24 April Wednesday

ഇത്‌ ഹൃദയതാളം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

പൊന്നട കോട്ടംചിറ കോളനിയിലെ കുട്ടികൾക്ക്‌ സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ നാസിക്‌ ഡോളുകൾ കൈമാറിയപ്പോൾ

സ്വന്തം ലേഖകൻ
കൽപ്പറ്റ
നാസിക്‌ ഡോളിൽ താളമിട്ടപ്പോൾ അവരുടെ പുഞ്ചിരി മുഖത്തായിരുന്നില്ല, ഹൃദയങ്ങളിലായിരുന്നു. പിന്നീടവർ പെരുമ്പറ മുഴക്കി. ഗോത്രതാളത്തിൽ പൊന്നട പുളകിതമായി. 
കൽപ്പറ്റ പൊന്നട കോട്ടംചിറ കോളനിയിലെ  ബാലൻമാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു സ്വന്തം ‘നാസിക്‌ ഡോൾ ടീം’ എന്നത്‌. പാട്ടും കൊട്ടും ഏറെ ഇഷ്ടപ്പെടുന്ന ഇവർ ഉപകരണങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. മുൻ എംഎൽഎയും സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമാനുമായ സി കെ ശശീന്ദ്രനോട്‌ ആഗ്രഹം പറഞ്ഞതോടെയാണ്‌ സ്വപ്‌നം പൂവണിഞ്ഞത്‌.  പ്രദേശത്തുകാരൻകൂടിയായ ശശീന്ദ്രൻ ആദിവാസി ബാലൻമാരുടെ ആഗ്രഹം നിറവേറ്റാനായി ഇടപെട്ടു. പട്ടികവർഗ വകുപ്പ്‌ മുഖേന അരലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കി. നാസിക്‌ ഡോൾ പരിശീലനത്തിനും കലാ–-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുമായി ഇവർ നവധാര ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബും രൂപീകരിച്ചു. കോളനിയിലെ ജിഷ്‌ണു പ്രസിഡന്റും നഖിൽ സെക്രട്ടറിയുമായി. എട്ടാം ക്ലാസ്‌ മുതലുള്ള 16 പേരാണ്‌ നാസിക്‌ ഡോൾ ടീമിലുള്ളത്‌. പലരും നേരത്തെ പരിശീലനം നേടിയിട്ടുണ്ട്‌. സ്വന്തമായി ഉപകരണങ്ങളായതോടെ ബാക്കിയുള്ളവർക്കും പരിശീലനം നേടാനാകും. കുട്ടികളുടെ ആഗ്രഹം സാധിച്ചതിൽ കോളനിക്കാരും ആഹ്ലാദത്തിലാണ്‌. 
ഞായറാഴ്‌ച ഇ കെ നായനാർ സ്‌മാരക വായനശാലയിൽ നടത്തിയ ചടങ്ങിൽ നാഡിക്‌ ഡോൾ സി കെ ശശീന്ദ്രൻ കൈമാറി. കൗൺസിലർ എം ബി ബാബു അധ്യക്ഷനായി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ ജംഷീദ്‌, പി വിശ്വനാഥൻ, സംഗീത്‌ സന്തോഷ്‌ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top