തൃശൂർ
പോർവീഥികളിലെ അനുഭവങ്ങൾ കരുത്താക്കി പുത്തൻപോരാട്ടങ്ങൾക്ക് കർമരൂപങ്ങൾ തയ്യാറാക്കാൻ എസ്‌എഫ്‌ഐയുടെ 47–-ാം ജില്ലാ സമ്മേളനത്തിന് ചെത്ത്–- ചകിരിത്തൊഴിലാളി പ്രക്ഷോഭംകൊണ്ട് ചുവന്ന മണലൂരിൽ ഉജ്വല തുടക്കം. നേതൃനിരയൊന്നാകെ സമ്മേളനത്തിൽ സംഗമിച്ചു. ജില്ലയിലെ സംഘടനാശേഷി വിളിച്ചോതുംവിധം കൃത്യതയോടെയായിരുന്നു സമ്മേളന നടപടികൾ.
ജില്ലാ പ്രസിഡന്റ് ജിഷ്‌ണു സത്യൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. സ്വന്തം ജീവരക്തം ചാലിച്ച് ചരിത്രമെഴുതിയ രക്തസാക്ഷിസ്‌മരണകൾ പുതുക്കി പ്രതിനിധികളാകെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പങ്ങൾ അർപ്പിച്ചു. രക്തസാക്ഷി ഫാസിൽ നഗറിൽ (വെങ്കിടങ്ങ് നന്ദനം ഓഡിറ്റോറിയം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ വിഷ്‌ണു രക്തസാക്ഷി പ്രമേയവും എ എൻ സേതു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കേന്ദ്രകമ്മിറ്റി അംഗം വി വിചിത്ര സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഹസൻ മുബാറക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജിഷ്‌ണു സത്യൻ കൺവീനറായി അതിഥി, അഖില, കൃഷ്‌ണ പ്രസാദ്, രാമകൃഷ്‌ണൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എ എൻ സേതു, അനസ് ജോസഫ്, റിതിൻ, സാന്ദ്ര മോഹൻ, ആശിഖ് (പ്രമേയം), ആർ വിഷ്‌ണു, ജ്യോതി ലക്ഷ്‌മി, അനുരാഗ്, അശ്വിൻ, വർഷ (മിനുട്‌സ്) എന്നീ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, സംഘാടക സമിതി ചെയർമാൻ സി കെ വിജയൻ എന്നിവർ സംസാരിച്ചു. വിവിധ ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 320 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. റിപ്പോർട്ടിൻമേലുള്ള ചർച്ചകൾ രണ്ടു ദിവസങ്ങളായി നടക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..