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top