26 April Friday

404 ആരോഗ്യപ്രവർത്തകർ 
കൂടി രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കോട്ടയം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  ജില്ലയിൽ 404 ആരോഗ്യപ്രവർത്തകരെ താൽകാലികമായി നിയോഗിക്കുന്നു. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക്  കോവിഡ് ബാധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഇതു പരിഹരിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമാണ് ഡോക്ടർമാർ, നേഴ്‌സുമാർ, ഡേറ്റ എൻട്രി ഓപറേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴി താൽകാലികമായി നിയോഗിക്കുക. മാർച്ച് 31 വരെ ഇവരെ നിയോഗിക്കുന്നതിന് സർക്കാർ ഉത്തരവായി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനായി കൂടിയ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുടെയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി വി എൻ വാസവനാണ്‌ ഇക്കാര്യമറിയിച്ചത്‌.   
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളും ദ്രുതകർമ സംഘവും(ആർആർടി), ഫലപ്രദമായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കണം. കോർകമ്മിറ്റി വിളിച്ചുകൂട്ടി ഊർജിതമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം.  കുടുംബത്തിലെ മുഴുവൻ പേർക്കും കോവിഡ് ബാധിക്കുന്ന സ്ഥിതിയുണ്ടായാൽ ഭക്ഷണസാധനങ്ങളോ ഭക്ഷണമോ എത്തിച്ചു നൽകാനുള്ള സംവിധാനമൊരുക്കണം. ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ ആരംഭിക്കാനും യോഗം നിർദേശിച്ചു.  കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, തദ്ദേശസ്ഥാപന അധ്യക്ഷർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top