26 April Friday
അക്രമം അഴിച്ചുവിട്ട് ബിജെപി

മേയറുടെ ഓഫീസിലേക്ക് 
തള്ളിക്കയറാൻ ശ്രമം

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022

ബിജെപി പ്രവർത്തകർ ഇടിച്ചു പരിക്കേൽപ്പിച്ച വനിതാ എസ് ഐ പ്രീത ബാബുവിനെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നു

തിരുവനന്തപുരം   
വ്യാജക്കത്തിന്റെ പേരിൽ കോർപറേഷനുള്ളിലും പുറത്തും അക്രമം അഴിച്ചുവിട്ട് ബിജെപി. വ്യാഴാഴ്ച മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. മേയറുടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർ വനിതാ എസ്ഐയുടെ നെഞ്ചത്ത് ഇടിച്ചു. 
 
എസ്ഐയുടെ യൂണിഫോം വലിച്ചുകീറാനും ശ്രമിച്ചു. നിലത്തുവീണ എസ്ഐക്ക്‌ ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു.  രാവിലെ ബിജെപി കൗൺസില‌ർമാരുടെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു. പിന്നാലെയാണ് മഹിളാമോർച്ച പ്രവർത്തകർ കോർപറേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. പൊലീസിന്റെ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.  ഇതിനിടെ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിൽ  മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, ​ബിജെപി മുൻ കൗൺസിലർ ആർ എസി ബീന, സ്വപ്ന സുദർശൻ എന്നിവർ പിന്നിലെ ഗേറ്റ് വഴിയെത്തി ഒന്നാം നിലയിലെ മേയറുടെ ഓഫീസ് മുറിയിലേക്ക്  കയറാൻ ശ്രമിച്ചു. മേയർ ഓഫീസിലുണ്ടായിരുന്നില്ല.  വാതിലിൽ അടിച്ച് ബഹളംവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്ഐയുടെ നേതൃത്വത്തിൽ ഇവരെ താഴെയെത്തിച്ചു. പ്രവർത്തകരെ അറസ്റ്റ്ചെയ്ത്‌ നീക്കുന്നതിനിടയിലാണ് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവും സംഘവും എസ്ഐയെ ആക്രമിച്ചത്‌. മൂന്ന് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. 
ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. 
പ്രവർത്തകരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വാഹനം അടിച്ചുതകർക്കാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ കൈയാങ്കളിയായി. പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലുമാണ് രണ്ട് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റത്.

 

ഓംബുഡ്‌സ്‌മാന് ഇന്ന് 
മേയർ മറുപടി നൽകും

തിരുവനന്തപുരം
കോർപറേഷനിലെ വ്യാജക്കത്തുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്‌മാന് മേയർ ആര്യാരാജേന്ദ്രൻ ഇന്ന് മറുപടി നൽകും.  ഡിസംബർ രണ്ടിനാണ് ഓംബുഡ്‌സ്‌മാൻ കേസ് പരി​ഗണിക്കുക. 
കേസിലെ ഒന്നാം എതിർകക്ഷിയാണ് മേയർ. രണ്ടാംകക്ഷിയായ കോർപറേഷൻ സെക്രട്ടറി ബുധനാഴ്‌ച മറുപടി നൽകി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഓംബുഡ്‌സ്‌മാനുമുന്നിലെ പരാതി നിയമപരമായി നിലനിൽക്കില്ലെന്ന്‌ കോർപറേഷൻ സെക്രട്ടറി മറുപടിയിൽ വ്യക്തമാക്കി. വ്യാജക്കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും മറുപടിയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top