29 March Friday
ആടിനെ കൊന്നു

പുലിപ്പേടിയിൽ നാട്ടുകാർ; 
മയക്കുവെടി വയ്‌ക്കുമെന്ന്‌ ഡിഎഫ്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ധോണിയിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്

 
അകത്തേത്തറ
അകത്തേത്തറ, ധോണി പ്രദേശങ്ങളിൽ ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ പുലിയെ മയക്കുവെടിവെച്ച്‌ പിടിക്കാൻ ഉത്തരവിടുമെന്ന്‌ വനംവകുപ്പ്‌. ഒരാഴ്‌ചയായി തുടരുന്ന പുലിഭീതിയെ തുടർന്ന്‌ കർഷകസംഘം നേതാക്കൾ ഡിഎഫ്‌ഒയുമായി നടത്തിയ ചർച്ചയിലാണ്‌ നടപടി. ചൊവ്വാഴ്ചയും ആടിനെ പുലി കടിച്ചുകൊന്നു. 
ചൊവ്വ പുലർച്ചെ മേലേ ധോണിയിൽ വിജയന്റെ  ഗർഭിണിയായ ആടിനെയാണ്‌ പുലി കടിച്ചുകൊന്നത്‌. കൂട്ടിൽനിന്ന് കടിച്ച് വലിച്ച് കൊണ്ടുപോയി ആടിന്റെ  മാംസം പകുതി ഭക്ഷിച്ചനിലയിലാണ്‌. ഒരാഴ്ച്യ്ക്കിടെ മൂന്നാമത്തെ സംഭവമാണിത്‌. വെള്ളിയാഴ്ച വൃന്ദാവൻ നഗറിൽ പകൽ നായയെ കടിച്ച പുലി, അടുത്ത ദിവസം മേലേ ചെറാട്ടിൽ ആടിനെ കടിച്ചുകൊന്നു. ഇതിനിടെ പല സ്ഥലത്തായി പ്രദേശവാസികൾ പുലിയെ കണ്ടു. ഉമ്മിനി പപ്പാടിയിൽ പഴയ വീടിനുള്ളിൽ പ്രസവിച്ച്‌കിടന്ന തള്ളപ്പുലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. 
എൻഎസ്‌എസ് കോളേജിന് സമീപം, വൃന്ദവൻ കോളനി, മേലേ ചെറാട്, ചീക്കുഴി, ധോണി, പാറമട ഉൾപ്പെടെ വിവിധ പ്രദേശത്ത് പുലിയെത്തി. കുഞ്ഞുമായി രക്ഷപ്പെട്ട പുലിയാണോ ഇതെന്ന്‌ പരിശോധിക്കും. 
ഇവിടെ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ വെറ്റിറിനറി സർജൻ ഡോ. അരുൺ സക്കറിയ പരിശോധിച്ച്‌ അമ്മപ്പുലി തന്നെയാണെന്ന്‌ ഉറപ്പുവരുത്തിയാൽ മയക്കുവെടിവച്ച്‌ പിടിക്കാൻ ഉത്തരവ് നൽകുമെന്ന് ഡിഎഫ്ഒ ഖുറാ ശ്രീനിവാസ് ഉറപ്പു നൽകി. പുലിയെ നിരീക്ഷിക്കാൻ വന വകുപ്പ് ക്യാമറയും കൂടും രാത്രി പട്രോളിങ്ങും നടത്തുന്നുവെങ്കിലും ഫലപ്രദമാകുന്നില്ല. ദിവസവും പകൽ മൂന്നിന്‌ പപ്പാടി മുതൽ പുലി സാധ്യതാ മേഖലകളിൽ വനം വകുപ്പ്‌ പട്രോളിങ്‌ നടത്തും. കൂടുതൽ കൂടും സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. 
പുലിയെ ഭയന്ന്‌ ജനങ്ങൾക്ക്‌ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്‌. ഈ  സാഹചര്യത്തിലാണ്‌ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസിന്റെ നേതൃത്വത്തിൽ നേതാക്കാൾ ഡിഎഫ്ഒ ഓഫീസിലെത്തിയത്‌. ഫെൻസിങ്ങിലെ പോരായ്മകൾ ഉടൻ പരിഹരിക്കും. പത്ത് അടി ഉയരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. ഫ്ലിക്കറിങ് ലൈറ്റുകൾ കൂടുതൽ മേഖലയിലേക്ക്‌ വ്യാപിപ്പിക്കും. 
കർഷകസംഘം ജില്ലാ സെക്രട്ടറി , അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ മോഹനൻ, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം വിനോയ് ചാക്കോ, ബ്രാഞ്ച്‌ സെക്രട്ടറി സദാശിവൻ എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top