19 April Friday

കുടുംബശ്രീ ജില്ലാ കലോത്സവം ഹൊസ്ദുർഗ് താലൂക്ക് 
ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കുടുംബശ്രീ കലോത്സവം സമാപനസമ്മേളനം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യുന്നു

 മുന്നാട്

കുടുംബശ്രീ ജില്ലാകലോത്സവത്തിൽ ഹൊസ്ദുർഗ് താലൂക്ക് ജേതാക്കൾ. കാസർകോട് താലൂക്ക് രണ്ടാം സ്ഥാനം നേടി. കുടുംബശ്രീ സിഡിഎസുകളിൽ ബേഡഡുക്ക പഞ്ചായത്താണ് ഒന്നാമത്. അജാനൂർ, കിനാനൂർ പഞ്ചായത്തുകൾ മികച്ച മുന്നേറ്റം കാഴ്ച്ച വച്ചു.
മുന്നാട് ഇ എം എസ് അക്ഷര ഗ്രാമത്തിൽ പീപ്പിൾസ് കോളേജ് പരിസരത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന അരങ്ങ് 2023 ഒരുമയുടെ പലമയുടെ സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനവും സമ്മാനവിതരണവും നടത്തി.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. കുടുംബശ്രീ ഡിഎംസി ഇൻചാർജ്സി എച്ച് ഇഖ്ബാൽ സ്വാഗതവും   പ്രോഗ്രാം മാനേജർ ഷിബി നന്ദിയും പറഞ്ഞു.  രജതം, ഹരിതം, യുവതം എന്നീ മൂന്ന് വേദികളിലായി 63 മത്സരങ്ങൾ നടന്നു. നാല്‌ താലൂക്കുകളിലായി 38 കുടുംബശ്രീ സിഡിഎസ്സുകൾ, ആയിരത്തിലധികം കലാകാരികൾ മത്സരങ്ങളുടെ ഭാഗമായി.
 
സരിതയും മക്കളുമാണ്‌ താരം
മുന്നാട്
കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ട്രിപ്പിൾ നേട്ടവുമായി മിമിക്രി താരം സരിത. മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട് ഇനങ്ങളിൽ മുളിയാർ സിഡിഎസിലെ പി കെ സരിത ഒന്നാം സ്ഥാനം നേടി. 
മല്ലം സ്വദേശിയും മധുവാഹിനി കുടുംബശ്രീ അയൽക്കൂട്ടം അംഗവുമാണ്‌. നിരവധി സ്റ്റേജ് ഷോകളിലും മിമിക്രി അവതരിപ്പിച്ചു.  ഭർത്താവ് കെ
ശിവൻ. മകൾ  ഇരിയണ്ണി സ്കൂളിലെ പത്താം തരം വിദ്യാർഥി പി കെ വർഷ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിലും ഒപ്പനയിലും എ ഗ്രേഡ് നേടി. മറ്റൊരു മകൾ ശിവാനി ചാനൽ പരിപാടികളിലും ശ്രദ്ധേയ താരമാണ്‌. 
 
താരമായി ജനപ്രതിനിധിയും
മുന്നാട്
പെൺകരുത്തിന്റെ കലോത്സവ നഗരിയിൽ താരമായി ജനപ്രതിനിധിയും. അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ സംഘനൃത്തം, സ്കിറ്റ് (മലയാളം) എന്നിവയിൽ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷം സംസ്ഥാനതല കുടുംബശ്രീ കലോത്സവത്തിൽ നാടകത്തിൽ ശോഭ ഒന്നാംസ്ഥാനം നേടിയിരുന്നു. 
നാടകപരിശീലനം പകൽ ആയതിനാൽ പഞ്ചായത്തിലെ തിരക്കുകൾക്കിടയിൽ സമയം ലഭിക്കുന്നില്ലയെന്നും അതിനാൽ ഈവർഷം നാടകത്തിന്റെ ഭാഗമായില്ല എന്നും ശോഭ പറഞ്ഞു. തിരുവാതിര, ഒപ്പന എന്നിങ്ങനെ എല്ലാ കലായിനങ്ങളിലും ചെറുപ്പം മുതൽ പങ്കെടുക്കാറുള്ള ശോഭ അജാനൂർ സിഡിഎസിന്റെ കീഴിൽ രംഗശ്രീ എന്ന കലാട്രൂപ്പിനും രൂപം നൽകി. വേലാശ്വരം രാമചന്ദ്രൻ സംഘ നൃത്തത്തിലും നാടക കലാകാരൻ രമേശൻ മടിയൻ സ്കിറ്റിലും പരിശീലകനായി. വേലാശ്വരം സ്വദേശിയാണ് ശോഭ . ഭർത്താവ് ടി ദാമോദരൻ. മക്കൾ: ആദർശ്, ശരത്ത്, ആതിര.
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top