05 July Saturday

തളിർമിഴി എർത്ത് ലോർ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കുളത്തൂപ്പുഴയിൽ നടന്ന "തളിർമിഴി എർത്ത് ലോർ 2023’ ന്റെ സമാപന സമ്മേളനത്തിൽ 
മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദീപം തെളിക്കുന്നു

കൊല്ലം
ഗോത്രകലകളെയും ഗോത്രകലാകാരന്മാരെയും ലോകത്താകെയുള്ള കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാംസ്കാരിക വകുപ്പിന്റെ "തളിർമിഴി എർത്ത് ലോർ 2023’ ലൂടെ കഴിഞ്ഞെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാംസ്കാരിക വകുപ്പിനു കീഴിൽ ഭാരത് ഭവൻ സംഘടിപ്പിച്ച "തളിർമിഴി എർത്ത് ലോർ 2023’ സമാപന സമ്മേളനം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ഫോറസ്റ്റ് മൈതാനത്തിൽ നടന്ന പരിപാടിയിൽ  മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.
സംസ്ഥാനത്തെ അഞ്ചിടങ്ങളിലായാണ് കേരളീയ ഗോത്രകലകളുടെ സമഗ്രോത്സവങ്ങൾ സംഘടിപ്പിച്ചത്. 26ന് അട്ടപ്പാടിയിൽ ആരംഭിച്ച് സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട്, മറയൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് കുളത്തൂപ്പുഴയിൽ സമാപിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത് കലാസമൂഹത്തിന് കൈത്താങ്ങായി സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരം ഒരുക്കിയ "മഴമിഴി മൾട്ടിമീഡിയ" നവമാധ്യമ സാംസ്കാരിക ദൗത്യത്തിന്റെ രണ്ടാംഘട്ടമായാണ് "തളിർമിഴി എർത്ത് ലോർ 2023" സംഘടിപ്പിച്ചത്. കലാവതരണം നടത്തിയ ഓരോ  കലാപ്രതിഭയ്ക്കും 3000 രൂപ വീതം സ്നേഹ പാരിതോഷികവും നൽകി.
കുളത്തൂപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി അനിൽകുമാർ, കെ അനിൽകുമാർ, പ്രമോദ് പയ്യന്നൂർ, ടിഡിഒ വിധുമോൾ, എസ് ചന്ദ്രകുമാർ, ഷീജാ റാഫി, കെ ശോഭന, കെ അജിത, റോബിൻ സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top