ഇരിട്ടി
ലൈഫ് പാർപ്പിട പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 70 വീടുകളുടെ താക്കോൽ സ്പീക്കർ എ എൻ ഷംസീർ വ്യാഴാഴ്‌ച പകൽ മൂന്നിന് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ കെ ശ്രീലത വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുനിസിപ്പാലിറ്റികളിൽ നടപ്പാക്കുന്ന പിഎംഎവൈ (നഗരം) ലൈഫ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ മുന്നിലെത്തിയ നഗരസഭയാണ് ഇരിട്ടി. ആദ്യഘട്ടത്തിൽ ലൈഫിൽ 380 വീടുകൾ നിർമിച്ച് കൈമാറിയിരുന്നു. ജില്ലാതല പുരസ്കാരവും നേടി. ഇത്തവണ 137 വീടാണ് നിർമിക്കുന്നത്. ഇവയിൽ 70 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. മറ്റുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പൊതുവിഭാഗം 488, എസ്‌സി 34, എസ്‌ടി 21 എന്നിങ്ങനെ 543 ഗുണഭോക്താക്കളാണ് ലൈഫ് പാർപ്പിട പദ്ധതിയിൽ. നിലവിലെ ഭരണസമിതി നൽകുന്ന 137 വീടുകളടക്കം 418 കുടുംബങ്ങൾക്ക് പുതിയ വീടാകുന്നു. 21. 72 കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതത്തിന് പുറമെ 6. 88 കോടിയുടെ ഹഡ്‌കോ വായ്പ, നഗരസഭാ പ്ലാൻ ഫണ്ട്, തനത് ഫണ്ട് എന്നിവകൂടി ഉപയോഗിച്ചാണ് നൂറ് കണക്കിന് കുടുംബങ്ങളുടെ പാർപ്പിട പ്രശ്‌നം മുനിസിപ്പൽ ഭരണസമിതി പരിഹരിക്കുന്നത്. ലൈഫിലെ 109 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ തൊഴിലുറപ്പ് പദ്ധതിയും നഗരസഭ പ്രയോജനപ്പെടുത്തി. 4320 തൊഴിൽ ദിനങ്ങൾ വീട് നിർമിതിക്കായി ഈ കുടുംബങ്ങളിൽ സൃഷ്ടിച്ചു. ഇതുവഴി 13, 43, 520 രൂപയുടെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തതോടെ ലക്ഷം വീട് കോളനികളടക്കമുള്ളവരുടെ സ്വന്തം വീടെന്ന സ്വപ്നം വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചെന്ന് ചെയർമാൻ കെ ശ്രീലത പറഞ്ഞു.
താക്കോൽ കൈമാറ്റച്ചടങ്ങിൽ സണ്ണിജോസഫ് എംഎൽഎ അധ്യക്ഷനാകും. വൈസ് ചെയർമാൻ പി പി ഉസ്‌മാൻ, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, എ കെ രവീന്ദ്രൻ, എ കെ ഷൈജു, വി പി അബ്‌ദുൾ റഷീദ്, വി ശശി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..