25 April Thursday
കോർപറേഷൻ ബജറ്റ്

മുന്നേറ്റത്തിന്റെ പച്ചത്തുരുത്ത്

ആൻസ് ട്രീസാ ജോസഫ്Updated: Sunday Mar 26, 2023

തിരുവനന്തപുരം കോർപറേഷനിൽ ഡെപ്യൂട്ടിമേയർ പി കെ രാജു ബജറ്റ് അവതരിപ്പിക്കുന്നു

 ലോകത്തിന് മാതൃക​യാകുന്നവിധം ന​ഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ പ്രഖ്യാപിച്ച് കോർപറേഷൻ ബജറ്റ്. വികസനത്തിനൊപ്പം ക്ഷേമപദ്ധതികൾക്ക് മുൻ​ഗണന നൽകിയുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയർ പി കെ രാജു അവതരിപ്പിച്ചത്. 

മുൻകാല ബജറ്റുകളിൽ 90 ശതമാനം പദ്ധതികളും പൂർത്തിയാക്കിയാണ് നിലവിലത്തെ ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റ് ജനങ്ങൾക്ക് സമർപ്പിച്ചത്. ബാക്കിയുള്ള 1-0 ശതമാനം പദ്ധതികളും അന്തിമഘട്ടത്തിലാണ്. 1640.16 കോടി വരവും 1504.28 കോടി ചെലവും 135.88 കോടിരൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണിത്. 
 
അടിസ്ഥാന സൗകര്യമേഖലയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. 322 കോടി രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം നീക്കിയിരിക്കുന്നത്. മാലിന്യനിർമാർജനത്തിന് 43 കോടിയും ക്ഷേമപദ്ധതികൾക്ക് 94 കോടിയും പാർപ്പിട നിർമാണത്തിന് 125 കോടിയുമാണ് വകയിരുത്തിയത്. 
 
കോർപറേഷൻ നടത്തുന്ന മികച്ച വികസനപ്രവർത്തനങ്ങളെ മറച്ചുപിടിക്കാനുള്ള  ബിജെപി, യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനെ പ്രവർത്തനങ്ങളെ നേരിട്ടുകൊണ്ടാണ് ഭരണസമിതി പുതിയ നേട്ടങ്ങൾ കെെവരിക്കുന്നത്.  ബജറ്റ് പ്രസംഗത്തിന്റെ കവർപേജിൽതന്നെ നേട്ടങ്ങൾ‌ ഓരോന്നും ആലേഖനം ചെയ്തിട്ടുണ്ട്.
 

വികസനകുതിപ്പിന് 1504 കോടി

 
ജനക്ഷേമപ്രവർത്തനങ്ങൾക്കൊപ്പംനിന്ന് അതിവേ​ഗ ന​ഗരവൽക്കരണ പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. വികസന​​​ക്ഷേമ പ്രവർത്തനങ്ങൾക്കായി 1504. 28 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 
 

കാർബൺ ന്യൂട്രൽ നഗരം

 
വ്യാവസായിക, നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം വർധിക്കുന്ന കാർബൺ എമിഷൻ പിടിച്ചുനിർത്താനുള്ള പദ്ധതികൾക്ക് 55 കോടി രൂപ  വകയിരുത്തി. പൊതു​ഗതാ​ഗതം പ്രോത്സാഹിപ്പിക്കാൻ 100 ഇ– ബസുകൾ വാങ്ങിനൽകും. കെഎസ്ഇബിയും അനെർട്ടുമായി ചേർന്ന് ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ ഇലക്ട്രിക് ചാർജറുകൾ സ്ഥാപിക്കും. കോർപറേഷനിൽ പുതുതായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങും. പബ്ലിക് ഷെയറിങ് സിസ്റ്റം പ്രോത്സാഹിപ്പിക്കാൻ 200 ഇലക്ട്രിക്/മാന്വൽ സൈക്കിളുകൾ. ഹരിതകർമസേനയ്ക്ക് 100 ഇ–കാർട്ടുകൾ വാങ്ങിനൽ‌കും. തെരുവുവിളക്കുകൾ എൽഇ‍ഡിയിലേക്ക് മാറ്റും. 100 വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ഓട്ടോറിക്ഷകൾ‌ നൽകും. 
 

