19 April Friday
അഴിമതിയെക്കുറിച്ച്‌ ചർച്ചയില്ല

തൃക്കരിപ്പൂരിൽ 
ഗ്രാമസഭയിൽ ബഹളം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

തൃക്കരിപ്പൂർ   

കുടുംബശ്രീ ആശ്രയ പദ്ധതി പ്രകാരം വീടുലഭിച്ചവർക്കുള്ള പദ്ധതി വിഹിതത്തിൽ നടന്ന വെട്ടിപ്പ് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലെ  ഗ്രാമസഭ നാട്ടുകാർ ബഹിഷ്‌കരിച്ചു. ഏഴാം വാർഡ്‌ ഗ്രാമസഭയാണ്‌ ബഹിഷ്‌കരിച്ചത്‌.
ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ചർച്ച ചെയ്യണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചെങ്കിലും അജണ്ട പൂർത്തിയാക്കി പോകാനുള്ള വൈസ്‌ പ്രസിഡന്റിന്റെ നീക്കം വിവാദമായി.  ഇത് വാക്ക് തർക്കത്തിനുമിടയാക്കി.  
ആശ്രയ പദ്ധതിയിൽ രണ്ടുപേർക്കാണ് ഏഴാം വാർഡിൽ വീട് നിർമാണത്തിന് തുക അനുവദിച്ചത്. ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തി  കമ്മിറ്റി രൂപീകരിക്കുകയും  പാസായ തുക  ബാങ്കിൽ നിന്നും പൂർണമായി
 പിൻവലിക്കുകയും ചെയ്തു. മാസങ്ങളോളം ഒരു പ്രവൃത്തിയും നടത്താതെ  തുക കൈയിൽ വെച്ച് തിരിമറി നടത്തിയെന്നും നാട്ടുകാർ ആരോപിച്ചു. ജനങ്ങൾ  പഞ്ചായത്തിൽ പരാതി നൽകിയതോടെയാണ് അഴിമതി പുറത്തുവന്നത്‌. ഇത് കൂടാതെ പാഥേയം പദ്ധതിയിൽ  ഉൾപ്പെട്ട രണ്ടു പേർക്ക്  കഷ്ടിച്ച് ഒരാഴ്ച മാത്രമാണ്  ഭക്ഷണം നൽകിയത് എന്ന പരാതിയും ഉയർന്നു. വേണ്ടപ്പെട്ടവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി  മിനുട്സും മറ്റ് ഇടപാടുകളും പഞ്ചായത്തംഗം തന്നെ എഴുതി ഉണ്ടാക്കിയതാണെന്നും ആരോപണമുയർന്നു.  
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ എടുത്ത തീരുമാനം  അറിയണം എന്ന ആവശ്യവും അംഗീകരിച്ചില്ല.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നടത്തിയ അഴിമതി പുറത്തു വന്ന സാഹചര്യത്തിൽ  സ്ഥാനം രാജിവക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും എൽഡിഎഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കൺവീനർ എം രാമചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top