29 March Friday
ആരോഗ്യ സര്‍വേ 50% പൂര്‍ത്തിയായി

ശ്രദ്ധിക്കണം, 
ജീവിതശൈലി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
മലപ്പുറം
ജീവിതശൈലീരോഗങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ്‌ നടത്തുന്ന സർവേ ജില്ലയിൽ 50 ശതമാനം പൂർത്തിയായി. 30 വയസിനുമുകളിലുള്ളവരിലാണ്‌ സർവേ. ഇതിനകം 10,35,467 പേരുടെ വിവരം ശേഖരിച്ചു. 1,91,889 പേരിൽ ജീവിതശൈലീരോഗ സാധ്യത കണ്ടെത്തി. കമ്യൂണിറ്റി ബേസ്‌ഡ്‌ അസസ്‌മെന്റ്‌ ചെക്ക്‌ ലിസ്‌റ്റ്‌ (സിബിഎസി) സ്‌കോർ നാലിൽ താഴെയുള്ളവർക്കാണ്‌ രോഗസാധ്യത. 30 വയസിനുമുകളിലുള്ള 22 ലക്ഷത്തോളം പേരെയാണ്‌ സർവേക്ക്‌ വിധേയമാക്കേണ്ടത്‌. 
ഇവര്‍ ചികിത്സ തേടണം
90,171 പേർ രക്താദിമർദത്തിനും 89,997 പേർ പ്രമേഹരോഗത്തിനും ചികിത്സതേടുന്നുണ്ട്‌. 28,991 പേർ രക്താദിമർദത്തിനും പ്രമേഹത്തിനും ചികിത്സയിലാണ്‌. 69,787 പേരെയാണ്‌ ഇതിനകം അർബുദ പരിശോധനക്ക്‌ റഫർ ചെയ്‌തത്‌. സ്‌തനാർബുധ പരിശോധനക്കാണ്‌ ഏറ്റവും കൂടുതൽ പേരെ നിർദേശിച്ചിട്ടുള്ളത്‌. 55,072 ആളുകളിലാണ്‌ ലക്ഷണം കണ്ടെത്തിയത്‌. 3749 പേർക്ക്‌ വായിലെ അർബുദത്തിനും 10,966 പേർക്ക്‌ ഗർഭാശയമുഖ അർബുദ പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്‌. 8062 പേർക്ക്‌ ടിബി പരിശോധനക്കും 26,419 പേർക്ക്‌ ശ്വസനമൂല്യനിർണയത്തിനും നിർദേശം നൽകി. 
സര്‍വേ ഇങ്ങനെ
ആർദ്രം പദ്ധതി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ്‌ സർവേ. പരിശീലനം ലഭിച്ച ആശാ വർക്കർമാർ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ വീടുകളിലെത്തി വിവരശേഖരണം നടത്തും. ആളുകളെ നേരിൽക്കണ്ട്‌ ആരോഗ്യസ്ഥിതി, അനാരോഗ്യകരമായ ശീലങ്ങൾ, പാരമ്പര്യരോഗ പകർച്ചാസാധ്യത എന്നിവ ചോദിച്ചറിഞ്ഞ്‌ ശൈലി ആപ്പിൽ രേഖപ്പെടുത്തും. സർവേയിൽ പങ്കെടുത്ത വ്യക്തിക്ക് രോഗംവരാനുള്ള സാധ്യതയുണ്ടെങ്കിൽ മൊബൈലിൽ സന്ദേശമെത്തും. പരിശോധനക്കുവേണ്ട നിർദേശവും നൽകും. രോഗനിർണയം നേരത്തെ നടത്തി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച 3200 ആശാ വർക്കർമാരാണ്‌ ജില്ലയിൽ വിവരശേഖരണം നടത്തുന്നത്‌. അർബുദ ചികിത്സ ആവശ്യമുള്ളവർക്ക്‌ മലബാർ ക്യാൻസർ സെന്ററിൽ സൗകര്യമൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top