കോട്ടയം
നായ്ക്കളുടെ കാവലിൽ വൻതോതിൽ ലഹരി വിൽപ്പന. പൊലീസ് നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവ് പിടിച്ചു. പ്രതി വിജയപുരം പഞ്ചായത്തിൽ കൊശമറ്റം കോളനി തെക്കേത്തുണ്ടത്തിൽ റോബിൻ ജോർജ്(35) പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കുമാരനല്ലൂരിൽ വലിയാലിൻചുവട്ടിൽ വാടകയ്‌ക്ക് എടുത്ത വീട്ടിലായിരുന്നു കഞ്ചാവ് വിൽപ്പന. ഞായർ രാത്രി പത്തരയോടെയാണ് പരിശോധന ആരംഭിച്ചത്. നായ്‌ക്കളെ അഴിച്ച് വിട്ടിരുന്നതിനാൽ പൊലീസിന് ആദ്യം വീടിനകത്ത് കയറാനായില്ല. തുടർന്ന് ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി നായ്‌ക്കളെ കെട്ടിയ ശേഷമാണ് അകത്ത് കയറിയത്. അതിനിടെ പ്രതി രക്ഷപ്പെട്ടു.നായകളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ‘ഡെൽറ്റ കെ 9’ എന്ന പേരിൽ നടത്തിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ഒന്നര വർഷം മുമ്പാണ് ഇയാൾ വീട് വാടകയ്‌ക്ക് എടുത്തത്. ദിവസം ആയിരം രൂപ നിരക്കിൽ നായ്‌ക്കളുടെ സംരക്ഷണവും ഏറ്റെടുത്തിരുന്നു. വിദേശയിനങ്ങളടക്കം 13 നായ്‌ക്കളാണ് ഉണ്ടായിരുന്നത്. ഇവയിൽ രണ്ടെണ്ണം പ്രതിയുടെതാണെന്നും മറ്റുള്ളവയെ സംരക്ഷണത്തിന് എത്തിച്ചതാകാമെന്നും നാട്ടുകാർ പറഞ്ഞു. ഇയാളുടെ പ്രവർത്തനത്തിൽ സംശയം തോന്നിയ പൊലീസ് കോടതിയിൽനിന്ന് സേർച്ച് വാറണ്ടുമായാണ് എത്തിയത്. ഇക്കാര്യം പറയാതെ ഇടപാടുകാർ എന്ന തരത്തിലാണ് പൊലീസ് സമീപിച്ചത്.
സൂക്ഷിച്ചത്
കട്ടിലിനടിയിലും
ട്രാവൽ ബാഗിലും
കോട്ടയം
റോബിൻ കഞ്ചാവ് സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിലും മുറിക്കുള്ളിലെ രണ്ട് ട്രാവലർ ബാഗിനുള്ളിലുമായി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി ജോൺ, കോട്ടയം ഡിവൈഎസ്‌പി എൻ കെ മുരളി, ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ ഷിജി, എസ്ഐ സുധി കെ സത്യപാലൻ, എഎസ്ഐ പദ്മകുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ഇവിടെയുള്ള നായകളെ ഇവയുടെ ഉടമസ്ഥരെ കണ്ടെത്തി അവർക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..