19 April Friday

ഇന്ന്‌ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ലഹരിക്കെതിരായ പോരാട്ടം രഘുനാഥിന്റെ ലഹരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ജിഎഫ്എച്ച്എസ്എസ് പടന്നകടപ്പുറത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്ന എൻ ജി രഘുനാഥൻ

 സ്വന്തം ലേഖകൻ

കാസർകോട്‌
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ നൂറുകണക്കിനാളുകളെ  ജീവിതത്തിലേക്ക്‌  തിരികെയെത്തിച്ച എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസർ എൻ ജി രഘുനാഥിന്‌ സംസ്ഥാന അംഗീകാരം.  ആന്റി നർകോട്ടിക്‌ ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി ആൻഡ്‌ നർകോട്ടിക്ക് അവാർഡാണ്‌ ചായ്യോത്ത്‌ സ്വദേശി എൻ ജി രഘുനാഥിനെ തേടിയെത്തിയത്‌. ഞായർ  തിരുവനന്തപുരത്ത്‌ മന്ത്രി ആന്റണി രാജു അവാർഡ്‌ സമ്മാനിക്കും.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടത്തിൽ ജില്ലയിലെ നിറസാന്നിധ്യമാണ്‌ രഘുനാഥ്‌. 15 വർഷമായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ആയിരത്തഞ്ഞൂറിലധികം ബോധവൽക്കരണ ക്ലാസ്സെടുത്തു.  നിരവധി പ്രദർശന സ്റ്റാളുകളൊരുക്കി. ഈവർഷം 173 ബോധവൽക്കരണ ക്ലാസ്സെടുത്തു. 
ക്ലാസുകളേറെയും സ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾക്കാണ്‌. ലഹരിക്കടിമപ്പെട്ടവർ മുന്നിലെത്തി കരഞ്ഞ്‌  ഉപയോഗിക്കില്ലെന്ന്‌ ഉറപ്പുനൽകിയ അനുഭവമുണ്ടെന്ന്‌ വിമുക്തി ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ കൂടിയായ  രഘുനാഥ്‌ പറഞ്ഞു.  ഉറപ്പുനൽകുന്നവരുടെ പേരും ഫോൺ നമ്പറും  മറ്റുവിവരങ്ങളും ശേഖരിക്കും.  ഉറപ്പ്‌ ലംഘിച്ചാൽ തുടർ കൗൺസലിങ്‌ നൽകും. കർണാടകയിൽ നിന്നെത്തുന്ന മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക്‌ അടിമപ്പെടുന്ന  അതിർത്തിഗ്രാമങ്ങളിലെ  കോളനികളും മറ്റും സന്ദർശിക്കും. അവർക്ക്‌ മനസ്സിലാകും വിധം വീടുകളിൽപോയി പറഞ്ഞുകൊടുക്കും.  2016, 2017, 20189 വർഷങ്ങളിൽ എക്സെെസ് കമീഷണറുടെ സദ്സേവന പുരസ്കാരവും നേടിയിട്ടുണ്ട്. ഭാര്യ: സുനിത. മക്കൾ: ഡോ. അപർണ, അർജുൻ.
 
പൊലീസിന്റെ പട്ടം പറത്തൽ ഇന്ന്‌
കാസർകോട്‌
അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  ജില്ലാ പൊലീസും സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റും പട്ടങ്ങൾ പറത്തും. പറത്തിവിടുന്ന പട്ടം ലഭിക്കുന്നവർ പട്ടത്തോടൊപ്പമുള്ള സെൽഫി ജില്ലാ പൊലീസിന്റെ ഉദ്യോഗിക ഫേസ്ബുക്ക് പേജിൽ ടാഗ് ചെയ്യണം. തെരഞ്ഞെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല ഉദ്ഘാടനം ഞായറാഴ്‌ച  പകൽ 3.30ന്‌ ജില്ലാ പൊലീസ്‌ മൈതാനിയിൽ എൻ എ നെല്ലിക്കുന്നു എംഎൽഎ നിർവഹിക്കും. ഹ്രസ്വചലചിത്രം, ക്രിക്കറ്റ് മത്സര വിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി സമ്മാനം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top