16 August Tuesday
ഇന്ന്‌ അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം

പഠനമാകട്ടെ ലഹരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോട്ടയം
സ്‌കൂളുകളും കലാലയങ്ങളും ലഹരി വിമുക്തമാക്കാൻ ‘മുക്‌തി’ പദ്ധതി ശക്തമാക്കി  ജില്ലാ പൊലീസ്‌. അധ്യയന വർഷം ആരംഭിച്ചതോടെ ജില്ലയിലെ സ്‌കുളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ കർശന നിരീക്ഷണമാണ്‌ ആന്റി നർക്കോട്ടിക്‌ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. മഫ്‌തി വേഷത്തിലുള്ള പൊലീസ്‌ വിദ്യാലയങ്ങളും പരിസരങ്ങളും സദാസമയം നിരീക്ഷിക്കുന്നു. പുറത്തുനിന്നും ലഹരിവസ്‌തുക്കൾ എത്തിക്കുന്ന സംഘത്തെ  പിടികൂടാൻ ലഹരിവിരുദ്ധ സ്‌ക്വാഡ്‌ സ്‌കൂൾ പരിസരത്തുണ്ട്‌. സമീപമുള്ള പെട്ടിക്കടകൾ ഉൾപ്പെടെ ഇവർ നിരീക്ഷിക്കും. സ്‌കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്‌. കഞ്ചാവ്‌, സിന്തറ്റിക്‌ ഡ്രഗ്‌, എംഡിഎംഎ, മാജിക്‌ മഷ്‌റും, എൽഎസ്‌ഡി തുടങ്ങിയവ വിദ്യാർഥികളുടെ കൈകളിൽ എത്താതിരിക്കാനാണ്‌ പൊലീസ്‌ ശ്രദ്ധിക്കുന്നത്‌. കുട്ടികളും യുവാക്കളും കൂട്ടംകൂടി മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഒളിത്താവളങ്ങൾ കണ്ടെത്താൻ പ്രത്യേകസംഘം പരിശോധന നടത്തുന്നു.  മുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽകരണം, പുനരധിവാസം, ചികിത്സ  തുടങ്ങിയ സേവനങ്ങളും നൽകിവരുന്നു. 
 22 ദിവസം 129 കേസ്‌
പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതോടെ സ്‌കൂൾ തുറന്ന്‌ ജൂൺ മൂന്നു മുതൽ 25 വരെ ജില്ലയിൽ 129 കേസ്‌ റജിസ്‌റ്റർ ചെയ്‌തു. കഞ്ചാവ്‌ വിൽപ്പന, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, വിൽപന മറ്റ്‌ മയക്കു മരുന്നുകളുടെ വിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കാണ്‌ കേസ്‌. ചെറിയ സംഭവങ്ങൾക്കും കേസ്‌ റജിസ്‌റ്റർ  ചെയ്യുന്നതിനാലാണ്‌ എണ്ണം കൂടുന്നതെന്ന്‌ നർക്കോട്ടിക്‌ ഡിവൈഎസ്‌പി എം എം ജോസ്‌ പറഞ്ഞു. 
ബോധവൽക്കരിക്കാൻ 
ജനമൈത്രിയും
ജനമൈത്രിയൂം സ്‌റ്റുഡന്റ്‌സ്‌ കേഡറ്റും   മയക്കുമരുന്നിന്റെ ദൂഷ്യങ്ങളെപ്പറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ വ്യത്യസ്‌ത പ്രചാരണ    മാർഗങ്ങളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സ്‌കൂൾ, കോളേജ്‌, റസിഡൻസ്‌ അസോസിയേഷനുകൾ കേന്ദ്രീകരിച്ച്‌ ബോധവൽകരണ ക്ലാസുകൾ, ഫ്ലാഷ്‌ മോബുകൾ, റാലികൾ തുടങ്ങിയവ നടത്തുന്നു.  തീക്കളി എന്ന ഏകാംഗ തെരുവ്‌ നാടകം അടുത്തമാസം 15 ഇടങ്ങളിൽ പരിപാടി അവതരിപ്പിക്കും. അന്താരാഷ്‌ട്ര ലഹരിവരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ഒരാഴ്‌ച നീളുന്ന കാമ്പയിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 
വിവരശേഖരണത്തിന്‌ 
പ്രത്യേക വിഭാഗം
 സമൂഹത്തിലെ ഏതു വിഭാഗത്തിലാണ്‌   മയക്കുമരുന്ന്‌ ഉപയോഗം വർധിക്കുന്നതെന്ന്‌ കണ്ടെത്താൻ സർവേ ആരംഭിച്ചു. 60 സ്‌കൂളിൽ നിന്ന്‌ തെരഞ്ഞെടുത്ത വിദ്യാർഥികൾ വ്യത്യസ്‌ത തുറകളിലുള്ള അഞ്ചുപേരെ വീതം നേരിൽകണ്ട്‌ വിവരങ്ങൾ ശേഖരിക്കും.   
വിമുക്തിയും 
സജീവം 
തദ്ദേശ സ്ഥാപനങ്ങുടെ സഹായത്താൽ എക്‌സൈസിന്റെ നേതൃത്വത്തിൽ വിമുക്തി പദ്ധതി വഴി വാർഡ്‌ അടിസ്ഥാനത്തിൽ ബോധവൽക്കരണ കാമ്പയിൻ നടത്തിവരുന്നു. ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയും കൗൺസലിങ്ങും നൽകുന്നു. വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ, കാമ്പസുകളിലെ ലഹരി ഉപയോഗം തടയാൻ ‘നേർക്കൂട്ടം’, ഹോസ്‌റ്റലുകളിൽ ‘ശ്രദ്ധ’ എന്ന പേരിലും കമ്മിറ്റികൾ പ്രവർത്തിക്കുന്നു.  ലഹരി ഉപയോഗം, വിൽപ്പന തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ മുക്തി നമ്പറിൽ 9497911002   അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top