26 April Friday

വീണ്ടും കെഎസ്ആർടിസി രാത്രികാല സർവീസുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കണ്ണൂർ

കോവിഡ് കാലത്ത് നിർത്തിവച്ച ബസ് സർവീസുകൾ കെഎസ്ആർടിസി പുനഃസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിടിഒ ഇക്കാര്യം അറിയിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാസർകോട് ഭാഗത്തേക്കുള്ള രാത്രികാല  സർവീസുകൾ ഉടൻ ആരംഭിക്കും. പയ്യന്നൂർ-–-പഴയങ്ങാടി–- -കണ്ണൂർ റൂട്ടിലും  സർവീസ് പുനരാരംഭിക്കും. കണ്ണൂർ, പയ്യന്നൂർ, തലശേരി യൂണിറ്റുകളിൽനിന്നും വരുമാനം ലഭിക്കുന്ന സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്‌.സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർടിഒക്ക്  കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. 
ദേശീയപാതയിലെ സർവീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചതിനാൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.  
 പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി ചപ്പാരപ്പടവ് പഞ്ചായത്തിൽ കിണർ നിർമാണ പ്രവൃത്തി പൊലീസ് സംരക്ഷണത്തോടെ പുനരാരംഭിക്കാൻ കരാറുകാരന് നിർദേശം നൽകിയതായി വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ വിഷയത്തിൽ ചപ്പാരപ്പടവ് പഞ്ചായത്തുമായി കൂടിയാലോചന നടത്താൻ തീരുമാനിച്ചു.
ചെറുപുഴ പഞ്ചായത്തിലെ വന്യമൃഗ ശല്യം തടയാൻ സ്ഥാപിച്ച ഫെൻസിങ് അറ്റകുറ്റപണിക്കായി പഞ്ചായത്ത്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി സമർപ്പിച്ചതായി ഡിഎഫ്‌ഒ അറിയിച്ചു. ഇതിൽ തുടർനടപടി സ്വീകരിക്കും. 
 യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top