19 April Friday

മൂന്നാംതരംഗം 
പ്രതിരോധിക്കാൻ ജില്ല സജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

പുൽപ്പള്ളി താഴെയങ്ങാടിയിലെ സിഎഫ്‌എൽടിസി സെന്റർ

കൽപ്പറ്റ
കോവിഡ്‌ മൂന്നാം തരംഗത്തിൽ മുങ്ങുന്ന ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്‌.  രോഗികളുടെ എണ്ണം വർധിക്കുന്ന  സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയും മരുന്നും അവശ്യ സർവീസും ഉറപ്പാക്കിയും  രോഗനിയന്ത്രണ നടപടികൾ  ഊർജിതം.  ജില്ലാ ആശുപത്രി ഉൾപ്പെടെ 11 ആശുപത്രികൾ നിലവിൽ കോവിഡ്‌ ആശുപത്രിയായി പ്രവർത്തിക്കുന്നുണ്ട്‌. ഇതിൽ 10 എണ്ണം സ്വകാര്യ ആശുപത്രികളാണ്‌. 
   ജില്ലയിലെ കോവിഡ് ആശുപത്രികളിലെയും മറ്റ് പരിചരണ കേന്ദ്രങ്ങളി ലേയും ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ  സക്കീന പറഞ്ഞു. ആശങ്കയുടെ സാഹചര്യമില്ല. ആശുപത്രി കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നിവയെല്ലാം നിലവിലെ സാഹചര്യങ്ങൾ നേരിടാൻ പര്യാപ്തമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുളള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സജ്ജീകരണങ്ങൾ പൂർണമാകും.
   നിലവിൽ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി നീക്കി വെച്ച ബെഡുകളിൽ 22 ശതമാനത്തിൽ മാത്രമാണ് രോഗികൾ ഉളളത്. ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് വിവിധ ആശുപത്രികളിലായി  സജ്ജമാക്കിയിരുന്ന ആകെ 896 കിടക്കകളിൽ 197 എണ്ണത്തിൽ രോഗികൾ ഉണ്ട്.  
699 ബെഡുകൾ ഒഴിഞ്ഞ് കിടക്കുന്നു. സിഎസ്എൽടിസികളിൽ ഒരുക്കിയ കിടക്കകളിൽ 36.99 ശതമാനം മാത്രമാണ് ഉപയോഗത്തിലുളളതെന്നും 109 ബെഡുകൾ ഒഴിഞ്ഞുകിടക്കുന്നതായും ഡിഎംഒ പറഞ്ഞു. സിഎസ്എൽടിസികളിൽ ഒഴിവുള്ള 109 ഉൾപ്പെടെ ആകെ 808 കിടക്കകൾ ഒഴിഞ്ഞ് കിടക്കുന്നു.
  സിഎസ്എൽടിസികളിലെ 173 ഉൾപ്പെടെ ആകെ 1069 ബെഡുകളാണ് കോവിഡ് രോഗികൾക്കായി ജില്ലയിൽ മാറ്റിവച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ 277 ഉം സ്വകാര്യ ആശുപത്രികളിൽ 619 ഉം ബെഡുകളാണ് ആകെ സജ്ജീകരിച്ചത്. 
 ആശുപത്രികളിലെ സാധാരണ ബെഡുകൾ 512, ഓക്‌സിജൻ ബെഡുകൾ 257, ഐസിയു ബെഡുകൾ 127, വെന്റിലേറ്ററുകൾ 63, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ 37 എന്നിങ്ങനെയാണ് കണക്ക്. 26 ഐസിയു കിടക്കകളിലും 5 വെന്റിലേറ്ററുകളിലും ഇപ്പോൾ രോഗികളുണ്ട്. 44 രോഗികൾക്കാണ് ഓക്‌സിജൻ സപ്പോർട്ട് നൽകുന്നത്‌.
 
