20 April Saturday

മൂന്നു വയസ്സുകാരന്‌ രക്ഷകരായി 
ശ്രീഹരിയും വിനായകനും

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ശ്രീഹരിയും വിനായകും ആശുപത്രിയിൽ ചികിത്സയിലുള്ള ആദിനാഥിനും അമ്മ കവിതയ്‌ക്കുമൊപ്പം

കൊട്ടാരക്കര
കെഎസ്‌ആർടിസി ബസിൽവച്ച്‌ അപസ്‌മാരംവന്ന്‌ ബോധരഹിതനായ മൂന്നു വയസ്സുകാരന് രക്ഷകരായി വിദ്യാർഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവിഎച്ച്‌എസ്‌ സ്കൂളിലെ  പത്താംക്ലാസ്‌ വിദ്യാർഥികളായ ശ്രീഹരിയും വിനായകുമാണ്‌ ആശുപത്രിയിലെത്തിച്ച്‌ കുട്ടിയുടെ ജീവൻ രക്ഷിച്ചത്‌. കഴിഞ്ഞദിവസം കൊട്ടാരക്കര കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ ചെപ്ര –- ഉമ്മന്നൂർ –- വാളകം സർക്കുലർ ബസിലാണ് സംഭവം. കിടപ്പുരോഗിയായ അമ്മ കമലമ്മയെ പരിചരിക്കാനായി ശാസ്‌താംകോട്ടയിലെ ഭർത്താവിന്റെ വീട്ടിൽനിന്നും ചെപ്ര മത്തായിമുക്കിലേ കുടുംബവീട്ടിലേക്കു പോകുകയായിരുന്നു കവിതയും മകൻ ആദിനാഥും. പനിയായിരുന്ന കുഞ്ഞിനെ കവിത ആശുപത്രിയിൽ കാണിച്ചശേഷം ബസിൽ ഇരിക്കുമ്പോഴാണ്‌ ആദിനാഥിന്‌ അപസ്‌മാരം ഉണ്ടാകുന്നത്‌. കവിതയുടെ കരച്ചിൽ കേട്ടെങ്കിലും ബസിലെ മറ്റു യാത്രക്കാരോ സ്റ്റാൻഡിലുള്ളവരോ സഹായത്തിനെത്തിയില്ല. എന്നാൽ, ട്യൂഷൻ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകാൻ ബസിൽ കയറിയ ശ്രീഹരിയും വിനായകും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സഹായത്തിന്‌ ഓടിയെത്തുകയായിരുന്നു. ഇരുവരും കുഞ്ഞിനെയെടുത്ത്‌ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയതോടെ കുഞ്ഞിന്‌ ബോധം തെളിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ള ആദിനാഥ്‌ സുഖംപ്രാപിച്ച്‌ വരികയാണ്‌. ശ്രീഹരിയുടെയും വിനായികിന്റെയും സഹായം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ കുട്ടിയുടെ ജീവൻതന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് കവിത പറഞ്ഞു. പിണറ്റിന്മുകൾ ചൂരക്കാവിൽ കിഴക്കേ പുത്തൻവീട്ടിൽ സുകുമാരപിള്ളയുടെ മകനാണ് വിനായക്, ചെപ്ര കുറ്റികാട്ടിൽ വീട്ടിൽ സുനിൽകുമാറിന്റെ മകനാണ് ശ്രീഹരി. ജീവനുവേണ്ടി തെരുവിൽ സഹായം ചോദിക്കുന്നവർക്ക്‌ മുന്നിൽ മുഖംതിരിക്കുന്നത് മനുഷ്യത്വമല്ലെന്നും നമുക്ക് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും വിനായകും ശ്രീഹരിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top