29 March Friday
സഹകരണ ബാങ്കുകൾ നാടൻ തോട്ടണ്ടി സംഭരണം തുടങ്ങി

100 ടൺ എത്തി

സ്വന്തം ലേഖികUpdated: Sunday Mar 26, 2023

സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലുള്ള നാടൻ തോട്ടണ്ടി സംഭരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കിളികൊല്ലൂർ സഹകരണ ബാങ്കിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ നിർവഹിക്കുന്നു

കൊല്ലം
സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കർഷകരിൽനിന്ന് സംഭരിച്ച നാടൻ തോട്ടണ്ടിയുടെ ആദ്യ ലോഡ്‌ ജില്ലയിലെത്തി.  കാസർകോട്‌ ജില്ലയിൽനിന്ന്‌ 100 ടൺ തോട്ടണ്ടിയാണ്‌ കഴിഞ്ഞദിവസം കാഷ്യൂ കോർപറേഷന്റെ കൊട്ടിയം ഒന്നാംനമ്പർ ഫാക്ടറിയിൽ എത്തിയത്‌. ഇവിടെനിന്ന്‌ വിവിധ ഫാക്ടറികളിലേക്ക്‌ വിതരണംതുടങ്ങി. 1000 ടൺ തോട്ടണ്ടി ഇത്തരത്തിൽ സംഭരിക്കാനാണ്‌ ലക്ഷ്യമെന്ന്‌ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ പറഞ്ഞു. ഇതുവഴി കർഷകർക്ക്‌ മെച്ചപ്പെട്ട വിലയും ഫാക്ടറി തൊഴിലാളികൾക്ക്‌ കൂടുതൽ തൊഴിൽദിനവും ലഭിക്കും. 
 114 രൂപയ്‌ക്കാണ് തോട്ടണ്ടി സംഭരണം. തോട്ടണ്ടി സംഭരിച്ച് കാഷ്യൂ കോർപറേഷന്റെയും കാപ്പക്‌സിന്റെയും കൊല്ലത്തുള്ള സ്ഥാപനങ്ങളിൽ എത്തിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന കാലതാമസത്തിനിടയിൽ തൂക്കത്തിൽ വ്യത്യാസമുണ്ടാകുന്നുണ്ട്‌. ഇത്‌ കണക്കിലെടുത്ത് സഹകരണ ബാങ്കുകൾക്ക് നഷ്ടമുണ്ടാകാതിരിക്കാൻ വിലയിൽ ഏഴു ശതമാനംകൂടി നൽകിയാണ്‌ സംഭരണം. കേടുവരുന്നവയ്‌ക്കായി 10 ശതമാനം തുകയും നൽകും. കഴിഞ്ഞ വർഷങ്ങളിൽ തോട്ടണ്ടി കൊല്ലത്ത്‌ എത്തിച്ച ചെലവിൽ നഷ്ടമുണ്ടായ സംഘങ്ങൾക്കും തുക അനുവദിക്കും. തോട്ടണ്ടിയുടെ ഗുണനിലവാരം പരിശോധിച്ചാണ്‌ പണം നൽകുക. 
ജില്ലയിൽ തോട്ടണ്ടി സംഭരണത്തിന്‌ കഴിഞ്ഞദിവസം തുടക്കമായി.  കിളികൊല്ലൂർ സഹകരണ ബാങ്കിൽ നടന്ന  സംഭരണത്തിന്റെ ജില്ലാതല  ഉദ്‌ഘാടനം എസ്‌ ജയമോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ആർ സുജിത്കുമാർ അധ്യക്ഷനായി. സെക്രട്ടറി എ പ്രദീപ്‌ സ്വാഗതം പറഞ്ഞു. കശുവണ്ടി വികസന കോർപറേഷൻ ബോർഡ് അംഗം ശുചീന്ദ്രൻ, എസ് പ്രസാദ്, എം പി അനിൽ, എ എം റാഫി,  ഭരണസമിതി അംഗങ്ങളായ സോമരാജൻ, പി അനീസ്, വി സന്തോഷ്‌, ചന്ദ്രൻ, ചന്ദ്രമതിയമ്മ, അജിത, യമുന എന്നിവർ സംസാരിച്ചു. കാഷ്യൂ കോർപറേഷന്റെയും കാപ്പക്സിന്റെയും പ്രതിനിധികൾ, സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്റുമാർ അടങ്ങിയ സബ് കമ്മിറ്റിയാണ്‌ സംഭരണത്തിന് നേതൃത്വം നൽകുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top