പച്ചപ്പുതപ്പിൽ

 
​പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ ​ഗ്രീൻ സർട്ടിഫിക്കേഷൻ ഉള്ളവയ്ക്ക് 10 ശതമാനം നികുതിയിളവ് നൽകും. ആ​ഗോളതാപനത്തെ ചെറുക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ​ദോഷഫലങ്ങൾ കുറയ്ക്കാനും പച്ചത്തുരുത്തുകൾക്ക് പ്ര​ധാന്യം നൽകും. വിവിധസംഘടനകളുടെ സഹായത്തിലും തനതായ പച്ചത്തുരുത്തുകൾ നിർമിച്ച് 2030 ഓടെ 25 ശതമാനം ​സ്ഥലം ​ഗ്രീൻ കവറിലേക്ക് കൊണ്ടെത്തിക്കും. ഇതിന് പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കും. 
 

സുശക്തം ആരോ​ഗ്യം

 
പുതുതായി 44 ​ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പ്രാഥമികപ്രവർത്തനങ്ങൾ ആരംഭിച്ചു. കിടപ്പുരോ​ഗികൾ, അവയവമാറ്റം, - അവയവദാനം ചെയ്തവർ എന്നിവർക്ക് അവശ്യമരുന്നുകൾ വീടുകളിലെത്തിക്കും. കോർപറേഷനിലെ ആശുപത്രികൾ ഇ–ഹെൽത്ത് സംവിധാനത്തിലേക്ക് കൊണ്ടുവരും. വി ഫോർ യു എന്ന പേരിൽ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കാൻ ആംബുലൻസ് കോൾ സെന്റർ. ബിപിഎൽ വിഭാ​ഗത്തിന് സൗജന്യസേവനം എന്നിവ നൽകും. ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അധികജീവനക്കാരെയും നിയമിക്കും. 
 

മാലിന്യമുക്ത ന​ഗരം

 
ന​ഗരത്തെ മാലിന്യമുക്തമാക്കി വൃ-ത്തിയും ശുചിത്വവും ആരോ​ഗ്യവുമുള്ള അന്തരീക്ഷമൊരുക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒരുലക്ഷം വീടുകളിൽ ബയോ/കിച്ചൺ ബിൻ സ്ഥാപിക്കും. 
തുമ്പൂർമൂഴികൾ 100 എണ്ണമാക്കും. ഇ –വേസ്റ്റ്, നാപ്കിൻ, ഡയപ്പർ നീക്കത്തിന് പദ്ധതികൾ രൂപീകരിക്കും. മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിക്കും. സമുദ്രത്തിലേക്ക് മാലിന്യം തടയുന്നതിനുള്ള പ്രത്യേക സംവിധാനം കൊണ്ടുവരും. ന​ഗരത്തിലെ വിവിധ ജലാശയങ്ങളിലേക്ക് ഒഴുകിവരുന്ന അജൈവമാലിന്യങ്ങൾ തടയാൻ പത്തിടങ്ങളിൽ ട്രാഷ് ബൂം സ്ഥാപിക്കും. 
 

സംരംഭകവർഷം

 
പുതുതായി കുറഞ്ഞത് 3000 സംരംഭകരെയെങ്കിലും കൊണ്ടുവരും. അതുവഴി 10,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കും. കുടുംബശ്രീ, ഒരു ലക്ഷം സംരംഭകത്വം വഴി തുടങ്ങിയിട്ടുള്ള സംരംഭങ്ങൾക്ക് ആവശ്യമായ പരിശീലനം. 
 

മുടങ്ങാതെ കുടിവെള്ളം 

 
പുതുതായി 25000 പേർക്ക് ശുദ്ധജല കണക്ഷനുകളും 50 കിലോമീറ്റർ വിതരണ ശൃം​ഖലയും നിർമിക്കും. അരുവിക്കരയിൽ നിന്ന് വെള്ളമെത്തിക്കാൻ ശേഷികൂടിയ പൈപ്പ് സ്ഥാപിക്കും. മൂന്നുവർഷത്തിനുള്ളിൽ സമ്പൂർണ കുടിവെള്ള നഗരമാക്കാനാണ് തീരുമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top