27 April Saturday
10 ദിവസത്തിനകം ആയിരം രൂപ വർധിച്ചു

ഇഞ്ചിവിലയിൽ കുതിപ്പ്‌: 
കർഷകർക്ക്‌ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
സ്വന്തം ലേഖകൻ
കൽപ്പറ്റ
ഇഞ്ചിക്കർഷകർക്ക്‌ ആശ്വാസമായി വിപണിയിൽ ഇഞ്ചി വിലയിൽ വൻ കുതിപ്പ്‌. കഴിഞ്ഞ പത്ത്‌ ദിവസത്തിനുള്ളിൽ ആയിരം രൂപയുടെ വർധനയാണ്‌ കർഷകർക്ക്‌ ലഭിച്ചത്‌. കർണാടകത്തിൽ കൃഷിനടത്തുന്നവർക്കാണ്‌ കൂടുതൽ നേട്ടം. മാർച്ച്‌ ആദ്യവാരത്തിൽ 60 കിലോ ചാക്കിന്‌ 2400 രൂപയായിരുന്നത്‌ രണ്ടാം വാരത്തോടെ 2600 ലേക്ക്‌ എത്തി. ‌ എന്നാൽ പത്ത്‌ ദിവസം പിന്നിട്ടതോടെ വില 3700 രൂപയിലെത്തിയതോടെ കർഷകർ വലിയ പ്രതീക്ഷയിലാണ്‌. കർണാടകത്തിൽ നാലായിരത്തിന്‌ മുകളിൽ വില ലഭിക്കുന്നുണ്ട്‌. 
വിളവെടുപ്പ്‌ സീസണായ ഡിസംബർ, ജനുവരി മാസങ്ങളിൽ 1600 രൂപയായിരുന്നു. വിലയില്ലാത്തതിനാൽ മണ്ണ്‌ നനച്ച്‌ ഇഞ്ചി സൂക്ഷിച്ചുവയ്‌ക്കുകയായിരുന്നു ഇടത്തരം കർഷകരിലധികവും. എന്നാൽ രണ്ട്‌ മാസത്തിനകം വില വർധിച്ചതോടെ കർഷകർ ഇഞ്ചി വിപണിയിലെത്തിക്കുന്നു. ‌ ഫെബ്രുവരിയോടെ വില 2400 ലേക്ക്‌ എത്തിയിരുന്നു. ഉൽപ്പാദനക്കുറവും ഉത്തരേന്ത്യൻ വിപണിയിൽ ഇഞ്ചിക്ക്‌ ആവശ്യം വർധിച്ചതുമാണ്‌ ജില്ലയിലും കർണാടകത്തിലും വില കുതിച്ചുയരാൻ കാരണം. കർണാടകത്തിൽ ഉഗാദി ഉത്സവമായതോടെ ഇഞ്ചിക്ക്‌ ആവശ്യക്കാർ കൂടിയതും തുണയായി. ജില്ലയിൽനിന്ന്‌ നിരവധി കർഷകരാണ്‌ കർണാടകയിലെ ഷിമോഗ, എച്ച്ഡികോട്ട, എൻആർ പുര,  അന്തർസന്ത  ഭാഗങ്ങളിലായി ഇഞ്ചി കൃഷി ചെയ്യുന്നത്‌.  
കഴിഞ്ഞ വർഷം ഈ സീസണിൽ കർഷകർക്ക്‌ ലഭിച്ച വിലയേക്കാൾ ആയിരം രൂപയിലധികം വർധന ലഭിച്ചതായി കർഷകർ പറഞ്ഞു. 30 മുതൽ 50 ഏക്കർവരെ കൃഷിചെയ്യുന്ന കർഷകർക്ക്‌ വില വർധന വലിയ ഗുണം ചെയ്യും. അതേസമയം ഒരോവർഷവും ഉൽപ്പാദനചെലവ്‌ വർധിക്കുന്നതിൽ കർഷകർക്ക്‌ ആശങ്കയുണ്ട്‌. രണ്ട്‌ വർഷം മുമ്പ്‌ 60 കിലോ ചാക്കിന്‌ 700, 800 രൂപയിലേക്ക്‌ വില കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ വർഷം വിളവെടുപ്പിന്റെ തുടക്കത്തിൽ ആയിരത്തിനടുത്തായിരുന്നു വില.  പത്ത്‌ ദിവസത്തിനിടയിലുണ്ടായ വർധന വലിയ ആശ്വാസമാണെന്ന്‌ കർഷകർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top