20 April Saturday

മുമ്പേ പഠിക്കാം;
പുസ്‌തകങ്ങൾ റെഡി

സ്വന്തം ലേഖികUpdated: Sunday Mar 26, 2023
കൊല്ലം
അടുത്ത അധ്യയന വർഷത്തെ പാഠങ്ങൾ കുട്ടികൾക്ക്‌ വേനലവധിയിൽത്തന്നെ പഠിച്ചുതുടങ്ങാം. പരീക്ഷ കഴിഞ്ഞ്‌ സ്‌കൂൾ അടയ്‌ക്കുംമുമ്പേ പുസ്‌തകം കുട്ടികളുടെ കൈകളിലെത്തും. ജില്ലയിൽ സ്‌കൂൾ കുട്ടികൾക്കുള്ള പാഠപുസ്‌തക വിതരണത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ 2,32,168 കുട്ടികൾക്കാണ്‌ പുസ്‌തകം വിതരണംചെയ്യുക. ഇതിനായി 18,68,424 പുസ്‌തകങ്ങളാണ്‌ ജില്ലയ്‌ക്ക്‌ ആവശ്യം. വെള്ളിയാഴ്‌ചത്തെ കണക്കനുസരിച്ച്‌ ആദ്യഘട്ടം 7,19,988 പാഠപുസ്‌തകങ്ങൾ ജില്ലാ പുസ്‌തക വിതരണ ഹബ്ബിൽ എത്തി. ഇവ സ്‌കൂളുകളിൽ എത്തിക്കാനുള്ള അവസാനവട്ട പ്രവർത്തനം  വിതരണച്ചുമതലയുള്ള കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നടന്നുവരുന്നു. 
രണ്ട്‌ സൂപ്പർവൈസർമാരടക്കം 16 കുടുംബശ്രീ പ്രവർത്തകരാണ്‌ പുസ്‌തകം തരംതിരിക്കൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്‌. ഇതിനകം ഒന്നരലക്ഷം പുസ്‌തകം തരംതിരിച്ചുകഴിഞ്ഞു. 31നാണ്‌ സ്‌കൂൾ അടയ്‌ക്കുന്നത്‌. തിങ്കളാഴ്‌ച എല്ലാ സ്‌കൂളുകളിലും പുസ്‌തകം എത്തിക്കാനുള്ള പ്രവർത്തനം ഊർജിതമായി നടക്കുകയാണെന്ന്‌ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജിമോൻ അറിയിച്ചു. 
 
കൈത്തറി യൂണിഫോമും
ഒന്നുമുതൽ നാലാം ക്ലാസുവരെയുള്ള 11,832 കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം വിതരണംപൂർത്തിയായി. ആദ്യഘട്ട വിതണത്തിന്‌ 70.99ലക്ഷം രൂപയാണ്‌ ജില്ലയ്‌ക്ക്‌ സർക്കാർ അനുവദിച്ചത്‌. അഞ്ചു മുതൽ എട്ടാം ക്ലാസു വരെയുള്ള 11,000 കുട്ടികൾക്കുള്ള വിതരണം 31നകം നടക്കും. അഞ്ചു മുതൽ എട്ടുവരെയുള്ള സർക്കാർ സ്‌കൂളുകളിലെ എപിഎൽ വിഭാഗക്കാരായ ആൺകുട്ടികൾക്കും യൂണിഫോം നൽകുന്നുണ്ട്‌. ഒരു കുട്ടിക്ക്‌ രണ്ടു ജോഡി വീതം യൂണിഫോമാണ്‌ നൽകുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top