20 April Saturday

എല്ലാ ചിരികളും അവസാനിപ്പിച്ച്‌...

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023

ഇന്നസെന്റിന് എ വിജയരാഘവൻ അന്ത്യോപചാരം അർപ്പിക്കുന്നു

ഇരിങ്ങാലക്കുട 
‘ ഇത്തവണ കർത്താവ്‌ ശരിക്കും വിളിച്ചൂട്ടാ...’ ‘പാർപ്പിട’ ത്തിൽ  തന്നെ കാണാൻ വന്നവരെ നോക്കി ഇന്നസെന്റ്‌ ഇങ്ങനെ പറഞ്ഞുകാണുമോ. താൻ കാൻസർ ബാധിതനാണെന്ന്‌ അറിഞ്ഞ കാലത്ത്‌ ഇന്നസെന്റ്‌ പറഞ്ഞ  ഡയലോഗ്‌  ‘ഇയാളെ കർത്താവ്‌ വിളിച്ചില്ലേ’ ഇന്നും വൈറലാണ്‌.  ആത്മകഥയിലും  നിവരധി അഭിമുഖങ്ങളിലും ഇന്നസെന്റ്‌ പറഞ്ഞ കഥ. കാൻസർ ബാധിതനാണെന്ന്‌ തിരിച്ചറിഞ്ഞ സമയം. വീടിന്റെ വരാന്തയിലെ കസേരയിൽ ചുരുണ്ടുകൂടി കിടക്കുകയാണ്‌. ആ സമയം പള്ളിയിൽ പോയി തിരിച്ചുവരികയായിരുന്ന ഏതാനും സ്‌ത്രീകൾ പടിക്കൽനിന്ന്‌ അടക്കം പറയുന്നു. ‘മ്മക്ക്‌ ആ ഇന്നസെന്റിനെ ഒന്ന്‌ കണ്ട്‌ പോയാലോ’ എന്ന്‌ ഒരാൾ. ‘ഏയ്‌... ഞാൻ ഇന്നാള്‌ കണ്ടിരുന്നു, ഇപ്പളൊന്നും ആവില്ല’ എന്ന്‌ രണ്ടാമത്തെയാൾ. കാണാൻ വന്നാൽ തലതൊട്ട്‌ കാൽവരെ ഒരു നോട്ടമാണ്‌. അതോടെ പകുതി ജീവൻ പോവും. കുറച്ചുസമയം നോക്കി നിന്നശേഷം പ്രാർഥിക്കാമെന്ന്‌ പറയും. വേണ്ടെന്ന്‌ പറഞ്ഞാലും പ്രാർഥിക്കാമെന്ന്‌ അവർ പറയും. അപ്പോൾ ആലീസ്‌ പറയും, പ്രാർഥിച്ചോട്ടെ.   ‘ദൈവമായ കർത്താവേ  നമ്മുടെ സഹോദരൻ  ഇന്നസെന്റിനെ   ഞങ്ങൾ അങ്ങയെ   ഏൽപ്പിക്കുന്നു...’  ഇതാണ്‌ പ്രാർഥന. അതു കേട്ടാൽ  ഉള്ള ജീവനും പോവും.   പിന്നീട്‌ ഭാര്യ ആലീസിന്‌ വെറുതെ ഒരു ടെസ്റ്റ്‌ നടത്തി.  ബ്രസ്‌റ്റ്‌ കാൻസർ സ്ഥിരീകരിച്ചു. അപ്പോ ദേ വരുന്നു അടുത്ത കുരിശ്‌.   ഉപദേശിയായ സ്‌ത്രീ വന്ന്‌ പറയുകയാണ്‌ ആലീസിനും തനിക്കും നല്ല  മനപ്പൊരുത്തമാണ്‌, അതുകൊണ്ടാണ്‌ രണ്ടുപേർക്കും കാൻസർ വന്നതെന്ന്‌. എന്റെ അടുത്ത വീട്ടിൽ സുന്ദരിയായ സ്‌ത്രീയുണ്ട്‌. കഷ്‌ടകാലത്തിന്‌ അവർക്കാണ്‌ കാൻസർ വന്നതെങ്കിൽ ഇവർ എന്തായിരിക്കും പറയുക.  ഇന്നസെന്റ്‌ മരിക്കുന്നതിന്‌ ദിവസങ്ങൾക്കുമുമ്പും ഇത്തരത്തിൽ മരണവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ഇന്നസെന്റ്‌ ചിരിച്ചു തള്ളിയിരിക്കും. ഇപ്പോൾ എല്ലാ ചിരികളും അവസാനിപ്പിച്ച്‌ ഇന്നസെന്റ്‌ ശരിക്കും വിടപറയുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top