17 December Wednesday

സകലകല 
 മുള

സയൻസൺUpdated: Monday Sep 25, 2023

മനോജ് ദാമോദർ മുളയിൽ നിർമ്മിച്ച സംഗീത ഉപകരണങ്ങൾ

കൽപ്പറ്റ
  മനംകവരും സംഗീതം പൊഴിയുന്നത്  മുളയിൽനിന്നാണ്‌.  ബ്രാന്റഡ്‌ ഉപകരണങ്ങളോട്‌ കിടപിടിക്കുന്ന  സംഗീത ഉപകരണങ്ങൾ മുളയിൽ തീർത്ത്‌ ശ്രദ്ധേയനാവുകയാണ്‌  സംഗീത അധ്യാപകൻ.   ഇരുപതിലധികം ഉപകരണങ്ങളാണ്‌ മനോജ്‌ ദാമോദർ ഇതിനകം നിർമിച്ചത്‌.   വാകേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകൻ മനോജ്‌ കോവിഡിന്റെ അടച്ചിടൽ കാലത്താണ്‌  സംഗീത ഉപകരണ നിർമാണരംഗത്ത്‌ സജീവമാകുന്നത്‌.  മരത്തിൽ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും മുളയിൽ പരീക്ഷണമായിരുന്നു.   ഹാർമോണിയമാണ്‌ ആദ്യം നിർമിച്ചത്‌. ഇതിൽനിന്ന്‌ ലഭിച്ച ശബ്ദമികവ്‌ മറ്റ്‌ സംഗീത ഉപകരണങ്ങളും മുളയിൽ നിർമിക്കാൻ പ്രചോദനമായി.  
 
മൃദംഗത്തിനായുള്ള 
വട്ടംകറങ്ങൽ
പാരമ്പര്യമായി സംഗീത ബന്ധമുള്ള കുടുംബത്തിലെ അംഗമാണ്‌ മനോജ്‌. സംഗീതം പഠിക്കാനായി തൃപ്പൂണിത്തുറ രാധലക്ഷ്‌മിവിലാസം  കോളേജിൽ ചേരുന്നു. ഇവിടെ മൃദംഗത്തിൽ ഗാനഭൂഷണം ഡിപ്ലോമയ്ക്ക്‌  ചേർന്ന്‌ അധികനാൾ കഴിയും മുമ്പ്‌ തന്നെ സ്വന്തമായി  മൃദംഗം വേണമെന്ന ആഗ്രഹം തോന്നി. കോളേജിനടുത്തുള്ള ഒരു കടയിൽ മൃദംഗം നിർമിക്കാനുള്ള മുഴുവൻ പണവും അഡ്വാൻസായി നൽകി.  എന്നാൽ കടക്കാരൻ വല്ലാതെ വട്ടം കറക്കി. ഈ വട്ടം  കറക്കലാണ്‌ ഉപകരണ നിർമാണം പഠിക്കാൻ സഹായകമായത്‌.  മൃദംഗം സമയത്ത്‌ കിട്ടാതായതോടെ കടക്കാരനുമായി ആദ്യം  കയർത്തെങ്കിലും പിന്നീട്‌ സൗഹൃദത്തിലായി. ക്ലാസിന്റെ ഇടവേളകളിൽ കടയിലെ സന്ദർശകനായി. അവിടെയിരുന്ന്‌ സംഗീത ഉപകരണങ്ങളുടെ നിർമാണം കണ്ടു പഠിച്ചു.  
മുഷിപ്പിൽനിന്ന്‌  
മുളയുടെ നാദത്തിലേക്ക്‌ 
കോവിഡ്‌ കാലത്തെ  അടച്ചിടലിനെ തുടർന്നുള്ള മുഷിപ്പിൽ നിന്ന്‌ രക്ഷപ്പെടാൻ  സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ്‌ സംഗീത ഉപകരണ നിർമാണത്തിലേക്ക്‌ തിരിഞ്ഞത്‌. മുളയിൽ പരീക്ഷണമായിരുന്നു. ആദ്യം ഹാർമോണിയമാണ്‌ പണിതത്‌. അതിന്‌ ഒരുമാസമെടുത്തു. പിന്നെ ഗിറ്റാർ, തബല, ദഫ്‌, ഷെയ്‌ക്കർ, റെയിൻമേക്കർ,  ഗഞ്ചിറ, ബാംബു തരംഗ്‌, തമ്പാരീൻ തുടങ്ങി ഇരുപതിലധികം ഉപകരണങ്ങൾ  നിർമിച്ചു.  മുളയിൽ നിർമിച്ച ഉപകരണങ്ങൾക്കെല്ലാം കൃത്യമായ നാദമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഏറ്റവും ശ്രമകരമായ  പിയാനോ നിർമാണത്തിലേക്ക്‌ തിരിഞ്ഞു. ഇത്‌ പൂർത്തിയാക്കാൻ ആറ്‌ മാസം വേണ്ടിവന്നു.  വെയിലേൽക്കാതെ ഉണക്കിയെടുക്കുന്ന ആനമുളയാണ്‌ നിർമാണത്തിന്‌ ഉപയോഗിക്കുന്നത്‌. എളുപ്പത്തിൽ ചീന്തിപ്പോകുമെന്നതിനാൽ ഏറെ ശ്രദ്ധയോടെയായിരുന്നു നിർമാണത്തിന്റെ ഒരോ ഘട്ടവും.  
 
