27 April Saturday
■ നെല്ല് സംഭരണം മാതൃക

118.343 ടണ്‍ പച്ചത്തേങ്ങ 
സംഭരിച്ചു

ടി എം സുജിത്‌Updated: Sunday Jun 26, 2022

മുതലമട മൂച്ചംകുണ്ടില്‍ കെ ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ പച്ചത്തേങ്ങ സംഭരിക്കുന്നു

പാലക്കാട്
കർഷകർക്ക് ആശ്വാസമായി ജില്ലയിൽ പച്ചത്തേങ്ങ സംഭരണം പുരോ​ഗമിക്കുന്നു. ജൂൺ ഏഴിന് തുടങ്ങിയ സംഭരണം 18 ​ദിവസം പിന്നിടുമ്പോൾ 118.343 ടൺ സംഭരിച്ചു . രജിസ്റ്റർ ചെയ്ത 322 കർഷകരിൽ നിന്നാണ് തേങ്ങ സംഭരിക്കുന്നത്. ഒരു തെങ്ങിൽനിന്ന് 50 തേങ്ങ എന്ന രീതിയിലാണ് നിലവിലെ സംഭരണം. കിലോയ്ക്ക് 32 രൂപ നൽകി ചൊവ്വ, വ്യാഴം ​​ദിവസങ്ങളിലാണ്  സംഭരിക്കുന്നത്. 13 കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സംഭരണം സർക്കാർ ഏറ്റെടുത്തതോടെ തേങ്ങയ്ക്ക് വില കിട്ടാത്ത മുൻ വർഷങ്ങളിലെ പ്രശ്നം ഇത്തവണയില്ല. സർക്കാർ 32 രൂപ നൽകുന്നതോടെ മറ്റ്  കച്ചവടക്കാർ അതിനേക്കാൾ വില നൽകിയാണ് കർഷകരിൽനിന്ന് തേങ്ങ എടുക്കുന്നത്. 
സർക്കാർ ഇടപെടൽ കർഷകർക്ക്‌ വലിയ ആശ്വാസമായി.  മുഴുവൻ തേങ്ങയും സംഭരിക്കാനാണ് സർക്കാർ തീരുമാനം. ഇനി മുതൽ എല്ലാ വർഷവും നെല്ല് സംഭരണം പോലെ തേങ്ങ സംഭരണവും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തും. കൊപ്രസംഭരണത്തിനും സംവിധാനമായി. 
സംഭരണ കേന്ദ്രങ്ങൾ
വാണിയംകുളം, കോട്ടോപ്പാടം, കിഴക്കഞ്ചേരി, കോട്ടായി, അ​ഗളി, വിയ്യക്കുറുശി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പുതുപ്പരിയാരം, മുതലമട മുച്ചംകുണ്ട്, പെരുമാട്ടി, വടകരപ്പതി, കരിമ്പുഴ എന്നിവിടങ്ങളിലാണ് തേങ്ങ സംഭരിക്കുന്നത്. എയിംസ് (അ​ഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റുമായി കേന്ദ്രങ്ങളിൽ തേങ്ങ എത്തിക്കാം. പണം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
കൊപ്ര സംഭരണം
പച്ചത്തേങ്ങയ്ക്കൊപ്പം കൊപ്രയും സംഭരിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം. ഇത് കണക്കിലെടുത്ത് മാർക്കറ്റ് ഫെ‍ഡിന്റെ നേതൃത്വത്തിൽ ജില്ലയിലും  കൊപ്ര സംഭരണം തുടങ്ങി. കിലോയ്ക്ക് 105.90 രൂപ നൽകിയാണ് സർക്കാർ സംഭരിക്കുന്നത്. ഒറ്റപ്പാലം കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി, ചിറ്റൂർ കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി, തടുക്കശേരി സർവീസ് സഹകരണ ബാങ്ക് എന്നിവരാണ് കൊപ്ര സംഭരിക്കുന്നത്. കർഷകർ ഇവിടങ്ങളിൽ കൊപ്ര എത്തിക്കണം.
കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർ‍ഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്യണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top