തിരുവനന്തപുരം
24 മണിക്കൂറും പരിചരിക്കേണ്ടി വരുന്ന ഭിന്നശേഷി കുട്ടികൾക്കായി പൂർണ പുനരധിവാസ ഗ്രാമങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽ ഇതിനായി സ്ഥലം കണ്ടെത്തി. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ റീജണൽ ഏർലി ഇന്റർവൻഷൻ ആൻഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാർഷികവും ഭിന്നശേഷി കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിത്വം ഏറ്റവുമാദ്യം തിരിച്ചറിയുകയും അതിനുവേണ്ട പരിഹാര നടപടികൾ സ്വീകരിക്കുകയുമാണ് റീജണൽ ഏർലി ഇന്റർവൻഷൻ ആൻഡ് ഓട്ടിസം സെന്റർ നടപ്പാക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും പൂർണമായ സാമൂഹിക പുനരധിവാസത്തിനും കഴിയുന്ന പരിശീലന പരിപാടികൾ ലഭ്യമാക്കണം. അങ്ങനെ സ്വയം പര്യാപ്തതയിലേയ്ക്ക് അവരെ വളർത്തേണ്ടതുണ്ട്. ‘തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’ എന്നതാണ് സാമൂഹ്യനീതിവകുപ്പ് ഉയർത്തുന്ന മുദ്രാവാക്യം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സമ്പൂർണ പുനരധിവാസത്തിനുവേണ്ട കൂടുതൽ പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഷിബു പദ്ധതി വിശദീകരിച്ചു. സാമൂഹ്യ നീതി ജോയിന്റ് ഡയറക്ടർ കെ വി സുഭാഷ് കുമാർ, പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു, ഡോ. ജി എസ് ബിന്ദു, ഡോ. എ ഷെർമിൻ നസ്റിൻ, ഡോ. മേരി ഐപ്പ്, ഡോ. ആർ ജയപ്രകാശ് എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ അനുഭവം പങ്കുവച്ചു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..