 
കോവിഡ്‌ രോഗികൾ കൂടുന്നു
ഒരാഴ്‌ച ; രോഗികൾ ആറായിരം  കടന്നു
കൽപ്പറ്റ
കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ ജില്ലയിൽ ഒരാഴ്‌ചക്കിടെ രോഗികളായത്‌ 6,418 പേർ. ജനുവരി 19 മുതലുള്ള കണക്കാണിത്‌. ഇതിൽ രണ്ട്‌ തവണ രോഗികളുടെ എണ്ണം ആയിരം കടന്നു.  എട്ട്‌ മാസത്തെ ഇടവേളക്ക്‌ ശേഷമാണ്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്‌. 
  അടച്ചുപൂട്ടലുള്ളതിനാൽ ഞായറാഴ്‌ച പരിശോധനക്കെത്തിയവരുടെ എണ്ണം കുറവായിരുന്നു.  അതുകൊണ്ടുതന്നെ  തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌  524 പേർക്ക്‌.  ഞായറാഴ്‌ച 1,074 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 
ഞായറാഴ്‌ച ലോക്‌ഡൗൺ ആയതിനാൽ പരിശോധനക്കെത്തിയവർ  കുറഞ്ഞതിനാലാണ്‌ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായത്‌.  
  ശനി 972, വെള്ളി 850,  വ്യാഴം 827, ബുധൻ 798, ചൊവ്വ 525 എന്നിങ്ങനെയാണ്‌ രോഗികളുടെ എണ്ണം.   കഴിഞ്ഞ 18ന്‌ 227 പേർക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌. കഴിഞ്ഞ ഒരാഴ്‌ച മുമ്പാണ്‌ എണ്ണൂറിന്‌ മുകളിൽ കോവിഡ്‌ ബാധിതരുടെ എണ്ണം എത്തി ത്തുടങ്ങിയത്‌. 
  കോവിഡ്‌ മൂന്നാം തരംഗം വന്നെങ്കിലും ജില്ലയിൽ ജനുവരി പകുതിയോടെയാണ്‌ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുനൂറ്‌ കടന്നത്‌. ജനുവരി ഒന്നിന്‌ 65 രോഗികൾ മാത്രമാണുണ്ടായിരുന്നത്‌.  ഈ മാസം ആദ്യത്തെ രൊഴ്‌ച 605  രോഗികളാണുണ്ടായിരുന്നത്‌. അവസാന ഒരാഴ്‌ച മാത്രം അത്‌ അയ്യായിരത്തിലേക്കും കടന്നു.  
   കോവിഡ്‌ രണ്ടാം തരംഗം ഒരുമാസം പിന്നിട്ടപ്പോൾ മെയ്‌ മാസം തുടക്കത്തിലാണ്‌ ഇതിന്‌ മുമ്പ്‌ കോവിഡ്‌ രൂക്ഷമായത്‌. മെയ്‌ രണ്ടാം വാരം തുടർച്ചയായി അഞ്ച്‌ ദിവസത്തോളം പ്രതിദിന രോഗബാധിതരുടെ എണ്ണം തുടർച്ചയായി ആയിരം കടന്നിരുന്നു. എന്നാൽ മെയ്‌ അവസാനത്തോടെ കോവിഡ്‌ വ്യാപനത്തിന്റെ രൂക്ഷത കുറയുകയും ജൂൺ മാസത്തോടെ ശരാശരി പ്രതിദിന രോഗികളുടെ എണ്ണം 600ൽ താഴെ എത്തിയിരുന്നു.
 
കോവിഡ്‌ @  1070
പടരുന്നു, വീണ്ടും ആയിരം കടന്നു
കൽപ്പറ്റ 
  ജില്ലയിൽ  1070 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  214 പേർ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ്  രോഗബാധ.  ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,562 ആയി. 1,37,360 പേർ രോഗമുക്തരായി. നിലവിൽ 5373 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 5118  പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 
   759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേർ ഉൾപ്പെടെ ആകെ 15,988  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 2224 സാമ്പിളുകൾ ചൊവ്വാഴ്‌ച പരിശോധനക്കയച്ചു. നിലവിൽ ജില്ലയിൽ എട്ട് ആക്ടീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top