19 April Friday

എലിപ്പനിയും പകർച്ചപ്പനിയും; 
ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
പത്തനംതിട്ട
ജില്ലയിൽ എലിപ്പനിക്കും പകർച്ചപ്പനിക്കുമെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പകർച്ചപ്പനികളെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി ബോധവൽക്കരണം നടത്തണം. ശുചീകരണം മികച്ച രീതിയിൽ നടപ്പാക്കണം. പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ജൂലൈയിൽ ആരംഭിക്കും. 
മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികളിലെ ജീവനക്കാരുടെ വിന്യാസം പരിഷ്‌കരിക്കും. പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ പുതിയ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാന്‍  ജൂലൈ രണ്ടാം വാരം യോഗം ചേരും.
13 കോടി രൂപയുടെ വലഞ്ചുഴി ടൂറിസം പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കണം. കുളനട, ഓമല്ലൂർ,  വഴി ഉൾപ്പെടെ ജില്ലയുടെ പല ഭാഗത്തുനിന്നും പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് ബസ് സർവീസ് നടത്തണം. ഇത് എത്രയും വേഗം  ആരംഭിക്കണമെന്ന് കെഎസ്ആർടിസി ഡിടിഒയ്ക്ക് മന്ത്രി നിർദേശം നൽകി. 
റാന്നി, ചിറ്റാർ, സീതത്തോട്  എന്നിവിടങ്ങളില്‍  നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ കുമ്പഴ വരാതെ പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.  കുമ്പഴ വഴി ബസ് വരാനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി ജൂലൈ രണ്ടാംവാരം യോഗം ചേരും. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട വികസനകാര്യങ്ങൾ ചർച്ച ചെയ്യാൻ 28ന് ഓൺലൈനില്‍ യോഗം ചേരും. അഡ്വ. മാത്യു ടി തോമസ് എംഎൽഎയാണ് ഇതുസംബന്ധിച്ച് വിഷയം അവതരിപ്പിച്ചത്.
സ്‌കൂൾ കെട്ടിട നിർമാണം സർക്കാർ ഏജൻസികൾ മുഖേന നടത്തുന്നതിന്റെ  വിശദവിവരം ജില്ലാ മേധാവികൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് റിപ്പോർട്ടായി നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട സെൻട്രൽ ജങ്ഷനിലെ ഗതാഗത കുരുക്ക്   പരിഹരിക്കാന്‍ പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെടണമെന്ന് ന​ഗരസഭ ചെയര്‍മാൻ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 
അടൂർ ഗവ. ആശുപത്രിയിലെ ഒപിയിൽ   തിരക്ക് കൂടുതലായതിനാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി സുനിൽ ബാബു പറഞ്ഞു.  
വെണ്ണപ്ര കോളനിയിലെ സർവേ നടപടി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. അപകടനിരക്ക് കൂടുന്നതിനാൽ ജില്ലയിൽ നടന്ന വാഹനാപകടങ്ങളുടെ വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന് ആർടിഒയ്ക്ക് കലക്ടർ ഡോ. ദിവ്യ  എസ് അയ്യർ നിർദേശം നൽകി.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു, അസിസ്റ്റന്റ്  പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്,   ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top