മലമുഴക്കാൻ 
ബാംബുബാന്റ്‌ 
പ്രകൃതിദത്തമായ മുളയിൽ സംഗീത ഉപകരണങ്ങൾ നിർമിക്കാൻ മനോജിന്‌ പിന്തുണയേകിയ ഭവം സൊസൈറ്റിയുടെ  പ്രവർത്തകരായ സുജിത്ത്‌ ഭവവും സൂര്യ ഭവവുമാണ്‌ ഒരു ബാംബുബാന്റ്‌ എന്ന ആശയം മുന്നോട്ട്‌ വെച്ചത്‌. സംഗീത സംവിധായകനായ  പൗലോസ് ജോൺസ് പിന്തുണയുമായി ഒപ്പം നിന്നു.  കോവിഡ്‌ പ്രതിസന്ധി അകന്നതോടെ ബാന്റിന്റെ പ്രവർത്തനം സജീവമായി.   അംഗങ്ങൾ സ്വന്തമായി വരികൾ എഴുതി ചിട്ടപ്പെടുത്തിയും പരമ്പരാഗത വയനാടൻ പാട്ടുകൾക്ക്‌ ശബ്ദമായും ബാന്റിലെ 12 പേർ സംഗീതരംഗത്ത്‌ നിറഞ്ഞു നിൽക്കുന്നു.  ചലച്ചിത്രഗാനങ്ങൾ, ഗസൽ, നാടൻപാട്ട്‌ സ്വയം സൃഷ്ടിച്ച പാട്ടുകൾ എന്നിവയെല്ലാം ചേർത്തിണക്കി മലമുഴക്കി ബാന്റ്‌ രണ്ടര മണിക്കൂർ ബാന്റ്‌ ഷോ  അവതരിപ്പിക്കുന്നുണ്ട്‌.  പിണറായി വിജയൻ സർക്കാരിന്റെ വാർഷിക പരിപാടിയിലുൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ  പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതിസൗഹൃദജീവിതമെന്ന സന്ദേശവുമായാണ്‌ ബാന്റിന്റെ പ്രവർത്തനം. 
 
മൂന്ന്‌ പതിറ്റാണ്ടിന്റെ 
സംഗീതജീവിതം
33 വർഷമായി മനോജ്‌ ദാമോദർ സംഗീത രംഗത്ത്‌ സജീവമായുണ്ട്‌. 2018 മുതൽ വാകേരി എച്ച്‌എസ്‌എസിലെ സംഗീത അധ്യാപകനാണ്‌. വിദ്യാർഥികളിൽ സംഗീത അഭിരുചി വർധിപ്പിക്കാൻ നിരവധി പരിപാടികൾ തയ്യാറാക്കി നടപ്പാക്കുന്നുണ്ട്‌. സംഗീതത്തിനായി   സമർപ്പണം ചെയ്യാൻ പുതിയ തലമുറയിലെ പലരും തയ്യാറാവുന്നില്ലെന്ന്‌  മനോജിന്‌ പരിഭവമുണ്ട്‌. അച്ഛൻ ദാമോദരൻ, അമ്മ മീനാക്ഷി, ഭാര്യ സുമി, മക്കളായ അഭിരാമി, ആര്യ എന്നിവരെല്ലാം മനോജിന്റെ സംഗീത ജീവിതത്തിന്‌ പിന്തുണയുമായുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top